Sorry, you need to enable JavaScript to visit this website.

ചിക്കാഗോ തെരുവീഥികളിൽ 

ഏതാനും ദിവസം മുൻപ് ഞാൻ താമസിക്കുന്ന നാഷ്‌വിൽ ടൗണിൽ നിന്നും ചിക്കാഗോയിലേക്കു ഒരു  യാത്ര നടത്തി. നാഷ്‌വിൽ  ടൗൺ അമേരിക്കയിലെ ടെന്നീസി എന്ന സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ചിക്കാഗോ അമേരിക്കയിലെ ഇല്ലിനോയ്‌സ് എന്ന സംസ്ഥാനത്തും. ടെന്നീസിൽ  നിന്നും കെന്റുക്കി, ഓഹിയോ, ഇന്ത്യാന എന്നീ സ്‌റ്റേറ്റുകളിലൂടെ യാത്ര ചെയ്താണ് ഞങ്ങൾ ഇല്ലിനോയ്‌സിലെ ചിക്കാഗോയിലെത്തിയത്.
അമേരിക്കയിലെ നിറം മാറുന്ന മരങ്ങളും, നദികളും, തടാകങ്ങളും, സമൃദ്ധമായ കാടുകളും, വളരെ അത്യാകർഷകമായിരുന്നു.  ദൃശ്യ ചാരുത കൊണ്ട് ഈ പ്രദേശങ്ങൾക്ക് വശ്യത ഏറെയാണ്. 
കെന്റുക്കിയിലൂടെ കടന്നു പോയപ്പോൾ കെഎഫ്‌സി സ്ഥാപകനായ കേണൽ സാൻഡേഴ്‌സിന്റെ (1890-1980) ഐതിഹാസികമായ ജീവിത കഥ മകൻ എന്നെ ഓർമിപ്പിച്ചു. അഞ്ചാം വയസ്സിൽ അച്ഛൻ മരണപ്പെട്ടു. പതിനാറാം വയസ്സിൽ സ്‌കൂളിൽ നിന്നും പുറത്തായി. പതിനേഴ് വയസ്സായപ്പോഴേക്കും നാലു ജോലികളിൽനിന്നും അദ്ദേഹത്തെ പിരിച്ചുവിട്ടിരുന്നു.  പതിനെട്ടാം വയസ്സിൽ കല്യാണം കഴിച്ചു. 


