Sorry, you need to enable JavaScript to visit this website.
Friday , August   07, 2020
Friday , August   07, 2020

വേണമെങ്കിൽ ജീവിക്കുക, അല്ലെങ്കിൽ മരിക്കുക  

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ പാസാക്കിക്കഴിഞ്ഞു.  ഇന്ത്യാ രാജ്യത്ത് ഭിന്നിപ്പ് സൃഷ്ടിക്കാൻ വഴിയൊരുക്കുന്ന ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചെങ്കിലും അപകടകരമായ വാഗ്വാദങ്ങൾക്കും വാദങ്ങൾക്കുമൊടുവിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ എട്ട് മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ  അർധരാത്രിയോടെയാണ്  പാസാക്കിയെടുത്തത്. വർഗീയ ധ്രുവീകരണവും വില കുറഞ്ഞ രാഷ്ട്രീയ നേട്ടവും ലക്ഷ്യമിട്ടാണ്  ഭരണഘടനാവിരുദ്ധമായ പൗരത്വ നിയമ ഭേദഗതി ബിൽ സർക്കാർ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടുകയും ബില്ലിലെ മതപരമായ പരാമർശങ്ങൾ ഒഴിവാക്കാൻ പ്രതിപക്ഷം നിർദേശിക്കുകയും ചെയ്‌തെങ്കിലും ഭേദഗതികൾ വോട്ടിനിട്ട് തള്ളുകയായിരുന്നു. ഇസ്‌ലാം  ഔദ്യോഗിക മതമായ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ  എന്നീ മൂന്ന് അയൽരാജ്യങ്ങളിലും ന്യൂനപക്ഷങ്ങൾ മതപീഡനം നേരിടുന്നുവെന്നും ഇതേത്തുടർന്ന് ആ രാജ്യങ്ങൾ വിട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകാനാണ് നിയമ ഭേദഗതിയെന്നുമാണ് അമിത് ഷായുടെ ഭാഷ്യം.

 

2014 ഡിസംബർ 31 നു മുമ്പ് ഇന്ത്യയിൽ എത്തി ആറു വർഷം രാജ്യത്ത്  കഴിഞ്ഞവർക്ക് പൗരത്വം നൽകുന്നതിനാണ് ഈ ബിൽ അനുശാസിക്കുന്നത്. 11 വർഷമായി ഇന്ത്യയിൽ കഴിയുന്ന മുസ്‌ലിംകൾ അടക്കമുള്ളവർക്ക് പൗരത്വം ഉറപ്പാക്കുന്ന 1955 ലെ നിയമമാണ് അതിർത്തി രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരിൽ മുസ്‌ലിംകൾ ഒഴിച്ചുള്ളവർക്ക് പൗരത്വം നൽകാൻ  ഇപ്പോൾ ഭേദഗതി ചെയ്തത്. പുതിയ ഭേദഗതി പ്രകാരം ഇത് അഞ്ചു വർഷമായി ചുരുങ്ങുമെന്നതും ഈ ബില്ലിലുള്ള പ്രത്യേകതയാണ്. അഭയാർഥികളെ മുസ്‌ലിം, മറ്റിതരർ എന്നിങ്ങനെ മതാടിസ്ഥാനത്തിൽ വേർതിരിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ച രീതിയല്ല. അസമിൽ പൗരത്വ പട്ടിക  നടപ്പാക്കിയ ഘട്ടത്തിൽ തന്നെ  ഈ വേർതിരിവ് സർക്കാർ അനൗദ്യോഗികമായി നടപ്പാക്കിയിരുന്നു. 


