കൊച്ചി- നടിയെ ആക്രമിച്ച കേസിൽ തെളിവ് നശിപ്പിച്ചതിലടക്കം സിനിമാതാരം നാദിർഷായ്ക്ക് പങ്കുണ്ടെന്ന് പൊലീസ്. നാദിർഷായെ വീണ്ടും ചോദ്യം ചെയ്യും. നേരത്തെ നാദിർഷായെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസൺ കോടതിയിൽ നൽകിയ മൊഴിയിലും നാദിർഷായെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു. ജയിലിൽനിന്ന് മൂന്നുദിവസം തുടർച്ചയായി പൾസർ സുനി സംവിധായകൻ നാദിർഷായെയും ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെയും വിളിച്ചെന്ന് ജിൻസൺ മൊഴി നൽകിയിരുന്നു. കേസിൽ നാദിർഷാ, അപ്പുണ്ണി എന്നിവർക്ക് പങ്കുണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും ജിൻസൺ പറഞ്ഞിരുന്നു. നാദിർഷായെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്നും സൂചനയുണ്ട്.
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പിച്ചത് രാജുവാണെന്ന് പ്രതീഷ് ചാക്കോ മൊഴി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ആലുവ പൊലീസ് ക്ലബിലെ ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
എറണാകുളം മജിസ്‌ട്രേട്ട് കോടതിയിൽ കീഴടാങ്ങനെത്തുന്നതിന് മുമ്പ് പ്രതീഷ് ചാക്കോയെ മൊബൈൽ ഫോൺ ഏൽപ്പിച്ചിരുന്നുവെന്ന് സുനി മൊഴി നൽകിയിരുന്നു. കേസിലെ നിർണായക തെളിവായ മൈബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിരുന്നില്ല. സുനി നൽകിയ മൊബൈൽ ഫോണും മെമ്മറി കാർഡും രാജുജോസഫിനെ ഏൽപ്പിച്ചെന്നും ഇയാൾ ഇത് നശിപ്പിക്കുകയായിരുന്നുവെന്നും പ്രതീഷ് ചാക്കോ മൊഴി നൽകിയിരുന്നു. രണ്ടാംതവണയാണ് രാജുജോസഫിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. രാജുജോസഫിന്‍റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നടി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരുടെ മൊഴി രേഖപ്പെടുത്തി. കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്‍റെ സഹോദരി ഭർത്താവിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്നത് സഹോദരീ ഭർത്താവാണ്. രാവിലെ 11.40നാണ് ഇദ്ദേഹത്തെ ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തി മൊഴിയെടുത്തത്.
അക്രമിക്കപ്പെട്ട നടിയുമായി എന്തെങ്കിലും സാമ്പത്തിക തർക്കങ്ങളോ അത് സംബന്ധിച്ച പ്രശ്നങ്ങളോ ദിലീപിന് ഉണ്ടായിരുന്നോ എന്ന കാര്യമാവും സൂരജ് അടക്കമുള്ള ബന്ധുക്കളിൽ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞത്. ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തും നടിയുമായ ശ്രിത ശിവദാസിൽ നിന്നും കഴിഞ്ഞ ദിവസം മൊഴിയെടുത്തു. ആലുവ ഉളിയന്നൂരിലെ വീട്ടിലെത്തിയായിരുന്നു അന്വേഷണ സംഘം മൊഴിയെടുത്തത്. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചാണ് വിവരം ശേഖരിച്ചത്. നടിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെങ്കിലും ദിലീപുമായി പരിചയമില്ലെന്നാണ് ശ്രിത പൊലീസിനോട് പറഞ്ഞത്.