Sorry, you need to enable JavaScript to visit this website.
Friday , August   07, 2020
Friday , August   07, 2020

ഇനി പഠനോത്സവം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ 4ാമത് അക്കാദമിക വർഷമാണ് 2019-20. ഈ അക്കാദമിക വർഷത്തെ ശാസ്‌ത്രോത്സവവും കായികോത്സവവും കലോത്സവവും വിജയകരമായി പൂർത്തിയായി. നിരവധി പ്രത്യേകതകളോടു കൂടിയാണ് ഈ ഉത്സവങ്ങൾ സമാപിച്ചത്. അതിലേറ്റവും പ്രധാനപ്പെട്ടത് ജനകീയതയാണ്. എല്ലാ ഉത്സവങ്ങൾക്കും തുടർച്ചയുണ്ടാകുന്നു എന്നതാണ് മറ്റൊന്ന്. 
ശാസ്‌ത്രോത്സവത്തിൽ നിന്ന് ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ശാസ്ത്ര പഠനത്തിന്റെ പ്രധാന ലക്ഷ്യം ശാസ്ത്ര ബോധം വളർത്തുക എന്നതാണ്. അതിലൂടെ മാത്രമേ അന്ധവിശ്വാസങ്ങളെ അകറ്റാൻ നമുക്ക് കഴിയൂ, നവോത്ഥാനത്തിലേക്ക് നീങ്ങാൻ കഴിയൂ. ഈ വർഷത്തെ ശാസ്‌ത്രോത്സവത്തിൽ നിന്ന് 30 പ്രതിഭകളെ കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് ഏറ്റവും പ്രഗത്ഭരായവരെ കണ്ടെത്തുവാനുള്ള ശ്രമം നടക്കുകയാണ്. വിദഗ്ധരായ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ ശാസ്ത്രാന്വേഷണ തൽപരരായ 6 പ്രതിഭകളെ കണ്ടെത്തും. അവർക്ക് കൈരളി യുവശാസ്ത്രജ്ഞ പുരസ്‌കാരം നൽകും. 


പ്രധാന ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഇവരെ വളർത്തും. കേരളത്തിൽ നിന്ന് കൂടുതൽ ശാസ്ത്രജ്ഞരും ആശയങ്ങളും ഭാവിയിൽ ഉണ്ടാകണമെന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആഗ്രഹം. ആധുനിക വൈജ്ഞാനിക മണ്ഡലത്തിലേക്കുള്ള കേരളത്തിന്റെ സംഭാവന ഇനിയും വർധിപ്പിക്കണം. 
നാളത്തെ തൊഴിൽ മേഖല വൈജ്ഞാനിക മണ്ഡലമാണ്. 
കായികോത്സവത്തിനും ഇതേ രീതിയിൽ ഒരു തുടർച്ച പ്രതീക്ഷിക്കുന്നു. കായിക വകുപ്പിന്റെ നേതൃത്വത്തിൽ ഒരു പ്രതിഭാ ടീം കായികോത്സവം സശ്രദ്ധം നിരീക്ഷിച്ചിരുന്നു. അവർ പത്തിൽ താഴെ പ്രതിഭകളെ കണ്ടെത്തിയിട്ടുണ്ട്. വിവിധ മേഖലകളിലെ പ്രതിഭകളെ കായിക വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി അന്താരാഷ്ട്ര നിലവാരമുള്ളവരാക്കി മാറ്റും. 
കായികോത്സവത്തിനു ശേഷം ഇത്തരം ഒരു തുടർച്ചയുണ്ടാകുന്നത് ചരിത്രത്തിൽ ആദ്യമായാണ്. സാധ്യതകൾ പരിശോധിച്ചാൽ കായിക ലോകത്തിൽ കേരളത്തിന് ഇന്നത്തേക്കാൾ കൂടുതൽ പങ്കാളിത്തത്തിന് സാധ്യതയുണ്ട്. അത് നേടിയെടുക്കണം. കായിക ലോകത്ത് കേരളം നിറഞ്ഞു നിൽക്കണം. കായികോത്സവത്തെ അതിന്റെ ആദ്യ പടിയായി കാണുന്നു.


