Sorry, you need to enable JavaScript to visit this website.
Saturday , August   08, 2020
Saturday , August   08, 2020

പൗരത്വ ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നു

ദേശീയ പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവർ അസമിലെ ഗുവാഹതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി സർബാനന്ദ് സോനോബാൾ തുടങ്ങിയവരെ പ്രതീകാത്മകമായി തൂക്കിലേറ്റുന്നു.

ന്യൂദൽഹി - രാജ്യത്തിന്റെ മതേതര സ്വഭാവത്തെ തകർക്കുമെന്നും മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി പൗരത്വ ഭേദഗതി ബില്ലിനെതിരേ രാജ്യവ്യാപക പ്രതിഷേധം. അസം ഉൾപ്പെടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് ബില്ലിനെതിരേ രൂക്ഷ പ്രതിഷേധം നടക്കുന്നത്. അസമിലെ വിവിധ കേന്ദ്രങ്ങളിൽ തെരുവിലിറങ്ങിയ ജനം ബിൽ കത്തിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ അസമിൽ 48 മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു. 
ബിൽ ലോക്‌സഭയിൽ പാസായതിൽ അഗാധമായ ഖേദമുണ്ടെന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ബൈചുംഗ് ബൂട്ടിയ പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ പ്രതികൂലമായി തന്നെ ഈ ബില്ലിലെ വ്യവസ്ഥകൾ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാംരോ സിക്കിം പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റ് കൂടിയാണ് ബൂട്ടിയ.


അസമിൽ ബില്ലിനെതിരെ വിദ്യാർത്ഥി സംഘടനകൾ ഇന്നലെ 11 മണിക്കൂർ ബന്ദ് ആചരിച്ചു. ബന്ദിനിടെ പരക്കെ അക്രമങ്ങളുണ്ടായി.  നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ അടക്കം നിരവധി സംഘടനകളും രാഷ്ട്രീയ പാർട്ടികളും ബന്ദിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. ഇതിന് പുറമെ, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനകൾ അസമിൽ 12 മണിക്കൂർ ബന്ദിനും ആഹ്വാനം നൽകിയിരുന്നു. ബന്ദിന്റെ പശ്ചാത്തലത്തിൽ അസം, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. ഹോൺബിൽ ഉത്സവം നടക്കുന്നതിനാൽ നാഗാലാൻഡിനെ ബന്ദിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അസമിലെ എല്ലാ സർവകലാശാലകളിലും പരീക്ഷകൾ റദ്ദാക്കിയിട്ടുണ്ട്. 
അതിനിടെ, എഴുത്തുകാരും കലാകാരൻമാരും മുൻ ജഡ്ജിമാരും അടക്കം ആയിരത്തോളം പ്രമുഖ വ്യക്തിത്വങ്ങൾ ബിൽ പിൻവലിക്കണം എന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാരിന് കത്തയച്ചു. മുസ്‌ലിംകളെ  മാത്രം ഒഴിവാക്കി മറ്റ് ആറ് മതവിഭാഗത്തിൽപെട്ട അഭയാർഥികൾക്കു പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ വിവേചനപരമായതിനാൽ പിൻവലിക്കണം എന്നാണ് ആവശ്യം. ബിൽ നിയമമായാൽ ഭരണഘടനാധിഷ്ഠിതമായ രാജ്യം ഭരണഘടനാ വിരുദ്ധവും നിഷിപ്ത താൽപര്യക്കാരുടെ ഭരണകേന്ദ്രവുമായി മാറുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.


ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനം തന്നെ ജാതി, മതി, വർഗ, ലിംഗ, ഭാഷാ വ്യതിയാനങ്ങൾക്ക് അതീതമായി തുല്യത ഉറപ്പു വരുത്തണമെന്നാണ്. പൗരത്വ ബില്ലും രാജ്യവ്യാപക പൗരത്വ രജിസ്‌ട്രേഷനും രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കുകയേ ഉള്ളൂ. അത് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അന്തഃസത്തയെ തന്നെ ഇല്ലാതാക്കും. ഇക്കാരണങ്ങൾ കൊണ്ടു തന്നെ രാജ്യത്തെ എല്ലാ പൗരൻമാരും സർക്കാരിനോട് ബിൽ പിൻവലിക്കാൻ ആവശ്യപ്പെടുകയാണ്. സർക്കാർ ഭരണഘടനയെ വഞ്ചിക്കരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 
പ്രമുഖ എഴുത്തുകാരി നയൻതാര സഹ്ഗൽ, അരുന്ധതി റോയി, അമിതാവ് ഘോഷ്, സംഗീതജ്ഞൻ ടി.എം. കൃഷ്ണ, നടി അപർണ സെൻ, നന്ദിത ദാസ്, ആനന്ദ് പട്‌വർധൻ, റോമീല ഥാപ്പർ, പ്രഭാത് പട്‌നായിക്, രാമചന്ദ്ര ഗുഹ, ടീസ്റ്റ സെതൽവാദ്, ഹർഷ മന്ദർ, അരുണ റോയ്, ബേസ്‌വാദ വിൽസൻ, റിട്ട. ജസ്റ്റിസ് എ.പി. ഷാ, യോഗേന്ദ്ര യാദവ്, നന്ദിനി സുന്ദർ തുടങ്ങിയവർ കത്തെഴുതിയ പ്രമുഖരിൽ ഉൾപ്പെടുന്നു. 


പന്ത്രണ്ട് മണിക്കൂർ നീണ്ട ചർച്ചയ്ക്കും രൂക്ഷ പ്രതിപക്ഷ പ്രതിഷേധത്തിനുമൊടുവിൽ തിങ്കളാഴ്ച അർധരാത്രിയിലാണ് ബിൽ ലോക്‌സഭയിൽ പാസായത്. ബിൽ നിയമമായാൽ ഇന്ത്യ ഭരണഘടന വിരുദ്ധവും നിഷിപ്ത താൽപര്യക്കാർ ഭരണം നടത്തുന്ന രാജ്യവുമാക്കി മാറ്റുമെന്ന് അക്കാദമിക് വിദഗ്ധൻ പ്രതാപ് ഭാനു ചൂണ്ടിക്കാട്ടി. ബിൽ പാസായാൽ താൻ ഔദ്യോഗികമായി ഒരു മുസ്‌ലിം ആയി മാറുമെന്നാണ് ഹർഷ് മന്ദർ പറഞ്ഞത്. അതിന് ശേഷം പൗരത്വ രജിസ്‌ട്രേഷനായി ഒരു രേഖയും സമർപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 


മതത്തിന്റെ പേരിൽ രണ്ടു രാജ്യങ്ങൾ വേണമെന്ന ആവശ്യമുയർത്തിയ മുഹമ്മദാലി ജിന്നയെ അനുകൂലിച്ച ഹിന്ദു മഹാസഭ നേതാവ് സവർക്കറുടെ പാതയിലാണ് അമിത് ഷാ നീങ്ങുന്നത്. സവർക്കറുടെ അനുകൂലിയായ അമിത് ഷായ്ക്ക് ജിന്നയുടെ മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കും രണ്ടു രാജ്യമെന്ന ആശയത്തോട് ഇപ്പോൾ ഒരു എതിർപ്പുമില്ലെന്നും രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടി. 
ഹാർവാർഡ് സർവകലാശാല, മസാച്യുസെറ്റ്‌സ് സർവകലാശാല, ഇന്ത്യൻ ഇസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ്, ദൽഹി സർവകലാശാല, ചെന്നൈ ഗണിത സർവകലാശാല, ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസ്, ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ച്, ബോൺ സർവകലാശാല, ജറുസലേമിലെ ഹീബ്രു സർകവകലാശാല എന്നീ സ്ഥാപനങ്ങളിലെ അക്കാദമിക് വിദഗ്ധരും ബിൽ പിൻവലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. 

 


 

Latest News