Sorry, you need to enable JavaScript to visit this website.
Saturday , August   15, 2020
Saturday , August   15, 2020

മനുഷ്യാവകാശ ദിനം: ഉയർത്തിപ്പിടിക്കുക ഭരണഘടനയെ 

രാജ്യം ലജ്ജിച്ചു തലതാഴ്ത്തി നിൽക്കുമ്പോഴാണ് ഒരു മനുഷ്യാവകാശ ദിനം കൂടി കടന്നുവന്നിരിക്കുന്നത്. ജനസംഖ്യയിൽ പകുതിവരുന്ന സ്ത്രീകളും ദളിതരും ആദിവാസികളും മുസ്‌ലിം വിഭാഗങ്ങളുമടക്കമുള്ളവർ എല്ലാവിധ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ട് നിസ്സഹായരായി പോകുന്ന കാഴ്ചയാണ് കാണുന്നത്. മനുഷ്യാവകാശ ദിനം മുന്നോട്ടു വെക്കുന്ന എല്ലാവിധ ആശയങ്ങളും അനുദിനം ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് രാജ്യവും സംസ്ഥാനവും വിവിധ പരിപാടികളോടെ മനുഷ്യാവകാശ ദിനം ആഘോഷിക്കുന്നത്.
1948 ലാണ് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്. മനുഷ്യരായി പിറന്നാൽ സ്വാഭാവികമായും ലഭിക്കേണ്ടതായ അവകാശങ്ങളെ കുറിച്ചുള്ള വിശദമായ പ്രഖ്യാപനമായിരുന്നു അത്. അതനുസരിച്ച് ഏതെങ്കിലും ഒരു പ്രത്യേക മതത്തിലോ ജാതിയിലോ വിഭാഗത്തിലോ ഉൾപ്പെട്ട ഒരാൾക്ക്, ഒരു സാധാരണ പൗരനു ലഭിക്കേണ്ടതായ പരിഗണനകളിൽ ഏതെങ്കിലും ഒന്നെങ്കിലും ലഭിക്കാത്ത അവസ്ഥ, സ്ത്രീയെയും പുരുഷനെയും തുല്യരായി കാണാതിരിക്കുക, വർഗപരമോ മതപരമോ ആയി വ്യത്യസ്തത പുലർത്തുന്ന വിഭാഗങ്ങൾക്കു തുല്യ പരിഗണന കൊടുക്കാതിരിക്കുക, ഒരു മനുഷ്യനെ വിൽക്കുകയോ, അടിമയായി ഉപയോഗിക്കുകയോ ചെയ്യുക, ക്രൂരവും അസാധാരണവുമായ ശിക്ഷകൾ (ക്രൂരമായ മർദനം, വധശിക്ഷ മുതലായവ), നിയമാനുസൃതമല്ലാതെയും പക്ഷപാതപരമായും ശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ചെയ്യൽ (ന്യായമായ വാദപ്രതിവാദം കൂടാതെ തന്നെ), വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നു കയറ്റം (ഭരണ യന്ത്രത്തിന്റെ), രാജ്യാന്തര ഗമന സ്വാതന്ത്ര്യ നിഷേധം, അഭിപ്രായ സ്വാതന്ത്ര്യവും മതവിശ്വാസ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുക, യൂനിയനിൽ ചേർന്നു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുക, വിദ്യാഭ്യാസം നിഷേധിക്കപ്പെടുക എന്നിവയെല്ലാം മനുഷ്യാവകാശ ലംഘനങ്ങളാണ്. ഇവയുമായി ബന്ധപ്പെട്ട സംഭവങ്ങൾ മാത്രം പരിശോധിച്ചാൽ മതി ഇന്നു നാം എവിടെയെത്തി എന്നു ബോധ്യമാകാൻ.