കലോത്സവത്തിനും ഇതേ രീതിയിൽ ഒരു തുടർച്ച ഉണ്ടാകണമെന്നാഗ്രഹിക്കുന്നു. കലോത്സവത്തിലെ വിവിധ ഇനങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ  വിദ്യാഭ്യാസ വകുപ്പ് സൂക്ഷ്മ നിരീക്ഷണം നടത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രഗത്ഭരായ പത്തിൽ താഴെ കുട്ടികളെ തെരഞ്ഞെടുത്ത് സാഹിത്യ, സംഗീത, ലളിതകലാ അക്കാദമികളുടെ സഹകരണത്തോടെ വിശ്വ കലാകാരൻമാരാക്കി മാറ്റുവാനാണ് ശ്രമം. സാംസ്‌കാരിക മേഖലയിലെ വളർച്ചയാണ് എല്ലാ വളർച്ചകളുടെയും ഭൂമിക എന്നത് ഈ ശ്രമത്തിന്റെ സർഗ പ്രചോദനമാണ്.
സർഗ പ്രതിഭകളെ ഇത്തരം വേദികളിൽ വെച്ചു മാത്രമല്ല അന്വേഷിക്കുന്നത്. ടാലന്റ് ലാബ് എന്ന സങ്കൽപം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുന്നോട്ടു വെച്ച ഏറ്റവും നൂതനമായ ആശയമാണ്. അധ്യാപകരും മാതാപിതാക്കളും കുട്ടിയെന്താണ് എന്ന് നിരന്തരമായി നിരീക്ഷിക്കണം എന്നതാണ് ഈ സങ്കൽപത്തിന്റെ ആശയം. ആ നിരീക്ഷണം അന്വേഷണത്തിലേക്കും കുട്ടിയുടെ യഥാർത്ഥ ജന്മവാസനയിലേക്കുമെത്തും. അതാണ് ആ കുട്ടിയുടെ യഥാർത്ഥ വളർച്ചയുടെ ഉറവിടം. ജന്മശേഷിയെ വികസിപ്പിച്ചാൽ നമ്മുടെ അടുത്ത തലമുറ ലോക നിലവാരമുള്ളവരാകും. ജന്മശേഷിയുടെ പൂർണതയാണ് വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യം.
ഈ നൈസർഗിക പ്രക്രിയകളൊക്കെ നടക്കേണ്ടത് ജനകീയ ഭാവത്തിലാണ് എന്നതാണ് ഏറ്റവും പ്രത്യേകത. അന്വേഷണവും നിരീക്ഷണവും ബ്യൂറോക്രാറ്റിക് ആകരുത്. അത് പൂർണമായും സുതാര്യമായിരിക്കണം. അതാണ് ജനകീയതയുടെ ഗുണവും. മാത്രവുമല്ല, മറ്റു മനസ്സുകളുമായി പങ്കുവെക്കുവാനുള്ള അവസരങ്ങൾ കൂടുതൽ ഉണ്ടാകുന്നത് ജനകീയ ഇടപെടലുകളിലാണ്. ഈ ആശയ പശ്ചാത്തലത്തിലാണ് കലാകായിക ശാസ്‌ത്രോത്സവങ്ങളെ പരമാവധി ജനകീയമാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചത്. ജനകീയ വിദ്യാഭ്യാസത്തിന്റെ ദാർശനിക തലം കൂടിയാണ് അത്. ആവാസ വ്യവസ്ഥക്കനുസരിച്ച് മനസ്സുകളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യമാണ് പൊതുവിദ്യാഭ്യാസത്തിനുള്ളത്.


