ലോകത്തെ ഏറ്റവും പുതിയ രാജ്യമാകാനൊരുങ്ങി ബൊഗന്‍വില്‍; അറിയേണ്ടതെല്ലാം

ബുക്ക- സൗത്ത് പസഫിക് ദ്വീപ് സമൂഹമായ ബൊഗന്‍വില്‍ ഇനി ലോകത്തെ ഏറ്റവും പുതിയ സ്വതന്ത്ര രാജ്യമായി അറിയപ്പെടും. പപുവ ന്യൂ ഗിനിയില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന ആവശ്യത്തെ പിന്തുണച്ച് ബൊഗന്‍വില്‍ നിവാസികള്‍ വന്‍തോതിലാണ് വോട്ടു ചെയ്തത്. ഒരുപറ്റം ദ്വീപുകള്‍ അടങ്ങിയതാണ് ബൊഗന്‍വില്‍. ബുക്ക ദ്വീപിലെ ബുക്ക ടൗണ്‍ ആണ് തലസ്ഥാനം. സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ഇവിടെയാണ്. ആകെ ജന സംഖ്യ മൂന്ന് ലക്ഷത്തോളം വരുമെന്നാണ് കണക്ക്. ബുക്കയ്ക്കു ബൊഗന്‍വില്‍ ദ്വീപിലെ അറാവ, ബുയിന്‍ എന്നിവയാണ് പ്രധാന ടൗണുകള്‍. ജനങ്ങള്‍ കൂടുതലായും പാര്‍ക്കുന്നത് ഗ്രാമങ്ങളിലാണ്. 2011ലെ സെന്‍സസ് പ്രകാരം ബൊഗന്‍വില്ലിലെ ജനസംഖ്യ 2,49,358 ആണ്.

സ്വാതന്ത്ര്യത്തിനായുള്ള ഹിത പരിശോധനയില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ വോട്ടു ചെയ്തു. മെലനേഷ്യന്‍ വംശജരാണ് ഇവിടുത്തുകാര്‍. പപുവ ന്യൂ ഗിനി ഇംഗ്ലീഷ് മിശ്രഭാഷയായ ടോക് പിസിന്‍ ആണ് പ്രാദേശിക ഭാഷ. കൂടാതെ 19 തദ്ദേശീയ ഭാഷകളും ഈ കൊച്ചു ദ്വീപുകൂട്ട രാജ്യത്തുണ്ട്.

Image result for Bougainville

പ്രധാന ദ്വീപായ ബൊഗന്‍വില്‍ 1768ല്‍ ഇവിടെ എത്തിയ ഫ്രഞ്ച് നാവികന്‍ ലൂയി ആന്റണി ബൊഗന്‍വില്ലിന്റെ പേരിലാണ് അറിയപ്പെടുന്നത്. 19ാം നൂറ്റാണ്ടില്‍ ജര്‍മനി ബൊഗന്‍വില്ലിനെ കോളനിയാക്കി. രണ്ടാം ലോക യുദ്ധ കാലത്ത് ജപാന്‍ ഈ ദ്വീപിനെ ഒരു സൈനിക താവളമാക്കി ഉപയോഗിച്ചിരുന്നു. 1975ല്‍ പപുവ ന്യൂ ഗിനി സ്വതന്ത്രമാകുന്നതു വരെ ഓസ്‌ട്രേലിയയുടെ ഭരണത്തിനു കീഴിലായിരുന്നു ബൊഗന്‍വില്‍.

Image result for Bougainville

ചെമ്പു ഖനനമാണ് ബൊഗന്‍വില്ലയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ്. ആഗോള ഖനന ഭീമനായ റിയോ ടിന്റോയുടെ സഹസ്ഥാപനമായ ബൊഗന്‍വില്‍ കോപ്പര്‍ ലിമിറ്റഡ് 1969ല്‍ ഇവിടെ ഖനനം ആരംഭിച്ചു. ഇവിടെ നിന്നുള്ള ലാഭത്തെ ചൊല്ലിയായി പിന്നീട് തര്‍ക്കം. ലാഭം പങ്കുവെക്കണമെന്ന ആവശ്യം ശക്തമാകുകയും ഈ തര്‍ക്കം പിന്നീട് ആഭ്യന്തര യുദ്ധമായി മാറുകയും ചെയ്തതോടെ 1989ല്‍ റിയോ ടിന്റൊ ബൊഗന്‍വില്‍ വിട്ടു. ഈ കാലത്ത് പപുവ ന്യൂ ഗിനിയുടെ ഏറ്റവും വലിയ കയറ്റുമതി വരുമാന സ്രോതസ്സായിരുന്നു ഇവിടെ നിന്നുള്ള ചെമ്പു കയറ്റുമതി. ലോകത്തെ മൊത്തം ചെമ്പു ഉല്‍പ്പാദനത്തിന്റെ ഏഴു ശതമാനമായിരുന്നു ഇത്. ഖനനത്തെ ചൊല്ലി ബൊഗന്‍വില്‍ വിമത ഗറില്ലാ സേനയും പപുവ ന്യൂ ഗിനി സേനയും തമ്മില്‍ നീണ്ടു നിന്ന് പൊരിഞ്ഞ യുദ്ധത്തില്‍ 20,000 പേരാണ് കൊല്ലപ്പെട്ടത്. രണ്ടാം ലോക യുദ്ധത്തിനു ശേഷം ഇവിടെ ഉണ്ടായ ഏറ്റവും വലിയ സംഘര്‍ഷമാണിത്. 

സ്വതന്ത്ര രാജ്യമായതോടെ ബൊഗന്‍വില്ലയുടെ വരുമാനം എന്താകുമെന്നതു സംബന്ധിച്ച് അവ്യക്തതയുണ്ട്. ഇപ്പോള്‍ പപുവ ന്യൂ ഗിനിയുടെ സാമ്പത്തിക സഹായത്തെ ആശ്രയിച്ചാണ് നിലനില്‍പ്പ്.

Image result for Bougainville

Latest News