Sorry, you need to enable JavaScript to visit this website.

ഗൾഫ് രാജ്യങ്ങൾ സാമ്പത്തിക, സുരക്ഷാ സഹകരണം ശക്തമാക്കും-ജി.സി.സി

റിയാദ് - അംഗ രാജ്യങ്ങൾ തമ്മിൽ സാമ്പത്തിക, സുരക്ഷാ സഹകരണം ശക്തമാക്കാനും മേഖലയിൽ സമുദ്ര ഗതാഗത സുരക്ഷ ഉറപ്പുവരുത്താൻ അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുമുള്ള നിശ്ചയദാർഢ്യവും പ്രതിജ്ഞാബദ്ധതയും വിളിച്ചോതിയും നാൽപതാമത് ഗൾഫ് ഉച്ചകോടിക്ക് റിയാദിൽ പരിസമാപ്തി. റിയാദ് ദിർഇയ കൊട്ടാരത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിലായിരുന്നു ഗൾഫ് ഉച്ചകോടി. 


മേഖല കടന്നുപോയ പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് സ്ഥാപിത കാലം മുതൽ ഗൾഫ് സഹകരണ കൗൺസിലിന് സാധിച്ചിട്ടുണ്ടെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് നടത്തിയ സൽമാൻ രാജാവ് പറഞ്ഞു. മേഖല വെല്ലുവിളികളിലൂടെയും ഗുരുതരമായ സാഹചര്യങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ഇവ നേരിടാൻ കൂട്ടായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. 


സുരക്ഷാ ഭദ്രത തകർക്കാനും ഭീകരതക്ക് പിന്തുണ നൽകുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഇറാൻ തുടരുകയാണ്. ഗൾഫ് രാജ്യങ്ങളുടെ ആർജിത നേട്ടങ്ങളും പൗരന്മാരുടെ താൽപര്യങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. ഗൾഫ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാന്റെ ഇടപെടലുകൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കണം. ഇറാൻ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈൽ വികസന പദ്ധതിയും ഗൗരവമായി കൈകാര്യം ചെയ്യണം. ഇറാനെ നേരിടാൻ ഗൾഫ് രാജ്യങ്ങൾ ഒരുമിച്ചു നിൽക്കണം. ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ ചെറുക്കാൻ ഗൾഫ് രാജ്യങ്ങൾ പ്രവർത്തിക്കണം. 


ഊർജ സ്രോതസ്സുകളുടെയും കപ്പൽ പാതകളുടെയും സുരക്ഷയും സ്വതന്ത്ര കപ്പൽ ഗതാഗതവും ഉറപ്പുവരുത്തണം. കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാൻ ഫലസ്തീനികൾക്ക് അവകാശമുണ്ട്. ഫലസ്തീൻ പ്രശ്‌നത്തിലുള്ള ഗൾഫ് സഹകരണ കൗൺസിലിന്റെ നിലപാടിൽ മാറ്റമില്ല. റിയാദ് സമാധാന കരാർ ഒപ്പുവെക്കാൻ യെമൻ ഗവൺമെന്റും മറ്റു കക്ഷികളും നടത്തിയ ശ്രമങ്ങളെ വിലമതിക്കുന്നു. യെമൻ ജനതക്കും നിയമാനുസൃത ഗവൺമെന്റിനുമുള്ള പിന്തുണ സഖ്യസേന തുടരും. യു.എൻ തീരുമാനങ്ങൾക്കും ഗൾഫ് സമാധാന പദ്ധതിക്കും യെമൻ ദേശീയ സംവാദത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും അനുസൃതമായി സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണേണ്ടത് പ്രധാനമാണെന്നും സൽമാൻ രാജാവ് പറഞ്ഞു. 
കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ എന്നിവർ ഗൾഫ് ഉച്ചകോടിയിൽ പങ്കെടുത്ത സൗദി സംഘത്തിൽ ഉൾപ്പെടുന്നു. 
ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് ആലുസഈദ്, ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസിർ ബിൻ ഖലീഫ അൽഥാനി, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം, ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവ്, കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് എന്നിവരുടെ നേതൃത്വത്തിലാണ് അംഗ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങൾ ഉച്ചകോടിയിൽ സംബന്ധിച്ചത്. പുതിയ ജി.സി.സി സെക്രട്ടറി ജനറലായി കുവൈത്തിന്റെ നോമിനി നായിഫ് അൽഹജ്‌റഫിനെ നിയമിക്കാൻ ഉച്ചകോടി തീരുമാനിച്ചു. അടുത്ത ഏപ്രിലിൽ നായിഫ് അൽഹജ്‌റഫ് പുതിയ പദവി ഏറ്റെടുക്കും. അടുത്ത ഗൾഫ് ഉച്ചകോടി ബഹ്‌റൈനിൽ നടക്കുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി പറഞ്ഞു. 

Latest News