കാഞ്ഞങ്ങാട് കലോത്സവം ഈ സങ്കൽപത്തിൽ ഉത്തമ  മാതൃകയാണ്. കലാമേള കലോത്സവമായി എന്ന് തൃശൂരും ആലപ്പുഴയും പഠിപ്പിച്ചു. അത് ജനകീയ കലോത്സവമായി എന്ന് കാഞ്ഞങ്ങാട് പഠിപ്പിച്ചു. പണ്ട് സ്‌കൂളിൽ നിന്ന് ലോഡ്ജിലേക്കും തുടർന്ന് വേദിയിലേക്കും എത്തി പരിപാടി അവതരിപ്പിച്ച് യാന്ത്രികമായി തിരിച്ച് പോകുകയായിരുന്നു. പക്ഷേ കാഞ്ഞങ്ങാട്ട് കുട്ടികൾ എത്തിയത് വീടുകളിലേക്കാണ്. ഹൃദയം ഹൃദയത്തോട് സംസാരിക്കുന്ന അനുഭവങ്ങൾ അവരുടെ കലാഹൃദയത്തെ പരിപോഷിപ്പിച്ചു. 
വൈവിധ്യമായ ഭാഷകൾ, ഭക്ഷണ ശീലങ്ങൾ ഇവയെല്ലാം പരിചയപ്പെടുവാൻ അവസരമുണ്ടായി. ആ കുടുംബമടക്കം അവർ കലാവേദിയിലെത്തി പരിപാടി അവതരിപ്പിച്ചു. തിരിച്ച് അതേ വീട്ടിൽ തന്നെ വന്ന് ഭക്ഷണം കഴിച്ച് അനുഭവങ്ങൾ പങ്കിട്ടു. ഇതിലും നല്ല പാഠമെന്താണ്. 
ജനകീയതയിൽ നിന്നു മാത്രം ഉയരുന്ന സങ്കൽപം. അതുകൊണ്ടു തന്നെ കൊല്ലം കലോത്സവം ലോകത്തെ ഏറ്റവും വലിയ ഗ്രാമോത്സവമാക്കി മാറ്റണമെന്നാഗ്രഹിക്കുന്നു. ജനങ്ങൾ ഉള്ളുണർന്ന് സ്വീകരിക്കുന്നതും നടപ്പിലാക്കുന്നതുമായ കലോത്സവമാകണം അത്. എങ്കിൽ സമൂഹത്തിന് ലഭിക്കുന്ന അതിമനോഹരമായ സാംസ്‌കാരിക പാഠമാകുമത്. മുന്നൊരുക്കങ്ങളിലെ കൂട്ടായ്മക്കായി അഭ്യർത്ഥിക്കുന്നു. 