പൗരത്വ ഭേദഗതി ബില്ലും ദേശീയ തലത്തിൽ പൗരത്വ പട്ടിക തയാറാക്കാനുള്ള പ്രവർത്തനവും  ഇന്ത്യയിലെ മുസ്‌ലിം  സമുദായത്തെ ഭീഷണിപ്പെടുത്താനും അസ്ഥിരപ്പെടുത്താനും അപകീർത്തിപ്പെടുത്താനും  ലക്ഷ്യം വെച്ചുള്ളതാണ്. പൗരത്വം തട്ടുകളായി  തിരിക്കുന്ന ഈ പരിപാടി ആധുനിക ജാതി വ്യവസ്ഥയാണെന്നും ഈ നവജാതി ക്രമത്തിൽ മുസ്‌ലിംകളെ പുതിയ ദളിതരായി രൂപപ്പെടുത്തി അവരെ ഭൂരിപക്ഷത്തിന്റെ അടിമകളാക്കി അവരുടെ കരുണാകടാക്ഷത്തിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ട്  വേണമെങ്കിൽ ജീവിക്കുക അല്ലെങ്കിൽ മരിക്കുക എന്ന സംഘപരിവാർ അജണ്ട നടപ്പിലാക്കുകയാണ് ലക്ഷ്യം. 


രാഷ്ട്രീയ, സാമൂഹ്യ സമ്പദ്രംഗങ്ങളിലെല്ലാം ഇത്ര മേൽ ഇരുൾ മൂടിയ കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. 1600 കോടി രൂപ മുടക്കി, 50,000 ഉദ്യോഗസ്ഥരെ അണിനിരത്തി ഒരു തീവ്രയത്ന പരിപാടിയായി അസമിൽ ഓഗസ്റ്റ്  31 ന് പൗരത്വ രജിസറ്റർ നിലവിൽ വന്നപ്പോൾ 19.9 ലക്ഷം പേരാണ് 'ഇന്ത്യക്കാരല്ലാത്തവരും രാഷ്ട്ര രഹിതരുമായി മാറിയത്. ഇവരിൽ ഏറിയ വിഭാഗവും  ബംഗാളി ഹിന്ദുക്കളായിരുന്നു. അവർക്ക് ഇന്ത്യൻ പൗരത്വം നൽകുക എന്ന ഹ്രസ്വ കാര്യപരിപാടി മാത്രമല്ല കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ, പരിഷ്‌കരിച്ച പൗരത്വ ഭേദഗതി ബില്ലിനുള്ളത്. ഈ ബില്ലിന്റെയും 2024 ആകുമ്പോഴേക്കും ദേശവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തിന്റെയും ലക്ഷ്യം മുസ്‌ലിംകളെ മുൾമുനയിൽ നിർത്തി വർഗീയ ധ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കുകയെന്നതാണ്.  പൂർണമായും രാമരാജ്യതിനായുള്ള ഹിന്ദുത്വ വാദികളുടെ ആഗ്രഹത്തിനനുസരിച്ചു രാജ്യത്തെ ചലിപ്പിക്കാനും ലക്ഷഷ്യം വെക്കുന്നുണ്ട്. തീക്ഷ്ണമായ വർഗീയ ധ്രുവീകരണം വഴി അടുത്ത  തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ വരുമെന്നും താൻ തന്നെ പ്രധാനമാന്ത്രിയകുമെന്നും അമിത് ഷാ മധുര സുരഭിലമായ സ്വപ്‌നം ഇപ്പോഴേ കാണുന്നു. ഇന്ത്യ ഹിന്ദു രാഷ്ട്രമാണ് എന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ ഇതിന്റെു കൂടെ ചേർത്തു വായിക്കേണ്ടതുണ്ട്. 


