Sorry, you need to enable JavaScript to visit this website.

പൗരത്വ ബിൽ; മോഡിയുടെ ഫെയ്‌സ്ബുക്ക് പേജിൽ അസമുകാരുടെ പൊങ്കാല

ന്യൂദൽഹി- വിവാദ പൗരത്വബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് അസം സ്വദേശികൾ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഫെയ്‌സ്ബുക്ക് പേജിൽ പ്രതിഷേധ പൊങ്കാലയിടുന്നു. ബിൽ ലോകസഭ പാസാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് മോഡി എഫ് ബിയിൽ പോസ്റ്റിട്ടിരുന്നു. ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഏകീകരണ ചിന്തയ്ക്കും മാനുഷിക മൂല്യങ്ങളുടെമേലുള്ള വിശ്വാസത്തിനും അനുസരിച്ചുള്ളതാണ് ബില്ലെന്നാണ് മോഡി പോസ്റ്റിൽ പറഞ്ഞത്. 
അതിന് താഴെ മാനുഷികം എന്നുള്ളതിന്റെ അർത്ഥം താങ്കൾക്ക് അറിയാമോയെന്ന് നിരവധി പേർ ചോദിച്ചു. നാണംകെട്ട രാഷ്ട്രീയത്തിനുവേണ്ടി ഇന്ത്യയെ വിഭജിക്കുന്നുവെന്ന് മറ്റൊരാൾ കുറിച്ചു.

തെരഞ്ഞെടുപ്പിൽ ബിജെപിയെ ആസാമീസ് ജനത പിന്തുണച്ചുവെന്നും ഈ ജനതയുടെ അവസ്ഥ ദയവായി മനസ്സിലാക്കണമെന്നും ചിലർ അഭ്യർത്ഥിച്ചു. എന്നാൽ താങ്കൾക്ക് വോട്ട് ചെയ്തത് അബദ്ധമായിയെന്നും കമന്റുണ്ട്. ഒരു രാജ്യം പ്രതിഷേധിക്കുമ്പോൾ താങ്കൾക്ക് എങ്ങനെ ആഹ്ലാദിക്കാൻ കഴിയുന്നുവെന്ന് ഒരാൾ കമന്റ് ചെയ്തു. പൗരത്വ നിയമത്തെ അംഗീകരില്ല. ഞങ്ങൾ ശക്തമായി എതിർക്കുന്നു. പ്രശ്‌നത്തിൽ ഇടപെടണമെന്നും ചിലർ അഭ്യർത്ഥിക്കുന്നു. ബില്ലിനെ അനുകൂലിച്ചും കമന്റുകൾ ഉണ്ട്.

ബില്ലിന് എതിരെ അസമിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 11 മണിക്കൂർ ബന്ദ് ആചരിക്കുകയാണ്.

ബില്ലിന് എതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാർ തെരുവുകളിൽ ഇറങ്ങി. അസമിന് പുറമെ അരുണാചൽ പ്രദേശ്, മേഘാലയ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിലും പ്രതിഷേധം ഉയരുന്നു. ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്നതിനാൽ നാഗാലാന്റിനെ ബന്ദിൽ നിന്നും ഒഴിവാക്കി.
 

Latest News