ഉത്സവങ്ങളെ മേളകളാക്കുവാനും മേളകളെ കമ്പോളവൽക്കരിക്കുവാനുമുള്ള ശ്രമങ്ങളാണ് ലോകം മുഴുവൻ നടക്കുന്നത്. അതിലൂടെ ഗ്രാമീണതയും സർഗ തനിമകളും ആവാസ വ്യവസ്ഥാധിഷ്ഠിതമായ വികസന സങ്കൽപങ്ങളും താളം തെറ്റും. അതു തന്നെയാണ് കമ്പോളത്തിന്റെ ലക്ഷ്യവും. ധനികർക്കു മാത്രം എല്ലാം നേടിയെടുക്കുവാൻ പറ്റുന്ന സാമൂഹിക സാംസ്‌കാരിക സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കുവാനാണ് ശ്രമം നടക്കുന്നത്. ഇത് പാർശ്വവൽക്കരണത്തിന് വഴിയൊരുക്കും. ഈ അപകടത്തെ ചെറുത്തു തോൽപിക്കുവാനുള്ള ഒരു മാതൃക സൃഷ്ടിക്കുക എന്നതാണ് ജനകീയവൽക്കരണത്തിന്റെ മുഖ്യ ലക്ഷ്യം. എത്ര കണ്ട് ജനങ്ങളിലേക്കിറങ്ങി നിൽക്കുന്നുവോ അത്ര കണ്ട് പിഴുതെടുക്കുവാൻ ബുദ്ധിമുട്ടുണ്ടാകും. ഒരു ജനതയുടെ തനത് സങ്കൽപങ്ങളെ മനസ്സിലുറപ്പിച്ചു നിർത്തുവാനുള്ള ശ്രമമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നടക്കുന്നത്. ഈ ലക്ഷ്യത്തിലാണ് കലോത്സവ മാന്വൽ സമഗ്രമായി പരിഷ്‌കരിച്ചത്. ജനകീയ മാന്വലാക്കി മാറ്റിയതാണ് ഈ വിജയത്തിന്റെ ഒരു പ്രധാന ശക്തി. ഇനിയും ആവശ്യമായ മാന്വൽ പരിഷ്‌കരണം നടത്തും. ലോകത്തിന് മാതൃകയായ സാംസ്‌കാരിക വിനിമയ പരിപാടിയായി കൊല്ലം കലോത്സവം മാറണം. അടുത്ത വർഷത്തെ ശാസ്‌ത്രോത്സവത്തിന്റെ ജനകീയത മറ്റൊരു അനുഭവമാകണം.
    ഇനി നമുക്ക് ഒരുത്സവവും കൂടി വിജയിപ്പിക്കണം. അതു പഠനോത്സവമാണ്. ചരിത്രത്തിലാദ്യമായാണ് ഡിസംബർ 1 ന് എല്ലാ അക്കാദമിക ഇതര ഉത്സവങ്ങളും സമാപിക്കുന്നത്. ജൂൺ 1 ന് മുൻപു തന്നെ ഈ വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളുടെയും കലണ്ടർ തയാറാക്കിയിരുന്നു. അവയെല്ലാം ഒരുവിധം കാലത്തിനനുസരിച്ച് പൂർത്തിയാക്കുവാൻ ഈ വർഷം കഴിഞ്ഞു. ഇനി നാലു മാസം കൂടി ബാക്കിയുണ്ട്. ക്രിസ്മസ്, മോഡൽ പരീക്ഷകളടക്കം മൂന്ന് പരീക്ഷകളുമുണ്ട്. 


അതിനിടയിൽ ഗ്രാമീണ മേഖലകളിൽ മുഴുവൻ സ്‌കൂളുകളിലെയും കുട്ടികളുടെ പഠന ശേഷി തെളിയിക്കുന്ന, പ്രകടിപ്പിക്കുന്ന പഠനോത്സവങ്ങളുമുണ്ട്. എല്ലാം ചേർന്ന സമ്പൂർണ പഠനോത്സവം ഏറ്റവും പ്രബുദ്ധമാക്കുവാൻ ജനത മുഴുവൻ ഒന്നിക്കണം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നാലാം വർഷം ഉത്സവങ്ങളുടെ അക്കാദമിക വർഷമാകട്ടെ  എന്നാഗ്രഹിക്കുന്നു. സമൂഹത്തിന്റെ പ്രതീക്ഷ മുഴുവൻ പൊതുവിദ്യാഭ്യാസ രംഗത്തെ അധ്യാപകരിലാണ്. ആ പ്രതീക്ഷക്കൊത്ത് ഉയരുവാൻ വേണ്ടി സമഗ്രമായ തയാറെടുപ്പിലാണ് പൊതുവിദ്യാഭ്യാസ രംഗത്തെ അധ്യാപകർ എന്നത് ശ്രദ്ധേയമാണ്.
ക്ലാസുകളിൽ പോലും ലൈബ്രറികൾ ഒരുക്കിക്കൊണ്ട് അറിവിന്റെ ലോകം കുട്ടിയുടെ മുന്നിൽ തുറന്നു കൊടുക്കുവാനുള്ള അധ്യാപകരുടെ ശ്രമത്തെ പ്രോത്സാഹിപ്പിക്കണം. ഇതിലൂടെ അനന്യമായൊരു ജനകീയ വിദ്യാഭ്യാസ മാതൃക നമുക്ക് തീർക്കാം. ജനകീയ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി കേരളം മാറണം. ഇത് നാളെയുടെ അനുകരണീയമായ വിദ്യാഭ്യാസ മാതൃക കൂടിയാകണം.

Latest News