Sorry, you need to enable JavaScript to visit this website.

ഗൾഫ് ഉച്ചകോടി തുടങ്ങി, നേതാക്കളെ സ്വീകരിച്ച് രാജാവ്

റിയാദ് - നാൽപതാമത് ഗൾഫ് ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി. ഉച്ചകോടിക്ക് എത്തിയ  നേതാക്കളെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് സ്വീകരിച്ചു. രാജാവിന്റെ അധ്യക്ഷതയിൽ ഇന്ന് നടക്കുന്ന നാൽപതാമത് ഗൾഫ് ഉച്ചകോടിക്കായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിത് അൽ മക്തൂം, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഒമാൻ ഉപപ്രധാനമന്ത്രി  ഫഹദ് ബിൻ മുഹമ്മദ് അൽ സൈദ്, ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി എന്നിവർ എത്തി. ഉച്ചകോടിക്ക് മുന്നോടിയായി ചേർന്ന വിദേശ മന്ത്രിമാരുടെ യോഗം ഉച്ചകോടി അജണ്ടക്ക് ഇന്നലെ അന്തിമ രൂപം നൽകിയിരുന്നു. യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനിയും അംഗ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും പങ്കെടുത്തു. 
മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തമാക്കുകയാണ് ലക്ഷ്യമെന്നും  ഗൾഫ് സഹകരണ കൗൺസിലിലൂടെ ജി.സി.സി രാജ്യങ്ങളിലെ ജനങ്ങളും നേതാക്കളും ഒരുമയോടെ മുന്നേറുകയാണെന്നും  യു.എ.ഇ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. 
സമഗ്ര വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിനും സ്ഥിരതയും വളർച്ചയും അഭിവൃദ്ധിയും സാക്ഷാൽക്കരിക്കുന്നതിനും ഇസ്‌ലാമിന്റെയും അന്താരാഷ്ട്ര ചാർട്ടറുകളുടെയും അടിസ്ഥാന തത്വങ്ങളിൽ ഊന്നി സത്യസന്ധമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും ഗൾഫ് സഹകരണ കൗൺസിൽ സഹായകമാകുന്നതായി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. നാൽപതാമത് ഉച്ചകോടിക്ക് സമർപ്പിക്കുന്നതിനു മുന്നോടിയായി വിവിധ റിപ്പോർട്ടുകൾ മന്ത്രിമാരുടെ യോഗം പരിശോധിച്ചു.
ജി.സി.സി സുപ്രീം കൗൺസിലിന്റെയും മിനിസ്റ്റീരിയൽ കൗൺസിലിന്റെയും തീരുമാനങ്ങൾ നടപ്പാക്കിയതിനെക്കുറിച്ചു ജി.സി.സി ജനറൽ സെക്രട്ടറിയേറ്റ് സമർപ്പിച്ച റിപ്പോർട്ടുകളും ശുപാർശകളുമാണ് വിശകലനം ചെയ്തതെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി പറഞ്ഞു. 

Latest News