ന്യൂദൽഹി- രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്നു രാജ്യസഭയിൽ അവതരിപ്പിച്ച ബില്ലാണ് 125 നെതിരെ 105 വോട്ടുകൾക്ക് പാസായത്. പ്രതിപക്ഷം കടുത്ത വിയോജിപ്പ് പാർലമെന്റിൽ ഉയർത്തിയെങ്കിലും ചെറുകക്ഷികളുടെ കൂടി പിന്തുണയോടെ ബി.ജെ.പി ബിൽ പാസാക്കി എടുക്കുകയായിരുന്നു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തിലാണ് ആദ്യം വോട്ടെടുപ്പ് നടന്നത്. ഇതിൽ 99 പേർ വേണമെന്നും 124 പേർ വിടേണ്ടതില്ലെന്നും തീരുമാനിച്ചു.
ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും മൃഗീയ ഭൂരിപക്ഷമുള്ളതിനാൽ ബിൽ ലോക്‌സഭയിൽ അനായാസം പാസായിരുന്നു. എന്നാൽ, ലോക്‌സഭയിൽ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു എങ്കിലും രാജ്യസഭയിൽ വോട്ടെടുപ്പിൽ പങ്കെടുക്കാതെ ശിവസേന സഭ ബഹിഷ്‌കരിച്ചു.
വിവാദം ഭയന്ന് സുപ്രധാന തീരുമാനങ്ങൾ എടുക്കാതിരിക്കില്ലെന്ന് അമിത് ഷാ ബില്ലിന്റെ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ചിലതെല്ലാം മാറ്റിപ്പണിയാനാണ് മോഡി സർക്കാർ അധികാരത്തിൽ എത്തിയതെന്നും അമിത് ഷാ വ്യക്തമാക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസ് അവതരിപ്പിച്ച പതിനാല് ഭേദഗതികളും വോട്ടിനിട്ട് തള്ളി.






