Sorry, you need to enable JavaScript to visit this website.

മൈസൂർ കാഴ്ചകൾ

ഗുണ്ടൽപേട്ടിലെ  സൂര്യകാന്തി തോട്ടം  കണ്ട ശേഷം ഞങ്ങളുടെ യാത്ര കർണാടക സ്‌റ്റേറ്റിലെ ഏറ്റവും പ്രസിദ്ധമായ വിനോദ സഞ്ചാര ചരിത്ര പ്രദേശവും  കർണാടകയുടെ സാംസ്‌കാരിക തലസ്ഥാനവും  മൈസൂർ കടുവ എന്നറിയപ്പെടുന്ന  ടിപ്പുസുൽത്താന്റെ   ഭരണ കേന്ദ്രവുമായിരുന്ന  മൈസൂർ നഗരം ലക്ഷ്യമാക്കിയാണ്. ശ്രീരംഗപട്ടണത്തിലുള്ള ടിപ്പുവിന്റെ കോട്ടയും മ്യൂസിയവും വേണ്ട പരിഗണന ലഭിക്കാതെ കഴിയുകയാണ്. 
പ്രസിദ്ധമായ ചാമുണ്ഡി കുന്നുകളുടെ താഴ്‌വരയിൽ 152കിലോ മീറ്റർ വ്യാപിച്ചു കിടക്കുന്ന  പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്  മൈസൂർ. സഞ്ചാരികൾക്ക് വിരുന്നൊരുക്കുന്ന നിരവധി വിനോദ സ്ഥലങ്ങൾ ഉൾപ്പെട്ടതാണ് മൈസൂർ.  ഒരു ദിവസം കൊണ്ട് കണ്ടു പൂർത്തിയാക്കാൻ കഴിയുന്ന മൂന്ന് സ്ഥലങ്ങളാണ് ഞങ്ങൾ തെരഞ്ഞെടുത്തത്.


157 ഏക്കർ വ്യാപിച്ചു കിടക്കുന്ന മൃഗശാലയിലേക്ക് ഗുണ്ടൽപേട്ടിൽനിന്നും എൻ.എച്ച് 766 വഴി  ഒരു മണിക്കൂറും  ഇരുപത്  മിനുട്ടും യാത്ര ചെയ്യണം.  പ്രധാന കവാടത്തിലെ  ഗേറ്റിനു മുകളിൽ കാഴ്ചബംഗഌവിന്റെ പൂർണ  നാമം കാണാം. ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ  
ഗാർഡൻസ്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും ജനപ്രിയവുമായ മൃഗശാലകളിൽ ഒന്നായ ഇത്  വൈവിധ്യമാർന്ന  മൃഗങ്ങളുടേയും  പക്ഷികളുടെയും കേന്ദ്രമാണ്. നഗരത്തിലെ ഏറ്റവും മികച്ച  ആകർഷണങ്ങളിലൊന്നാണ്  മൈസൂർ മൃഗശാല. ടിക്കെറ്റെടുത്ത്  അകത്ത് കയറിയപ്പോഴാണ് മനസിലായത് ഈ മൃഗശാല മുഴുവൻ കാണണമെങ്കിൽ അനുവദിച്ച പ്രവേശന സമയമായ  രാവിലെ  8  മുതൽ വൈകുന്നേരം 5.30 വരെയെങ്കിലും  ആവശ്യമാണ്.  ലോകത്തെ തന്നെ  45 ഓളം രാജ്യങ്ങളിലെ പ്രധാന മൃഗ- പക്ഷി ശേഖരം  മൈസൂർ കാഴ്ച ബംഗഌവിന്റെ പ്രത്യേകതയാണ്.  1892 ൽ അന്നത്തെ മൈസൂർ ഭരണാധികാരി ചാമരാജേന്ദ്ര വാഡിയാർ ആണ് ഇത് സ്ഥാപിച്ചത്.


ഒരു മുഴുവൻ സമയ ഗൈഡിന്റെ ആവശ്യമില്ലാതെ ഓരോ ഇനവും കണ്ടു മനസ്സിലാക്കാൻ കഴിയുന്നു. ഓരോ ഇനത്തിന്റെയും സമീപം വിശദീകരണം നൽകിയ ബോർഡ് വായിച്ചു മനസ്സിലാക്കാൻ കഴിയും. അവിടെ തന്നെ ജനിച്ചു വളർന്ന മിക്ക മൃഗങ്ങളേയും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. സിംഹവും കടുവയും, വിവിധ കാടുകളിലെ ആനകളും  ജിറാഫുമെല്ലാം അവിടെ പ്രസവിച്ചു വളർന്നവരാണ്. മൃഗശാലയിലെ സ്‌നേക്  പാർക്ക് പാർക്ക് എടുത്തു പറയേണ്ടതാണ്. 
കാഴ്ച ബംഗഌവിൽ നിന്നും ഏതാണ്ട് 2 കിലോ മീറ്റർ ദൂരെയുള്ള മൈസൂർ കൊട്ടാരം താജ് മഹൽ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വന്നു പോകുന്ന വിനോദ സഞ്ചാര കേന്ദ്രം  കൂടിയാണ്.  കൊട്ടാരത്തിന് ചുറ്റും ഒരു വലിയ പൂന്തോട്ടമുണ്ട്. പ്രവേശന കവാടത്തിന്റെ  കമാനത്തിൽ മൈസൂർ രാജ്യത്തിന്റെ ചിഹ്നവും പിടിച്ചിരിക്കുന്നു. 


പാലസിൽ നിന്നും കെ.ആർ.എസ് റോഡ് വഴി 22 കിലോമീറ്റർ   യാത്ര ചെയ്താൽ പ്രസിദ്ധമായ വൃന്ദാവൻ ഗാർഡൻസിൽ എത്തിച്ചേരാം.  ഹിന്ദി, തമിഴ്, സിനിമ-സീരിയലുകളുടെ അപൂർവം സെറ്റുകളിൽ ഒന്നാണ് കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വൃന്ദാവൻ ഗാർഡൻസ്.     
കാവേരി നദിക്ക് കുറുകെ നിർമ്മിച്ച കൃഷ്ണരാജസാഗര അണക്കെട്ടിനോട് ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. 1927 ൽ ആരംഭിച്ച ഈ ഉദ്യാനം 1932 ൽ പൂർത്തീകരിച്ചു. പ്രതിവർഷം  ഇരുപത് ലക്ഷം വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന വൃന്ദാവൻ പൂന്തോട്ടവും മൈസൂർ ടൂറിസ്റ്റ് ഡിപ്പാർട്‌മെന്റിന്റെ  പ്രധാന വരുമാനമാർഗമാണ്. സന്ദർശകർക്കായി ബോട്ടിംഗ് സൗകര്യങ്ങളുള്ള ഒരു തടാകവും പൂന്തോട്ടത്തിനുള്ളിൽ ഉണ്ട്. കാഴ്ചബംഗ്ലാവും, കൊട്ടാരവും കണ്ടു കഴിഞ്ഞപ്പോൾ തന്നെ കുട്ടികൾ എല്ലാവരും അവശരായി.  വൃന്ദാവൻ ഗാർഡൻസ് മുഴുവനായി ചുറ്റിക്കറങ്ങാൻ മറ്റൊരു ദിവസം തെരഞ്ഞെടുക്കാമെന്ന് വെച്ച്  സന്ധ്യക്ക് മുമ്പേ യാത്ര തിരിച്ചു.

Latest News