വിഭജന കാലത്തും ബംഗ്ലാദേശ് യുദ്ധകാലത്തുമെല്ലാം അഭയാർഥി പ്രശ്നം വിവേകപൂർവം കൈകാര്യം ചെയ്തതാണ് ഇന്ത്യയുടെ ചരിത്രം. അക്കാലത്തൊന്നും അഭയാർഥികളുടെ മതം നോക്കി പ്രശ്നപരിഹാരം തേടിയിട്ടില്ല. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ജന്മനാടുകളിൽ നിന്ന് തിരസ്‌കരിക്കപ്പെട്ട് അഭയം തേടിയെത്തുന്നവരെ മതത്തിന്റെ പേരിൽ വേർതിരിക്കാൻ തുടങ്ങിയത്. ഇക്കാര്യത്തിനായി സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ചെങ്കിലും തുടർനടപടികൾ പ്രഹസനമാക്കുകയായിരുന്നു. അസം ഒഴികെയുള്ള സംസ്ഥാനങ്ങൾ സന്ദർശിക്കാൻ പോലും സമിതി തയാറായില്ല. അസം സന്ദർശനം തന്നെ കുഴപ്പങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു. മുത്തലാഖ്, കശ്മീരിന് പ്രത്യേക പദവി തുടങ്ങിയ വിഷയങ്ങളിലെന്ന പോലെ പൗരത്വ പ്രശ്നത്തിലും ബി.ജെ.പി സർക്കാർ മുസ്‌ലിം വിരോധം തീർക്കുകയാണ് ചെയ്തത്. അഭയാർഥി പ്രശ്‌നത്തിൽ ദേശീയ നിയമ ഭേദഗതി കൊണ്ടുവരുമ്പോൾ അത് മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിൽ മാത്രമായി പരിമിതപ്പെടുത്തുന്നതിൽ നിന്ന് സർക്കാറിന്റെ ഗൂഢ ലക്ഷ്യം വളരെ വ്യക്തമാണ്.  സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച്  വർഗീയ ധ്രുവീകരണം എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ഭേദഗതി ഭൂരിപക്ഷ ബലത്തിൽ പാസാക്കിയെടുത്തതോടെ വരുംകാലങ്ങളിൽ ബി.ജെ.പിയുടെ അജണ്ട എങ്ങോട്ടൊക്കെ നീങ്ങും എന്നത് ഭീതിയോടെ നോക്കിനിൽക്കേണ്ടിവരും.


വോട്ടിനിട്ടാണ് പൗരത്വ ഭേദഗതി ബില്ലിന് അവതരണാനുമതി നേടിയത്. ഇടതുപക്ഷത്തിന് പുറമെ, കോൺഗ്രസ്, ലീഗ്, ഡി.എം.കെ, ആർ.എസ്പി, എൻ.സി.പി കക്ഷികളാണ് ബില്ലിനെ എതിർക്കുന്നത്. രാജ്യമെങ്ങും പ്രത്യേകിച്ച്,  വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ  ബില്ലിനെതിരെ ഉയരുന്ന പ്രതിഷേധം വകവെക്കാൻ  ബി.ജെ.പി ഒരുക്കമല്ല. ഇന്ത്യയുടെ ബഹുസ്വരതക്കു നേരെ നടത്തുന്ന  ഒടുവിലത്തെ കടന്നാക്രമണമാണ് പൗരത്വ ബിൽ. ഭിന്ന മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സങ്കലനമായ നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ അസ്തിത്വമാണ് ഇല്ലാതാക്കുന്നത്. ഇതിനെതിരായ ചെറുത്തുനിൽപ് പാർലമെന്റിലെ ഇന്നത്തെ അംഗബലം മാത്രം കൊണ്ട് മറികടക്കാൻ കഴിയുന്ന ഒന്നല്ല. ബി.ജെ. പിയുടെ ഇത്തരം അജണ്ടകൾ തിരുത്തിക്കാനുള്ള ജനശക്തിയാണ്  രാജ്യത്ത് ഉയർന്നുവരേണ്ടത്. മതേതര ഇന്ത്യക്കു വേണ്ടി നിലകൊള്ളുന്നവരുടെ ശക്തമായ ആ ഐക്യനിരയാണ് ഈ കാലഘട്ടത്തിൽ രാജ്യം ആവശ്യപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ അനൈക്യവും ശുഷ്‌കിച്ച നേതൃത്വവും ഇക്കാര്യത്തിൽ എത്രത്തോളം പ്രതിരോധം തീർക്കുമെന്നതിൽ സംശയം നിലനിൽക്കുന്നു. 
 

Latest News