Sorry, you need to enable JavaScript to visit this website.

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ അടുത്തയാഴ്ച നടപ്പാക്കിയേക്കും

ന്യൂദൽഹി - രാജ്യത്തെ നടുക്കിയ നിർഭയ കൂട്ടമാനഭംഗ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്തയാഴ്ച തന്നെ നടപ്പാക്കുമെന്ന് സൂചന. അതോടൊപ്പം മറ്റു കേസുകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെയും തൂക്കിലേറ്റിയേക്കുമെന്നാണ് വിവരം. ഇതിനായി ബിഹാറിലെ ബക്‌സർ ജയിൽ അധികൃതരോട് ഡിസംബർ 14ന് മുമ്പ് പത്തു തൂക്കു കയറുകൾ നിർമിച്ചു നൽകണമെന്ന് ജയിൽ ഡയറക്ടറേറ്റ് നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ വിവിധ ജയിലുകളിലേക്ക് തൂക്കുകയർ തയാറാക്കി നൽകുന്നത് ബക്‌സറിൽ നിന്നാണ്.
2012 ഡിസംബർ 16 നാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് നിർഭയ എന്ന് പിന്നീട് അറിയപ്പെട്ട പാരാമെഡിക്കൽ വിദ്യാർഥിനി ദൽഹിയിൽ കൂട്ട മാനഭംഗത്തിന് ഇരയായത്. അതീവ ഗുരുതരാവസ്ഥയിൽ ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ യുവതി, വിദഗ്ധ ചികിത്സക്കിടെ സിംഗപ്പൂരിലെ ആശുപത്രിയിലാണ് മരിച്ചത്. പ്രതികളിൽ ഒരാളായ വിനയ് ശർമ തന്റെ ദയാഹരജി അപേക്ഷ പിൻവലിക്കുകയാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. 


രാജ്യത്തെ വിവിധ ജയിലുകളിലായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നവർ നിരവധിയാണ്. നിയമ നടപടികൾ പൂർത്തിയായവർ പോലും ശിക്ഷ കാത്ത് ജയിലുകളിൽ കഴിയുന്നുണ്ട്. മാനഭംഗ കേസുകളിലെ ഉൾപ്പെടെ കുറ്റവാളികളുടെ വിധി നടപ്പാക്കൽ നീണ്ടുപോകുന്നത് അടുത്തിടെ വലിയ വിമർശനത്തിനു വഴിവെച്ചിരുന്നു.
അടുത്ത 25 ദിവസത്തിനകം പത്തു തൂക്കു കയറുകൾ തയാറാക്കാനാണ് നിർദേശം ലഭിച്ചിരിക്കുന്നതെന്ന് ബക്‌സർ ജയിൽ അധികൃതർ പറഞ്ഞു. ഇതിന് തയാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. മൂന്നു ദിവസമാണ് ഒരു തൂക്കുകയർ സജ്ജമാക്കാനായി വേണ്ടിവരിക. പരുത്തിനൂൽ കൊണ്ടാണ് തൂക്കുകയറുകൾ ഒരുക്കുന്നത്. 7200 നൂലുകളാണ് ഒരു കയറിൽ ഉണ്ടാവുക. 150 കിലോഗ്രാം വരെ ഭാരം ഇതിനു വഹിക്കാനാകും.


മുംബൈ ഭീകരാക്രമണക്കേസിൽ കോടതി വധശിക്ഷ വിധിച്ച അജ്മൽ കസബാണ് രാജ്യത്ത് ഏറ്റവുമൊടുവിൽ തൂക്കിലേറ്റപ്പെട്ടത്. 2008 ലാണ് കസബിന് വധശിക്ഷ നടപ്പാക്കിയത്. ഇതിനു വേണ്ടിയാണ് ബക്‌സർ ജയിലിൽനിന്ന് അവസാനമായി തൂക്കുകയർ തയാറാക്കി നൽകിയതും. 
കസബിനെ തടവിൽ പാർപ്പിച്ചിരുന്ന മുംബൈ ആർതർ റോഡ് ജയിലിലായിരുന്നു അയാളെ തൂക്കിലേറ്റിയതും. മഹാരാഷ്ട്രയ്ക്കായിരുന്നു അന്ന് ബക്‌സറിൽനിന്ന് തൂക്കുകയർ നൽകിയത്. ഇപ്പോൾ എവിടെ നിന്നാണ് ഓർഡർ ലഭിച്ചിരിക്കുന്നതെന്ന് ബക്‌സർ ജയിൽ അധികൃതർ വ്യക്തമാക്കിയിട്ടില്ല. തൂക്കുകയർ ലഭിച്ചാൽ ആദ്യം ശിക്ഷ നടപ്പാക്കുക ദൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന നിർഭയ കേസ് പ്രതികളുടേതാകുമെന്നാണ് റിപ്പോർട്ടുകൾ. 

 


 

Latest News