ഉന്നാവും ഹൈദരാബാദുമാണ് വാർത്തകളിൽ ഏറ്റവും ഇടം പിടിച്ചിരിക്കുന്നതെങ്കിലും കേരളമടക്കം പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള സ്ത്രീപീഡനവാർത്തകൾക്കിടയിലാണ് ഇക്കുറി മനുഷ്യാവകാശ ദിവം കടന്നുവരുന്നത്. പീഡിപ്പിക്കപ്പെടുന്നവരിൽ മിക്കവാറും പേർ കുട്ടികളാണ്. പിതാവടക്കമുള്ള ബന്ധുക്കളും അയൽപക്കക്കാരും അധ്യാപകരുമടക്കമുള്ളവർ ഏതു നിമിഷവും പീഡകരാകുന്ന അവസ്ഥ. അവരാണ് കൂടുതൽ കേസുകളിലും പ്രതികൾ. അതിനാലാണ് മിക്കപ്പോഴും കുട്ടികൾക്ക് നീതി കിട്ടാത്തത്. പീഡനത്തിനു ശേഷം ഇരകളെ കൊന്നുകളയുന്ന പ്രവണതയും രൂക്ഷമായിരിക്കുകയാണ്. പോക്‌സോ പോലുള്ള നിയമങ്ങളുണ്ടായിട്ടും കുറ്റകൃത്യങ്ങൾ കുറയുന്നില്ല. കേസുകൾ അനന്തമായി നീളുന്നു. കുറ്റവാളികൾ പലരും രക്ഷപ്പെടുന്നു. 
നിർഭാഗ്യവശാൽ ഈ സാഹചര്യത്തിൽ പോലീസ് നിയമം കൈയിലെടുക്കുന്നതിനെ പിന്തുണക്കുന്ന അവസ്ഥയിലേക്ക് നാം എത്തുന്നു എന്നത് മറ്റൊരു ദുരന്തമാണ്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും നീതി നൽകാനും പോലീസിനെ ആശ്രയിക്കുന്നതു തന്നെ അപകടകരമായ പ്രവണതയാണ്. ഏറ്റവുമധികം മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നത് പോലീസല്ലാതെ മറ്റാരാണ്. ഹൈദരാബാദ് വ്യാജ കൊലയുടെ പേരിൽ പോലീസിനു കൈയടിക്കുന്നവർ ഉന്നാവ പെൺകുട്ടിയുടെ പിതാവ് പറഞ്ഞത് കേട്ടോ, ആവോ? പോലീസ് തങ്ങളുടെ പക്ഷം കേട്ടില്ലെന്നും സ്റ്റേഷനിൽ നിന്ന് ആട്ടിയിറക്കിയെന്നുമാണ് ആ പിതാവ് പറഞ്ഞത്. രാജ്യത്തെങ്ങും നടക്കുന്ന സ്ത്രീപീഡനങ്ങളോട് പോലീസ് സ്വീകരിക്കുന്ന സമീപനം കാണുന്ന ആർക്കും അങ്ങനെ കൈയടിക്കാനാവില്ല. കൃത്യമായ ഗൂഢാലോചനയാണ് ഹൈദരാബാദിൽ നടന്നതെന്നു വ്യക്തം. പോലീസ് ചെയ്യേണ്ടത് അവരുടെ തൊഴിലാണ്. നിയമം കൈയിലെടുക്കലല്ല.
ഏറ്റവും രൂക്ഷമായ രീതിയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്ന മറ്റൊരു വിഭാഗം ദളിതരും ആദിവാസികളും തന്നെ. കേരളമടക്കം രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ദളിത് - ആദിവാസി വിഭാഗങ്ങൾ പീഡിപ്പിക്കപ്പെടുന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. വാളയാർ പെൺകുട്ടികൾ തന്നെ സമീപകാല ഉദാഹരണം. അതുപോലെ തന്നെയാണ് മുസ്‌ലിം വിഭാഗങ്ങൾ നേരിടുന്ന മനുഷ്യാവകാശ വെല്ലുവിളികളും. കശ്മീരിൽ ഒരു ജനതയുടെ മുഴുവൻ മനുഷ്യാവകാശങ്ങളും നാലു മാസമായി ചങ്ങലയിലാണ്. 


