Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രവാസികൾ ഒന്നിക്കണം -അബ്ദുൽ മജീദ് ഫൈസി

ഇന്ത്യൻ സോഷ്യൽ ഫോറം കേരളാ സ്റ്റേറ്റ് കമ്മിറ്റി റിയാദിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ അബ്ദുൽ മജീദ് ഫൈസി സംസാരിക്കുന്നു. 

റിയാദ് - രാജ്യത്തെ പൗരന്മാരെ മതത്തിന്റെ പേരിൽ  വേർതിരിച്ച് പീഡിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രവാസികൾ ഒന്നിക്കണമെന്നും  ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടു  വരണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു. ഇന്ത്യൻ സോഷ്യൽ ഫോറം കേരളാ സ്റ്റേറ്റ് കമ്മിറ്റി റിയാദിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന ഉറപ്പു നൽകുന്ന സമത്വം ഉൾപ്പെടെയുള്ള മൂല്യങ്ങൾ അവഗണിച്ച് കേന്ദ്ര സർക്കാർ പാസാക്കിയെടുത്ത ഈ ബില്ലിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രീതിയിൽ ഉള്ള അക്രമങ്ങൾക്ക് വിധേയരായി കൊണ്ടിരിക്കുന്ന രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെ ഭരണകൂടം നേരിട്ട് നടത്തുന്ന അക്രമമാണിത്. തീർത്തും വർഗീയ താത്പര്യമുള്ള ഈ ബില്ലിനെതിരേ മതേതര  ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രീം കോടതിയുടെ വിചിത്ര വിധി ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്. 
തെളിവിന്റെ അടിസ്ഥാനത്തിൽ വിധി പ്രഖ്യാപിക്കുന്നതിന് പകരം വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിധി പ്രഖ്യാപിക്കുന്ന പുതിയ രീതിയിലേക്ക് നീതിന്യായ വ്യവസ്ഥ മാറിയിരിക്കുന്നു. ഭാവിയിലും സമാനമായ പ്രശ്‌നങ്ങൾ ഉണ്ടാവുമ്പോൾ ഈ വിധിയെ അടിസ്ഥാനമാക്കിയാവും കീഴ്‌ക്കോടതികൾ വിധി നിർണയിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.


പ്രസിഡന്റ് നൂറുദ്ദീൻ തിരൂർ അധ്യക്ഷത വഹിച്ചു. വിവിധ ബ്ലോക്ക് കമ്മിറ്റികളുടെ നേത്യത്വത്തിൽ അബ്ദുൽ മജീദ് ഫൈസിക്ക് ഉപഹാരം നൽകി. ചടങ്ങിൽ സോഷ്യൽ ഫോറത്തിലേക്ക് പുതുതായി കടന്ന് വന്ന പ്രവർത്തകർക്ക് സ്വീകരണം നൽകി. പുതുവൽസര കലണ്ടർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ കാരന്തൂർ അബ്ദുൽ മജീദ് ഫൈസിക്ക് നൽകി പ്രകാശനം ചെയ്തു. 2019 ലെ  പ്രളയത്തിൽ മികച്ച സേവനം കാഴ്ചവെച്ച സോഷ്യൽ ഫോറം പ്രവർത്തകരെ ആദരിച്ചു. സ്റ്റേറ്റ് ജനൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി, വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് എൻ.എൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി മുഹിനുദ്ദീൻ മലപ്പുറം, ഉസ്മാൻ.എ.വൈ, നോർത്ത് ബ്ലോക്ക് പ്രസിഡന്റ് കുഞ്ഞു മുഹമ്മദ് (ബാപ്പൂട്ടി), സൗത്ത് ബ്ലോക്ക് വൈസ് പ്രസിഡന്റ് സലീം മഞ്ചേരി, ഒലയ ബ്ലോക്ക് പ്രസിഡന്റ് റഹീം കല്ലായി, മലാസ് ബ്ലോക്ക് പ്രസിഡന്റ് ഷാനവാസ് കടയ്ക്കൽ, സനയ ബ്ലോക്ക് ജനറൽ സെക്രട്ടറി അബ്ദുൽ അസീസ്, ഷിഫ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കരീം എന്നിവർ സന്നിഹിതരായിരുന്നു.

 

Latest News