Sorry, you need to enable JavaScript to visit this website.

ലോക്താന്ത്രിക് ജനതാദളുമായി ലയനത്തിന്  ജനതാദൾ (എസ്) തയാറെടുക്കുന്നു


തിരുവനന്തപുരം- ലോക്താന്ത്രിക് ജനതാദളുമായി (എൽ.ജെ.ഡി) ലയനത്തിന് ജനതാദൾ (എസ്) തയാറെടുക്കുന്നു. എൽ.ജെ.ഡിയുമായി ലയനത്തിന് തയാറാണെന്ന് ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് സി.കെ.നാണു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജെ.ഡി.എസ് സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു സി.കെ.നാണു.   

ഇക്കാര്യത്തിൽ എൽ.ജെ.ഡി നേതാവ് എം.പി.വീരേന്ദ്രകുമാർ എം.പിയുമായി പ്രാഥമിക ചർച്ച നടത്തിയെന്ന് സി.കെ.നാണു അറിയിച്ചു. സോഷ്യലിസ്റ്റ് കക്ഷികൾ ഒരുമിക്കേണ്ട സമയമാണിത്, ജനതാദൾ എന്ന പ്രസ്ഥാനം ഭിന്നിച്ചുപോകാതെ ഒരുമിക്കണം. ഇരുപാർട്ടികൾക്കും ലയനത്തിൽ താത്പര്യമുണ്ട്.


എല്ലാവരും സന്നദ്ധരായാൽ കാര്യങ്ങൾ അനുകൂലമാകും സി.കെ.നാണു പറഞ്ഞു. ജെ.ഡി.എസ് സംസ്ഥാന സമിതിയിലും ലയനം വേണമെന്ന അഭിപ്രായമുയർന്നു. ലയനത്തിന് തടസ്സമില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടിയും പ്രതികരിച്ചു. അടുത്തവർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് ലയനം വേണമെന്നാണ് ജെ.ഡി.എസിന്റെ അഭിപ്രായം. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എൽ.ജെ.ഡിയിലും ഉപസമിതി രൂപവത്കരിച്ചിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി.ഹാരിസിന്റെ നേതൃത്വത്തിലാണ് ഈ സമിതി. സി.കെ.നാണു, കെ.കൃഷ്ണൻകുട്ടി എന്നിവരാണ് ജെ.ഡി.എസിൽ ലയന നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. 


അതേസമയം മുൻ മന്ത്രിയും മുതിർന്ന ജെ.ഡി.എസ് നേതാവുമായ മാത്യു ടി.തോമസ് ലയനത്തെ സംബന്ധിച്ച് മൗനം തുടരുകയാണ്. തന്റെ തട്ടകമായ തിരുവല്ലയിൽ എൽ.ജെ.ഡി നേതാവ് വർഗീസ് ജോർജ് അവകാശവാദമുന്നയിക്കുമെന്ന ഭയം മാത്യു ടി.തോമസിനുണ്ട്. ഇരു പാർട്ടികളും ഇപ്പോൾ എൽ.ഡി.എഫിലാണ്. ലയനത്തെ എൽ.ഡി.എഫും സ്വാഗതം ചെയ്തിട്ടുണ്ട്. മാത്രമല്ല, കർണാടകയിൽ ജെ.ഡി.എസ്, ബി.ജെ.പി പാളയത്തിലെത്തുമോയെന്ന ആശങ്ക സംസ്ഥാനത്തെ ജെ.ഡി.എസ് നേതൃത്വത്തിനുണ്ട്. അങ്ങനെയെങ്കിൽ എൽ.ജെ.ഡിയുമായി ചേർന്ന് സംസ്ഥാനതലത്തിൽ പ്രവർത്തിക്കുകയും എൽ.ഡി.എഫിൽ നിന്നുയർന്നേൽക്കാവുന്ന പ്രതിഷേധത്തെ തടയിടുകയും ചെയ്യാമെന്ന് ജെ.ഡി.എസ് നേതൃത്വം കരുതുന്നു.

 

സംസ്ഥാനത്തെ സോഷ്യലിസ്റ്റുകൾ വിഘടിച്ച് നിൽക്കുന്നത് സോഷ്യലിസ്റ്റുകളുടെ ശക്തിയെ കുറച്ചേക്കാമെന്നും ഇരു പാർട്ടികളുടെയും നേതൃത്വത്തിന് അഭിപ്രായമുണ്ട്. യു.ഡി.എഫിൽ നിന്നപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിലുൾപ്പടെ തിരിച്ചടിയേറ്റ സംഭവങ്ങൾ എം.പി വീരേന്ദ്രകുമാറിനു മുണ്ട്. പാർട്ടി ഘടകങ്ങളുമായി ആലോചിച്ച് മാത്രമേ ലയനമുണ്ടാകൂവെന്ന് എം.വി.ശ്രേയാംസ് കുമാർ വ്യക്തമാക്കി. ലയനമുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News