മുസ്‌ലിം ജനതക്ക് പൗരത്വം പോലും നിഷേധിക്കുന്ന ബില്ലിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നു. ബീഫിന്റെയും ശ്രീറാം വിളിയുടെയും പേരിലുള്ള കൊലകൾക്കും അവസാനമില്ല. യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങൾ ഏറ്റവുമധികം ചുമത്തപ്പെടുന്നതും ദളിത് - മുസ്‌ലിം വിഭാഗങ്ങൾക്കു നേരെ തന്നെ.
തീർച്ചയായും ഈ മനുഷ്യാവകാശ ലംഘനങ്ങൾ ഒറ്റപ്പെട്ട വിഷയങ്ങളല്ല. കൃത്യമായ രാഷ്ട്രീയം ഇതിനു പിറകിലുണ്ട്. അതു സംഘപരിവാർ രാഷ്ട്രീയമല്ലാതെ മറ്റൊന്നല്ല. 2025 നകം ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുമെന്നുള്ള അജണ്ടയിലാണ് അവർ മുന്നോട്ടു പോകുന്നത്. അതിനേറ്റവും തടസ്സം ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങളാണ്. അതിനാലാണ് അതെല്ലാം തകർത്ത് മനുസ്മൃതി മൂല്യങ്ങൾ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾ സജീവമായിരിക്കുന്നത്. അതിന്റെ ഭാഗമായി തന്നെയാണ് മേൽസൂചിപ്പിച്ച മനുഷ്യാവകാശ ധ്വംസനങ്ങളും അരങ്ങേറുന്നത്. രോഹിത് വെമുല മുതൽ ഫാത്തിമ വരെയുള്ളവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതും വിനായകന് മുടി വളർത്താനും മധുവിന് ഭക്ഷണം കഴിക്കാനുമുള്ള അവകാശം നിഷേധിക്കുന്നതും ഹാദിയ മുതൽ കെവിൻ വരെയുള്ളവർക്ക് ഇഷ്ടപ്പെട്ട വിവാഹം പോലും നിഷേധിക്കുന്നതും ഉന്നാവിലെ സവർണ പ്രതികളെ സംരക്ഷിച്ച് ഹൈദരാബാദിലെ പുറമ്പോക്ക് പ്രതികളെ നിയമ വിരുദ്ധമായി വെടിവെച്ചു കൊല്ലുന്നതുമെല്ലാം ഭരണഘടനാ മൂല്യങ്ങൾ തകർത്ത് മനുസ്മൃതി മൂല്യങ്ങൾ സംരക്ഷിക്കലല്ലേ? അതിനാൽ തന്നെ ഭരണഘടനാ സംരക്ഷണം തന്നെയാണ് ഈ മനുഷ്യാവകാശ ദിനത്തിന്റെ പ്രധാന സന്ദേശം. 


തീർച്ചയായും ഇതിനോടുള്ള പ്രതിരോധമെങ്ങനെ എന്ന ചോദ്യം പ്രസക്തം തന്നെയാണ്. അതൊരിക്കലും ഹൈദരാബാദ് മോഡലോ വാളയാറിൽ പ്രതികളെ മർദിച്ച ആൾകൂട്ട നീതിയുടെ മോഡലോ മാവോയിസ്റ്റ് മോഡലോ അല്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെയും നീതിന്യായ സംവിധാനത്തിന്റെയും ഭരണഘടനയുടെയും  പ്രസക്തി നഷ്ടപ്പെട്ടു എന്ന് ഇനിയും പറയാറായിട്ടില്ല. അടിയന്തരാവസ്ഥയെ വലിച്ചെറിഞ്ഞതും മായാവതിയെ മുഖ്യമന്ത്രിയാക്കിയതും ഹാദിയക്കു നീതി ലഭിച്ചതും ആദിവാസി സ്വയംഭരണം പലയിടത്തും നടപ്പായതുമൊക്കെ ഈ സംവിധാനത്തിൽ തന്നെയാണ്. ഇത്രമാത്രം അനന്തമായ സംസ്‌കാരങ്ങളും ഭാഷകളും ജനവിഭാഗങ്ങളുമെല്ലാമടങ്ങുന്ന ഇന്ത്യ എന്ന രാജ്യം എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും ജനാധിപത്യ - മതേതര മൂല്യങ്ങളും മനുഷ്യാവകാശ സങ്കൽപങ്ങളും പൂർണമായി കൈയൊഴിഞ്ഞിട്ടില്ല എന്നത് ചെറിയ കാര്യമല്ല. രാജ്യത്ത് സംഘപരിവാർ ശക്തികൾ ഭരിക്കുന്ന പ്രദേശങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണെന്നതും മോശപ്പെട്ട കാര്യമല്ല. അതിനാൽ തന്നെ എന്തൊക്കെ പരിമിതിയിലും ഈ സംവിധാനത്തെ ശക്തിപ്പെടുത്തി മുന്നോട്ടു പോകാനും മുൻസൂചിപ്പിച്ച പോലെ മനുസ്മൃതിക്കു മീതെ ഭരണഘടനയെ പ്രതിഷ്ഠിക്കാനുമാണ് ഈ മനുഷ്യാവകാശ ദിനത്തിൽ നമുക്കെടുക്കാവുന്ന രാഷ്ട്രീയമായ പ്രതിജ്ഞ.