റിയാദ് - റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വനിതയടക്കം ഏഴ് അംഗങ്ങളുള്ള പുതിയ ഭരണസമിതി രൂപീകരിക്കുന്നതിന് ഇന്ത്യൻ അംബാസഡറും ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾസ് രക്ഷാധികാരിയുമായ ഡോ.ഔസാഫ് സഈദ് അനുമതി നൽകിയതായി സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ഷൗക്കത്ത് പർവേസ് വാർത്താ കുറിപ്പിൽ അറിയിച്ചു.
ഭരണ സമിതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ ഇന്ന് മുതൽ 17 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ കാലത്ത് 8.30 മുതൽ ഉച്ചക്ക് 1.30 വരെയുള്ള സമയത്ത് ബോയ്‌സ് വിഭാഗത്തിലെ പ്രിൻസിപ്പലിന്റെ ഓഫീസിൽ നിന്ന് അപേക്ഷാ ഫോമുകൾ കൈപ്പറ്റണം. അപേക്ഷകർ അഡ്മിനിസ്‌ട്രേഷൻ, ഐ.ടി, ടെക്‌നിക്കൽ, അക്കാദമിക് എന്നീ ഏതെങ്കിലും മേഖലകളിൽ പരിചയസമ്പന്നരായ മതിയായ യോഗ്യതയുള്ളവരായിരിക്കണം.
ഇന്ത്യൻ സ്‌കൂളിൽ ഒരു വർഷമെങ്കിലും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥിയുടെ രക്ഷിതാവായിരിക്കൽ, സ്‌കൂളിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്ക് സമയം ലഭിക്കുന്ന റിയാദിലുള്ള ഇന്ത്യൻ പൗരനായിരിക്കൽ, റഗുലർ ബിരുദാനന്തര ബിരുദമോ എം.ബി.ബി.എസ് പോലെയുള്ള അഞ്ചുവർഷ ബിരുദമോ ഉള്ളവരായിരിക്കൽ, ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഉത്തരവാദിത്ത സ്ഥാനത്തുള്ളവരായിരിക്കൽ, സ്‌കൂൾ ജീവനക്കാരനോ അവരുടെ ബന്ധുക്കളോ അല്ലാതിരിക്കൽ, മാനേജിംഗ് കമ്മിറ്റിയിൽ അംഗമാകുന്നതിന് തടസ്സമില്ലെന്ന് കാണിച്ച് തൊഴിലുടമയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, 8000 റിയാലിൽ കുറയാത്ത ശമ്പളം സൂചിപ്പിച്ച സാലറി സർട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷയുടെ മാനദണ്ഡങ്ങൾ. വിദ്യാർഥികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്നതിന് എന്ത് ചെയ്യാനാകുമെന്ന് 100 വാക്കിൽ കുറയാത്ത ഹ്രസ്വ ഉപന്യാസവും സമർപ്പിക്കണം. വനിതാ അപേക്ഷകരിൽ പ്രൊഫഷണലുകൾക്കാണ് മുൻഗണന നൽകുക.
പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം ബയോഡാറ്റയും ജനുവരി 5ന് മുമ്പായി സ്‌കൂൾ പ്രിൻസിപ്പലിന് നേരിട്ടോ [email protected] എന്ന ഇ-മെയിലിലോ അയക്കണം.
അടുത്ത മാർച്ച് മാസത്തോടെയാണ് നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുക. അപ്പോഴേക്കും പുതിയ ഭരണസമിതി നിലവിൽ വരുന്നതിനുള്ള ക്രമീകരണങ്ങളാണ് നടന്നു വരുന്നത്. അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേർ നോമിനേഷനുമായി എത്തുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഏഴിൽ കൂടുതൽ പേരുണ്ടെങ്കിൽ തെരഞ്ഞെടുപ്പിലൂടെയായിരിക്കും കമ്മിറ്റി നിലവിൽ വരിക.