Sorry, you need to enable JavaScript to visit this website.

കന്യാസ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക്  പരിഹാരം വേണം -സിസ്റ്റർ ലൂസി

കൊച്ചി- താനടക്കമുള്ള ആയിരകണക്കിന് കന്യാസ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരള സംസ്‌കാരത്തിൽ ഇത്തരത്തിലുള്ള അപചയം ചൂണ്ടി കാണിച്ചിട്ടും വനിതാ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും നടപടികൾ എടുക്കാത്തത് ദുഃഖകരമാണെന്നും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പറഞ്ഞു. 
കർത്താവിന്റെ നാമത്തിൽ എന്ന ആത്മകഥയുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. 
മനുഷ്യാവകാശ നിഷേധങ്ങളെ പുറത്തുകൊണ്ടുവരുന്നതിനൊപ്പം ഇപ്പോഴും പീഡനങ്ങൾ ഏറ്റുവാങ്ങി കഴിയുന്ന കന്യാസ്ത്രീകൾക്കും അവരുടെ കുടുംബത്തിനും പ്രതികരിക്കാനുള്ള ഊർജവും ആർജവവും നൽകുന്നതിനാണ് താൻ ആത്മകഥയെഴുതിയത്. 


നിഷേധിക്കപ്പെട്ട അവകാശങ്ങൾ വീണ്ടെടുക്കാനും അന്തസോടെ ജീവിക്കുവാനുമുള്ള ബോധവൽക്കരണമാണ് ആത്മകഥയിലൂടെ താൻ നടത്തുന്നത്. 34 വർഷത്തെ തന്റെ ജീവിതാനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. പുസ്തകം പുറത്തിറക്കിയ പ്രസാധകനടക്കമുള്ളവർക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അപലപിക്കപ്പെടേണ്ടതാണെന്നും സിസ്റ്റർ ലൂസി പറഞ്ഞു. ചർച് ആക്റ്റ് നടപ്പിലാക്കണം. മാനനന്തവാടിയിൽ നിന്നുള്ള സിസ്റ്റർ ദീപയ്ക്ക് ഇംഗ്ലണ്ടിലെ മഠത്തിലെ പീഡനം മൂലം മാനസീക നില തകരാറിലായി. ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ഗ്രേസ് ആൻഡ് കംപാഷൻ  ബെനഡിക്റ്റൻ കോൺഗ്രിഗേഷനിൽ അംഗമാണ് ദീപ. മൊണാസ്ട്രിയുടെ സഹോദര സ്ഥാപനമായ സ്‌കോളാസ്റ്റിക്ക കോൺവെന്റിലാണ് അവർ ആദ്യം ചേരുന്നത്. 18 വർഷം ഇംഗ്ലണ്ടിൽ സേവനം ചെയ്ത ദീപയെ സഹായിക്കാൻ സഭ ഒന്നുംതന്നെ ചെയ്യുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് ദീപയുടെ മാതാപിതാക്കൾ മാനന്തവാടി ബിഷപ്പിന്റെ വസതിക്ക് മുന്നിൽ സമരം ഇരുന്നത്. ഇത്തരത്തിൽ പീഡനവും അവഗണനയും അനുഭവിക്കുന്ന വർക്ക് പറയുവാനുള്ളത് പറയുന്നതിനായി ജസ്റ്റിസ് ഫോർ ലൂസി ഫേസ്ബുക് കൂട്ടായ്മ കന്യാസ്ത്രീയ്ക്ക് പറയാനുള്ളത് എന്ന പരിപാടി നടത്തുമെന്നും സിസ്റ്റർ ലൂസി പറഞ്ഞു.

 

Latest News