പിന്നെ അദ്ദേഹം പട്ടാളത്തിൽ ചേർന്നു. അവിടെ നിന്നും അദ്ദേഹത്തെ പിരിച്ചുവിട്ടു. ഇരുപതാമത്തെ വയസ്സിൽ ഭാര്യ അവരുടെ കുഞ്ഞിനേയും കൊണ്ട് അദ്ദേഹത്തെ ഒഴിവാക്കി പോയി. പിന്നെ അദ്ദേഹം ഒരു ചെറിയ ഹോട്ടലിൽ കുക്കായി ജീവിക്കാൻ തുടങ്ങി. അറുപത്തഞ്ചാമത്തെ വയസ്സിൽ അദ്ദേഹം ആ ജോലിയിൽ നിന്നും വിരമിച്ചു. തന്റെ ജീവിതം ഒരു പരാജയമാണെന്ന് തിരിച്ചറിഞ്ഞ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് മരണപത്രം തയ്യാറാക്കാൻ തുടങ്ങി. താൻ നല്ലൊരു കുക്കാണെന്നു അപ്പോഴാണ് അദ്ദേഹം ഓർമിച്ചത്. അടുത്ത ദിവസം 87 ഡോളർ കടം വാങ്ങി സ്വന്തം ചേരുവകൾ ഉപയോഗിച്ച് ചിക്കൻ പൊരിച്ചെടുത്തു. അടുത്തുള്ള വീടുകളിലെല്ലാം നടന്നു വിൽക്കാൻ തുടങ്ങി. എൺപത്തിഎട്ടു വയസ്സായപ്പോഴേക്കും അദ്ദേഹത്തിന്റെ ജന്മനാടിന്റെ  പേരു നൽകിയ കെഎഫ്‌സി ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്സ് സാമ്രാജ്യങ്ങളിൽ ഒന്നായി മാറുകയും, സ്ഥാപകൻ ശതകോടീശ്വരനാവുകയും  ചെയ്തു. അറുപത് കഴിഞ്ഞ രക്ഷിതാക്കളൊക്കെ അടങ്ങി ഒതുങ്ങി കഴിഞ്ഞാൽ മതി എന്ന കാഴ്ചപ്പാടുള്ള മക്കൾക്കും, യുവാക്കൾക്കുമെതിരെയുള്ള ഒരു സന്ദേശമാണ് സാൻഡേഴ്‌സിന്റെ  ജീവിതം.
കെന്റുക്കിയിലെ ലൂയിവിൽ എന്ന സ്ഥലത്ത് കൂടെ കടന്നു പോകുമ്പോൾ ബോക്‌സർ ചാമ്പ്യനായിരുന്ന മുഹമ്മദ് അലി ക്ലേയെ ഓർമ വരും. അദ്ദേഹത്തിൻെറ ജന്മനാടാണ് ലൂയിവിൽ. 1964ൽ ഇസ്ലാമതം സ്വീകരിച്ചാണ് മുഹമ്മദ് അലി ക്ലേ ആയി മാറുന്നത്. ഇരുപതാം നൂറ്റാണ്ടിലെ പ്രബലനായ കായിക താരവും മനുഷ്യസ്‌നേഹിയും ലോകത്തിലെ എക്കാലത്തെയും മികച്ച ബോക്‌സറുമായിരുന്ന മുഹമ്മദ് അലി ക്ലേയുടെ ജന്മ നാട് കാണാൻ കഴിഞ്ഞത് വലിയ സന്തോഷമുണ്ടാക്കി. അദ്ദേഹത്തിന്റെ പേരിട്ട ലൂയിവിൽ അന്താരാഷ്ട്ര വിമാനത്താവളം കാർ യാത്രയിൽ കാണാൻ കഴിഞ്ഞു. 


ഇല്ലിനോയിസ് സ്‌റ്റേറ്റിലേക്ക്  പ്രവേശിച്ചപ്പോൾ എന്നെ ഏറ്റവും ആകർഷിച്ചത് വിശാലമായി കിടക്കുന്ന കൃഷി ഭൂമിയിൽ ഉയർന്നു നിൽക്കുന്ന ആയിരക്കണക്കിന്  കാറ്റാടി യന്ത്രങ്ങളായിരുന്നു.  അമേരിക്കൻ വിൻഡ് എനർജി അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം ഇല്ലിനോയിസ് എനർജി ഡിപ്പാർട്‌മെന്റിന് 5000 മെഗാവാട്ട് കറന്റ്  കാറ്റാടി യന്ത്രങ്ങൾ ഉത്പാദിപ്പിച്ചു നൽകുന്നു.
വിസ്തൃതമായ റോഡുകൾ നിർമിച്ച അമേരിക്കൻ സർക്കാരിന്റെ കാഴ്ച്ചപ്പാട് പ്രത്യേകം എടുത്തുപറയേണ്ടതാണ്. 
റോഡ് മാർഗം നാഷ്‌വില്ലിൽ നിന്നും ചിക്കാഗോയിലെത്താൻ ഗൂഗിൾ മാപ്പ് പ്രകാരം 760 കിലോ മീറ്റർ ദൂരം യാത്ര ചെയ്യണം. രാവിലെ തുടങ്ങിയ യാത്ര ചിക്കാഗോയിലെത്തുമ്പോൾ വൈകുന്നേരം 6 മണിയായിരുന്നു. നല്ല മഴയായതു കൊണ്ടും, യാത്ര ക്ഷീണം കൊണ്ടും, ഒരു പാക്കിസ്ഥാനി ഹോട്ടലിൽ നിന്നും ചിക്കൻ ബിരിയാണി കഴിച്ച്  നേരെ റൂമിൽ പോയി കിടന്നുറങ്ങി. പിറ്റേ ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ ചിക്കാഗോ നഗരം കറങ്ങി കണ്ടു.

Latest News