Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ റോഡ് ടോളില്ല; മൂന്ന് നഗരങ്ങളില്‍ പൊതുഗതാഗത പദ്ധതി

റിയാദ് - അടുത്ത വർഷത്തേക്കുള്ള പുതിയ ബജറ്റിൽ റോഡ് ടോൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഗതാഗത മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു. ഗതാഗത മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതിനും വ്യത്യസ്ത ഗതാഗത രീതികൾ തമ്മിലുള്ള സംയോജനം വർധിപ്പിക്കുന്നതിനും മന്ത്രാലയം ആഗ്രഹിക്കുന്നു. 


പത്തു വർഷത്തിനിടെ ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയിൽ 40,000 കോടി റിയാലിന്റെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. അടുത്ത വർഷം റോഡുകളിലെ സുരക്ഷാ, ഗുണമേന്മ നിലവാരം ഉയർത്തുന്നതിനും പുതിയ ജിദ്ദ എയർപോർട്ട് ടെർമിനൽ പൂർണ തോതിൽ പ്രവർത്തിപ്പിക്കുന്നതിനും റിയാദ് കിംഗ് ഖാലിദ് എയർപോർട്ട് വികസന പദ്ധതി തയാറാക്കുന്നതിനും മറ്റു എയർപോർട്ടുകളിൽ അഞ്ചു പദ്ധതികൾ ആരംഭിക്കുന്നതിനും ഗതാഗത മന്ത്രാലയം മുൻഗണന നൽകുന്നു. 


ജിദ്ദയെയും റിയാദിനെയും ബന്ധിപ്പിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന റെയിൽ പാത പദ്ധതിയുമായി ബന്ധപ്പെട്ട പഠനം പൂർത്തിയാക്കുന്നതിനും പദ്ധതിക്ക് ആവശ്യമായ പണം ലഭ്യമാക്കുന്നതിന് അനുയോജ്യമായ മാർഗം നിർണയിക്കുന്നതിനും രണ്ടു ദിവസം മുമ്പ് കരാർ നൽകിയിട്ടുണ്ട്. സൗദിയിലെ മൂന്നു നഗരങ്ങളിൽ പൊതുഗതാഗത പദ്ധതികൾ നടപ്പാക്കുന്നതിനും രാജ്യമെങ്ങും ടാക്‌സി സേവനം മെച്ചപ്പെടുത്തുന്നതിനും ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നതായും എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു.


അമേരിക്കയും ദക്ഷിണ കൊറിയയും കഴിഞ്ഞാൽ ലോകത്ത് 5-ജി സാങ്കേതിക വിദ്യ വ്യാപന മേഖലയിൽ സൗദി അറേബ്യ മൂന്നാം സ്ഥാനത്താണെന്ന് കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രി അബ്ദുല്ല അൽസവാഹ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗദിയിൽ 4000 കോടി റിയാലിന്റെ അവസരങ്ങൾ ലഭ്യമാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസും നവ സാങ്കേതിക വിദ്യകളും ലോകത്ത് പത്തു വർഷത്തിനുള്ളിൽ 13.3 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പരമ്പരാഗത മേഖലയിൽ 7.5 കോടി തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്യും. 


പത്തു വർഷത്തിനുള്ളിൽ സൗദിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും നവ സാങ്കേതിക വിദ്യകളും ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന് സ്വകാര്യ മേഖലക്കും സംരംഭകർക്കും എമ്പാടും അവസരങ്ങളുണ്ട്. ലോകത്തെ ഏറ്റവും വലിയ പതിനെട്ടാമത്തെ സാമ്പത്തിക ശക്തിയാണ് സൗദി അറേബ്യ. മൊത്തം ആഭ്യന്തരോൽപാദനത്തിൽ കമ്യൂണിക്കേഷൻസ്, ഐ.ടി മേഖലയുടെ സംഭാവന 3.6 ശതമാനത്തിൽ നിന്ന് നാലു ശതമാനമായി ഈ വർഷം ഉയർന്നിട്ടുണ്ട്. ഈ മേഖലയിലെ സൗദിവൽക്കരണം 40 ശതമാനത്തിൽ നിന്ന് 44 ശതമാനമായി ഉയർന്നിട്ടുണ്ടെന്നും കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രി പറഞ്ഞു.

 

Latest News