Sorry, you need to enable JavaScript to visit this website.

ഇത് ഭേദഗതി ബില്ലല്ല, പൗരത്വ 'വിവേചന'  ബിൽ 

ഈ വർഷത്തെ മനുഷ്യാവകാശ ദിനം ഇന്ത്യൻ ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്നത് ലോകം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനങ്ങളിൽ ഒന്നിന്റെ പേരിലായിരിക്കും. ഒരു ജനാധിപത്യ - മതേതര രാജ്യത്ത് മതത്തിന്റെ പേരിൽ വിവേചനം കൽപിക്കുന്ന ഒന്നാണ് പൗരത്വ ഭേദഗതി ബില്ലെന്ന പേരിൽ ലോക്‌സഭ പാസാക്കിയിരിക്കുന്നത്. നാളെ രാജ്യസഭയിൽ അവതരിപ്പിക്കാൻ പോകുന്നത്.  ബിൽ മുസ്‌ലിംകൾക്ക് എതിരല്ലെന്നും നുഴഞ്ഞുകയറ്റക്കാരെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നുമുള്ള കേന്ദ്ര സർക്കാർ വിലപാട് വസ്തുതാവിരുദ്ധമാണെന്നു മനസ്സിലാക്കാൻ സാമാന്യബുദ്ധി മാത്രം മതി.  കോൺഗ്രസ് മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചതുകൊണ്ടു മാത്രമാണ് ഈ ഭേദഗതി വേണ്ടിവന്നതെന്നാണ് ഇന്ത്യയിലെ ഫാസിസ്റ്റ് രഥത്തിനു ചുക്കാൻ പിടിക്കുന്ന  അമിത് ഷാ പറയുന്നത്. 
മതപീഡനത്തെത്തുടർന്ന് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നു 2014 ഡിസംബർ 31 നു മുമ്പ് ഇന്ത്യയിലെത്തിയ മുസ്‌ലിം ഇതര മതസ്ഥർക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നത് എളുപ്പമാക്കുന്നതാണ് നിയമ ഭേദഗതി. ഈ രാജ്യങ്ങളിൽ ന്യൂനപക്ഷമായ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ മതക്കാർക്കാണ് ഭേദഗതിയുടെ ആനുകൂല്യം ലഭിക്കുക. ഇതു കടുത്ത മുസ്‌ലിം വിവേചനമാണെന്നതിൽ എന്താണ് സംശയം? നിലവിൽ തന്നെ രാജ്യത്തെ പൗരന്മാരായ മുസ്‌ലിംകളെ കുടിയേറ്റക്കാരാണ് എന്ന് ആരോപിച്ച് നിലവിലെ പൗരത്വം ഇല്ലാതാക്കാനുള്ള ഗൂഢനീക്കം കൂടിയാണ്. ഇതിനായി അസമിൽ നടപ്പാക്കിയ മോഡലിലുള്ള പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കാനൊരുങ്ങുകയാണ്. 
നിർഭാഗ്യവശാൽ മഹാരാഷ്ട്രയിൽ കേൺഗ്രസിനൊപ്പം ഭരണത്തിലിരിക്കുന്ന ശിവസേനയടക്കം ബിജു ജനതാദൾ, അണ്ണാ ഡി.എം.കെ, ടി.ഡി.പി,  വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളെല്ലാം ബില്ലിനെ അനുകൂലിച്ചു. കോൺഗ്രസ്, സി.പി.ഐ, സി.പി.എം, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, മുസ്‌ലിം ലീഗ്, ഡി.എം.കെ, സമാജ്‌വാദി പാർട്ടി തുടങ്ങിയവർ ബിൽ അവതരണത്തെ എതിർത്തു. അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. അവിടങ്ങളിൽ ബി.ജെ.പിയിലും ബില്ലിനെതിരെ എതിർപ്പുണ്ട്. അസമിൽ ബന്ദ് നടക്കുന്നു. താൻ ജീവിച്ചിരിക്കുമ്പോൾ ബംഗാളിൽ ഇതു നടപ്പാകില്ലെന്നു മമതാ ബാനർജി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് സർക്കാറിന്റെ നിലപാടും അതാണ്. രാജ്യസഭയിൽ എന്താണ് സംഭവിക്കുക എന്നത് പ്രവചനാതീതമാണ്.
