Sorry, you need to enable JavaScript to visit this website.

ബി.പി.സി.എൽ വിൽപന: മോഡിയുടെ കോർപറേറ്റ് ചങ്ങാതിമാരെ സഹായിക്കാൻ -യെച്ചൂരി

കൊച്ചി - വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന ബി.പി.സി.എൽ പോലുള്ള പൊതുമേഖലാ എണ്ണക്കമ്പനികളുടെ വിൽപനയിലൂടെ റിലയൻസിനെ ഈ രംഗത്തെ കുത്തകയാക്കി മാറ്റാനാണ് നരേന്ദ്രമോഡി ശ്രമിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മുതലാളിത്തവുമായുള്ള ബി.ജെ.പി സർക്കാരിന്റെ ചങ്ങാത്തനയത്തിന്റെ ഭാഗമാണിത്. തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കുവേണ്ടി പണമിറക്കുന്നത് റിലയൻസ് പോലുള്ള വൻകിട കുത്തകകളാണെന്നും അതിനുള്ള പ്രത്യുപകാരമാണ് മോഡി ചെയ്യുന്നതെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിന് പിന്നിലെ അഴിമതി ഇതുതന്നെയാണെന്നും യെച്ചൂരി പറഞ്ഞു. ബി.പി.സി.എൽ വിൽപനയ്‌ക്കെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കമ്പനി ഗേറ്റിൽ നടക്കുന്ന സമരത്തെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ആദ്യ മോഡി സർക്കാരിന്റെ കാലത്ത് റിലയൻസ് ഉടമ അംബാനിക്കുണ്ടായ നേട്ടം പരിശോധിച്ചാൽ ബി.ജെ.പിക്കും ആർ.എസ്.എസിനും അവരുമായുള്ള ചങ്ങാത്തത്തിന്റെ ആഴം മനസ്സിലാകും. മുകേഷ് അംബാനിക്ക് പാരമ്പര്യമായി കൈവന്ന സ്വത്തിന്റെ എത്രയോ ഇരട്ടിയാണ് അദ്ദേഹം അഞ്ചുവർഷത്തെ ബി.ജെ.പി ഭരണത്തിൽ വാരിക്കൂട്ടിയത്. അദ്ദേഹത്തിന്റെ ജീവിതകാലത്താകെ സമ്പാദിച്ചതിന്റെ പതിന്മടങ്ങ് സമ്പത്താണ് അദ്ദേഹം അക്കാലത്ത് ആർജിച്ചത്. എണ്ണവ്യവസായവും ടെലികോം മേഖലയും അംബാനിയുടെ നിയന്ത്രണത്തിലായി.   
രാജ്യത്തിന്റെ സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പൊതുമേഖലയ്ക്ക് രൂപം നൽകിയത്. അവയെ വിറ്റുതുലയ്ക്കുന്നത് രാജ്യത്തെ വിൽക്കുന്നതിന് തുല്യമാണ്. രാജ്യത്തിന്റെ പൊതു സ്വത്തുക്കളുടെ കൈകാര്യകർത്താക്കൾ മാത്രമാണ് മാറിമാറിവരുന്ന സർക്കാരുകൾ. ജനങ്ങളാണ് യഥാർഥ ഉടമകൾ. ജനങ്ങളുടെ അനുമതിയില്ലാതെ അതൊന്നും കൈയൊഴിയാൻ സർക്കാരുകൾക്ക് അധികാരമില്ല. 


പെൺകുട്ടികൾക്കും ദളിതർക്കും മുസ്‌ലിങ്ങൾക്കുമെതിരെ ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും രാജ്യത്തെ ശിഥിലമാക്കാനുള്ള ഹിന്ദുത്വ പാക്കേജിന്റെ ഭാഗമാണ്. ഇതിന്റെയെല്ലാം മറവിലാണ് ബി.പി.സി.എൽ ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപനയും പൗരത്വ നിയമഭേദഗതിയുമൊക്കെ നടപ്പാക്കിയത്. രാജ്യാന്തര സമൂഹവുമായി ചേർന്നുള്ള വൻ ഗൂഢാലോചനയാണ് ഇതിനുപിന്നിലുള്ളത്. രാജ്യത്തിന്റെ സമ്പത്ത് അവർക്കും കിട്ടുമെന്നതിനാൽ സ്ത്രീകൾക്കും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങളോട് രാജ്യാന്തര സമൂഹവും മൗനം പാലിക്കുന്നു. 
ബി.പി.സി.എൽ വിൽപനയിലൂടെ രാജ്യത്തിന്റെ സ്വത്ത് മാത്രമല്ല, സാമൂഹ്യ സുരക്ഷയും സാമ്പത്തികാടിത്തറയും ശിഥിലമാകും. അതിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിനാണ് രാജ്യവ്യാപകമായി സി.പി.എം നേതൃത്വം നൽകുന്നത്.  രാജ്യത്തെ സംരക്ഷിക്കാനുള്ള യഥാർഥ ദേശസ്‌നേഹത്തിലധിഷ്ഠിതമായ പോരാട്ടമാണ് ഇതിനെതിരെ ഉയർന്നുവരുന്നതെന്നും യെച്ചൂരി പറഞ്ഞു. 


തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി പി.വാസുദേവൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം പി.രാജീവ്, സി. ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.ആർ.മുരളീധരൻ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എൻ.സി.മോഹനൻ, ജോൺ ഫെർണാണ്ടസ് എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. 
സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻപിള്ള, സംസ്ഥാന കമ്മിറ്റിയംഗം  കെ.എൻ.ഗോപിനാഥ്, ജില്ലാ സെക്രട്ടറി സി.കെ.മണിശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

 

Latest News