Sorry, you need to enable JavaScript to visit this website.

പൗരത്വ ബില്ലിനെതിരെ അസമിൽ വൻ പ്രതിഷേധം

പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് അസമിലെ ഗുവാഹതിയിൽ പ്രക്ഷോഭകർ ബസ് ആക്രമിക്കുന്നു.

ഗുവാഹതി- കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമിൽ വ്യാപക പ്രതിഷേധം. ബിൽ ഭരണഘടനാ വിരുദ്ധവും, അസം ഉടമ്പടിയുടെ ലംഘനവുമാണെന്നാരോപിച്ച് വിവിധ സംഘടനകൾ ഇന്നലെ തെരുവിലിറങ്ങി. ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി സർബാനന്ദ് സോനോവാളിനെ കഴിഞ്ഞ ദിവസം രണ്ട് സ്ഥലത്താണ് പ്രതിഷേധക്കാർ കരിങ്കൊടി കാട്ടിയത്. 


ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവേ മുഖ്യമന്ത്രിയെ ഓൾ അസം സ്റ്റുഡന്റ്‌സ് യൂനിയൻ (ആസു) പ്രവർത്തകർ കരിങ്കൊടി കാട്ടി. നാഗാവോൺ ജില്ലയിൽ ഒരു പൊതുപരിപാടിക്കെത്തിയ മുഖ്യമന്ത്രിയെ എ.ജെ.വൈ.സി.പി പ്രവർത്തകരും കരിങ്കൊടി കാട്ടി.
പ്രതിഷേധക്കാർ ഇന്നലെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ അക്രമം അഴിച്ചുവിട്ടു. വാഹനങ്ങൾക്കും കടകൾക്കും നേരെ ആക്രമണമുണ്ടായി. വിവിധ പട്ടണങ്ങളിൽ നടന്ന പന്തം കൊളുത്തി പ്രകടനങ്ങളിൽ സ്ത്രീകളടക്കം ആയിരങ്ങൾ പങ്കെടുത്തു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബി.ജെ.പി സർക്കാറുകൾക്കെതിരെ അവർ മുദ്രാവാക്യങ്ങൾ മുഴക്കി. 
ബിൽ ഭരണഘടനാ വിരുദ്ധവും തികച്ചും വർഗീയവുമാണെന്ന് ആസു നേതാക്കൾ ആരോപിച്ചു. സംസ്ഥാനത്തേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ ബംഗ്ലാദേശികളുടെ വോട്ട് കിട്ടുന്നതിനുവേണ്ടിയാണ് ബി.ജെ.പി ഇത്തരമൊരു ബില്ല് കൊണ്ടുവന്നതെന്നും ഇത്തരമൊരു ബിൽ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.
അസമിനുപുറമെ മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബില്ലിനെതിരെ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. 


2014 ഡിസംബർ 31 ന് മുമ്പ് അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് മതപരമായ പീഡനം മൂലം അഭയാർഥികളായി എത്തിയ മുസ്‌ലിംകൾ ഒഴികെയുള്ള മതവിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് ഇപ്പോഴത്തെ ഭേദഗതി ബിൽ. ഇത് നിയമമായാൽ ഏറ്റവുമധികം സാമൂഹിക പ്രത്യാഘാതമുണ്ടാവുക അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളലുമായിരിക്കും.


ബംഗ്ലാദേശിൽനിന്ന് വൻതോതിൽ ഈ സംസ്ഥാനങ്ങളിൽ അനധികൃതമായി കുടിയേറിയിട്ടുള്ള ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം ഉറപ്പാക്കാൻ ഈ ബിൽ സഹായകമാകും. അതോടെ ഈ സംസ്ഥാനങ്ങളിലെ ഗോത്ര സമവാക്യങ്ങൾ തെറ്റുമെന്നതാണ് അവിടങ്ങളിലെ ജനങ്ങളുടെ ആശങ്ക. കാലക്രമത്തിൽ ബംഗാളികൾ അവിടങ്ങളിൽ ആധിപത്യം നേടുമെന്നും തങ്ങളുടെ ഭാഷയും സംസ്‌കാരവുമെല്ലാം പിന്തള്ളപ്പെട്ടുപോകുമെന്നും അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഭയക്കുന്നു.

Latest News