മക്ക - കാലാവധി തീർന്ന ഭക്ഷ്യവസ്തുക്കൾ വിൽപനക്ക് പ്രദർശിപ്പിച്ച വ്യാപാര സ്ഥാപനത്തിന് മക്ക ക്രിമിനൽ കോടതി പിഴ ചുമത്തി. സൗദി പൗരൻ ബകർ ബിൻ അഹ്മദ് ബിൻ മുഹമ്മദ് ബാറദ്‌വാന്റെ ഉടമസ്ഥതയിൽ മക്കയിൽ പ്രവർത്തിക്കുന്ന അൽഹിദായ മിനി മാർക്കറ്റിനാണ് പിഴ ചുമത്തിയത്. കണ്ടെത്തിയ കാലാവധി തീർന്ന ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും വിധിയുണ്ട്. സ്ഥാപനത്തിന്റെയും ഉടമയുടെയും പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഉടമയുടെ സ്വന്തം ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു.
സൗദിയിൽ വാണിജ്യ വഞ്ചനാ കേസുകളിലെ കുറ്റക്കാർക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. കുറ്റക്കാരായ വിദേശ തൊഴിലാളികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സ്വദേശങ്ങളിലേക്ക് നാടു കടത്തുന്നതിനും അതേ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിൽനിന്ന് സ്ഥാപന ഉടമകളായ സ്വദേശികൾക്ക് വിലക്കേർപ്പെടുത്തുന്നതിനും വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം അനുശാസിക്കുന്നുണ്ട്.