ഇന്ത്യൻ പൗരത്വ നിയമം അനുസരിച്ച് പൗരത്വം ലഭിക്കുന്നത് ഇപ്രകാരമാണ്. 
• 1950 ജനുവരി 26 നോ ശേഷമോ രാജ്യത്ത് ജനിച്ചവരെല്ലാം ഇന്ത്യൻ പൗരന്മാരാണ്.
• ഒരു കുട്ടി വിദേശത്താണ് ജനിക്കുന്നതെങ്കിൽ പോലും ആ സമയത്ത് മാതാപിതാക്കളിൽ ഒരാൾക്ക് ഇന്ത്യൻ പൗരത്വം ഉണ്ടെങ്കിൽ ആ കുട്ടിയും ഇന്ത്യൻ പൗരൻ ആണ്.
• ഇന്ത്യക്കാരെ വിവാഹം ചെയ്യുന്നവരുൾപ്പെടെയുള്ള വിവിധ ജനവിഭാഗങ്ങളിൽ പെടുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷ നൽകിയും പൗരത്വം നേടാം.
• വിദേശികൾക്കും ഇന്ത്യാ ഗവണ്മെന്റിനോട് അപേക്ഷിച്ച് പൗരത്വം നേടാം.
• ഏതെങ്കിലും ഭൂപ്രദേശം ഇന്ത്യയോടു കൂടി ചേർക്കുകയാണെങ്കിൽ അവിടെ ജീവിക്കുന്നവർ സ്വാഭാവികമായി ഇന്ത്യൻ പൗരന്മാരാകും.
ഇത്തരത്തിൽ മതപരമായ യാതൊരു പരിഗണനയുമില്ലാതെ പൗരത്വം നിലനിൽക്കുന്നിടത്താണ് അതിലേക്ക് മതത്തെ വലിച്ചിഴക്കുന്നതും ഒരു വിഭാഗത്തെ അപരരാക്കുന്നതും.  വിചാര ധാരയിലൂടെ പ്രഖ്യാപിത ശത്രുവാക്കിയ വിഭാഗങ്ങളിൽ പ്രധാനമാണല്ലോ മുസ്‌ലിംകൾ. ചാനലുകളിൽ വന്നിരുന്ന് ഈ നീക്കത്തെ ന്യായീകരിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത് പല മതരാഷ്ട്രങ്ങളിലും നടക്കുന്ന അന്യായങ്ങളെയാണ്. എന്നാലിവർ മറച്ചുവെക്കുന്നത് ഇന്ത്യ മതേതര രാജ്യമാണെന്നതാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്താകണമെന്ന ചോദ്യത്തിന്  അന്നത്തെ നേതാക്കൾ കണ്ടെത്തിയ ഉത്തരങ്ങളിൽ പ്രധാനമായിരുന്നു ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും സാമൂഹ്യ നീതിയുമൊക്കെ. 
അതൊക്കെ നമ്മുടെ ഭരണഘടനയിൽ തന്നെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. അതാണ് ഇന്ന് അട്ടിമറിക്കപ്പെടുന്നത്. അന്നേ ഭരണഘടനയും ബഹുസ്വരതയും മതേതരത്വവുമൊന്നും അംഗീകരിക്കാതെ, ഹിന്ദുത്വ രാഷ്ട്രം കിനാവു കണ്ടിരുന്ന ശക്തികളിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കുക? മുസ്‌ലിംകൾക്കു മാത്രമല്ല, ദളിതർക്കും ആദിവാസികൾക്കും സ്ത്രീകൾക്കും തുല്യത കൽപിക്കാത്ത ഒന്നാണ് ഇവർ വിഭാവനം ചെയ്യുന്ന വർഗീയ രാഷ്ട്രമെന്നത് പ്രകടമാണ്. അതിന്റെ ഭരണഘടന മനുസ്മൃതിയായിരിക്കും. 
ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ ലാഘവത്തിലാണ് ഇതും നടപ്പാക്കാനൊരുങ്ങുന്നത്. മതേതര രാജ്യം എന്ന നിലയിലുള്ള ഇന്ത്യയുടെ പൗരത്വം എന്ന ഭരണഘടനാ ആശയത്തെ സമ്പൂർണമായി ലംഘിക്കുന്ന വംശീയ വിവേചനമാണ്  ഈ ഭേദഗതി. നിർഭാഗ്യവശാൽ ഇന്ത്യ എന്ന സ്വതന്ത്ര മതേതര ജനാധിപത്യ റിപ്പബ്ലിക് ഇല്ലാതാകുന്ന ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തിൽ നിന്നോ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നോ ഉണ്ടാകുന്നില്ല. അതിനാൽ തന്നെ വരാൻ പോകുന്നത് ഇതിലും വലിയ മഹാദുരന്തങ്ങളായിരിക്കും എന്നതിൽ സംശയം വേണ്ട.
 

Latest News