മേധാ പട്കറുടെ പാസ്‌പോര്‍ട്ട് സര്‍ക്കാര്‍ തിരിച്ചുപിടിച്ചു

മുംബൈ- ഗുജറാത്തിലെ നര്‍മദ ബചാവോ ആന്ദോളന്‍ സമര നായികയും പ്രമുഖ പൗരാവകാശ, സാമൂഹ്യ പ്രവര്‍ത്തകയുമായ മേധാ പട്കറുടെ പാസ്‌പോര്‍ട്ട് മുംബൈ റീജനല്‍ പാസ്‌പോര്‍ട്ട് ഓഫീസ് തിരിച്ചു വാങ്ങി. ഒമ്പത് ക്രിമിനല്‍ കേസുകള്‍ ഉള്ള കാര്യം മറച്ചുവെച്ചെന്ന് കാണിച്ച് ഒക്ടോബറില്‍ മേധയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതില്‍ മൂന്ന് കേസുകളില്‍ തന്നെ കോടതി കുറ്റവിമുക്തയാക്കിയതാണെന്നും ചില കേസുകള്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചതിനു ശേഷം രജിസ്റ്റര്‍ ചെയ്തവയാണെന്നും മേധ ചൂണ്ടിക്കാട്ടിയിരുന്നു. ഇവ സംബന്ധിച്ച് കോടതിയില്‍ നിന്നും പോലീസില്‍ നിന്നും വിവരം തേടാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മേധ ഈയിടെ മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യം നിരസിക്കുകയും ഒരാഴ്ച്ചയ്ക്കകം പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിക്കണെന്നും മേധയോട് റീജനല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 2017ല്‍ ഇഷ്യൂ ചെയ്തതും പത്തു വര്‍ഷം കാലാവധിയുമുള്ള പാസ്‌പോര്‍ട്ട് തിരികെ വാങ്ങിയത്.

ഈ കേസുകള്‍ അഹിംസാപരവും നീതി തേടിയുമുള്ള പ്രതിഷേധങ്ങള്‍ സമരങ്ങളുടെ പേരിലുള്ളതാണ്. ഇവയുടെ വിശദാംശങ്ങള്‍ പെട്ടെന്ന് സംഘടിപ്പിക്കുക സാധ്യമല്ല. സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടിയിരുന്നെങ്കിലും അനുവദിച്ചില്ല. അതുകൊണ്ട് പാസ്‌പോര്‍ട്ട് തിരച്ചേല്‍പ്പിക്കുന്നതായും മേധ പട്കര്‍ പ്രതികരിച്ചു.
 

Latest News