ന്യൂദൽഹി- പ്രവാസികൾക്ക് പ്രോക്‌സി വോട്ട് ചെയ്യാനുള്ള തീരുമാനം ഒഴിവാക്കണമെന്നും പകരം എംബസികളിൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും സി.പി.എം. പ്രോക്‌സി വോട്ട് ഏർപ്പെടുത്താനുള്ള തീരുമാനം തെറ്റാണെന്നും ഇത് പണാധിപത്യത്തിന് വഴിവെക്കുമെന്നും സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അതാത് രാജ്യത്തെ ഇന്ത്യൻ എംബസികളിലാണ് പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തേണ്ടതെന്നും യെച്ചൂരി വ്യക്തമാക്കി.
വിദേശത്ത് കഴിയുന്ന ഇന്ത്യക്കാർക്ക് വോട്ടവകാശം വിനിയോഗിക്കാൻ കഴിയുന്ന വിധം പ്രോക്‌സി വോട്ടിംഗ് അനുവദിക്കാനുള്ള നിർദേശം ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യും. നിലവിൽ സൈനികർക്ക് മാത്രമാണ് പ്രോക്‌സി വോട്ട് അനുവദിക്കുന്നത്. വോട്ടർക്കുവേണ്ടി അവർ നിയോഗിക്കുന്ന മറ്റാരെങ്കിലും വോട്ട് ചെയ്യുന്ന സമ്പ്രദായമാണ് പ്രോക്‌സി വോട്ട്.
പ്രവാസി വോട്ടവകാശം സംബന്ധിച്ച് സുപ്രീം കോടതി ഈയിടെ കേന്ദ്ര സർക്കാരിന് കർശനമായ നിർദേശം നൽകിയിരുന്നു. മുൻപ് പലപ്പോഴും നൽകിയ നിർദേശങ്ങൾ കേന്ദ്രം വേണ്ടത്ര ഗൗനിക്കാത്ത പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ഇടപെടൽ. പ്രവാസികൾക്ക് വോട്ട് അനുവദിക്കാനുള്ള മാർഗം സർക്കാർ നിർദേശിക്കുന്നില്ലെങ്കിൽ അക്കാര്യം സുപ്രീം കോടതിക്ക് തീരുമാനിക്കേണ്ടി വരുമെന്നും ഉത്തരവിൽ വ്യക്തമാക്കി.
ഇതേത്തുടർന്ന് കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനാണ് ഇന്നലെ മന്ത്രിസഭാ യോഗം അനുമതി നൽകിയത്.
വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ വോട്ട് ചെയ്യുക, ഓൺലൈൻ വോട്ട് ഏർപ്പെടുത്തുക, പ്രോക്‌സി വോട്ടിംഗ് അനുവദിക്കുക തുടങ്ങിയ വിവിധ നിർദേശങ്ങളാണ് സുപ്രീം കോടതിക്ക് മുന്നിൽ വന്നത്. ഇതിൽ പ്രോക്‌സി വോട്ടിംഗിനെയാണ് കേന്ദ്രസർക്കാർ അനുകൂലിക്കുന്നത്. 2003 ൽ ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതിയിലൂെടയാണ് പ്രോക്‌സി വോട്ടിംഗ് സൈനികർക്ക് നടപ്പാക്കിയത്.
നിലവിൽ പ്രവാസികൾക്ക് അവരുടെ മണ്ഡലങ്ങളിൽ വോട്ടു ചെയ്യാൻ വിലക്കില്ല. എന്നാൽ ഇതിനായി വോട്ടർ പട്ടികയിൽ പേരുചേർക്കൽ അടക്കമുള്ള നടപടിക്രമങ്ങളുണ്ട്. പാസ്‌പോർട്ട് ഹാജരാക്കുകയും വേണം. ഇത് നിലനിർത്തിക്കൊണ്ടുതന്നെ പ്രോക്‌സി വോട്ട് കൂടി അനുവദിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
പ്രവാസി വോട്ട് സംബന്ധിച്ച കാര്യം പരിഗണിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിദഗ്ധ കമ്മിറ്റി 2015 ൽ പ്രവാസികൾക്ക് പ്രോക്‌സി വോട്ട് അനുവദിക്കുന്നത് സംബന്ധിച്ച നിയമ ചട്ടക്കൂട് തയാറാക്കി കൈമാറിയിരുന്നു. ഇത് അനുസരിച്ചുള്ള ഭേദഗതിയാണ് ജനപ്രാതിനിധ്യ നിയമത്തിൽ വരാൻ പോകുന്നത്.
വോട്ട് ചെയ്യുന്നതിനായി ഇന്ത്യയിലേക്ക് വരുന്നതിനുള്ള ഭീമമായ ചെലവ് താങ്ങാനാകാത്തതിനാൽ, നേരത്തെ അനുവദിച്ച രീതിയിൽ പ്രവാസി വോട്ട് പ്രായോഗികമായിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 12,000 നകത്ത് പ്രവാസികൾ മാത്രമാണ് ഇപ്രകാരം വോട്ട് ചെയ്തത്. ഇതിനായി ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർക്ക് മുൻകൂറായി അപേക്ഷ നൽകുകയും വോട്ടിംഗ് വേളയിൽ പാസ്‌പോർട്ട് ഹാജരാക്കുകയും ചെയ്യേണ്ടിയിരുന്നു.
നിർദിഷ്ട ഭേദഗതിയിൽ പ്രവാസികൾക്ക് നേരിട്ട് വോട്ടു ചെയ്യാൻ കഴിയില്ലെങ്കിൽ അവർ വോട്ടർ പട്ടികയിലുള്ള മണ്ഡലത്തിൽ പ്രതിനിധികളെ നിയോഗിച്ച് വോട്ടു രേഖപ്പെടുത്താനുള്ള അവസരം നൽകും. പ്രോക്‌സി വോട്ട് ചെയ്യാൻ ചുമതലപ്പെടുത്തുന്നയാളും അതേ മണ്ഡലത്തിലായിരിക്കണമെന്നും നിർദേശമുണ്ട്. വോട്ട് രേഖപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ തെരഞ്ഞെടുപ്പിന് ആറുമാസം മുൻപ് റിട്ടേണിങ്ങ് ഓഫീസർക്ക് അപേക്ഷ നൽകണം.