ന്യൂദൽഹി- പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷണം സി.ബി.ഐ അന്വേഷിക്കും. ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി നൽകിയ പരാതിയിലാണ് നടപടി. ഒരാഴ്ച്ചയ്ക്കുള്ളിൽ കേസ് സിബിഐയ്ക്ക് കൈമാറും. നിലവിൽ െ്രെകംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. അപകടത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. 2018 സെപ്തംബർ 25നാണ് ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി ബാല അപകട സ്ഥലത്ത് വച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കർ ചികിത്സയിൽ കഴിയവേ ഒക്ടോബർ രണ്ടിനും മരിച്ചു. ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ബാലാഭാസ്‌കറിന്റെ പരിചിതവലയത്തിൽപ്പെട്ട പ്രകാശ് തമ്പി സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് അപകടത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണം ഉയർന്നത്.