റിയാദ് - ലോകത്ത് ഏറ്റവുമധികം കോഴിയിറച്ചി കയറ്റുമതി ചെയ്യുന്ന കമ്പനികളിലൊന്നായ ബ്രസീലിലെ ബി.ആർ.എഫ് പൗൾട്രി കമ്പനിക്ക് സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (സാജിയ) ലൈസൻസ് നൽകി.
സൗദിയിൽ 12 കോടി ഡോളറിന്റെ പദ്ധതി ആരംഭിക്കുന്നതിനാണ് കമ്പനിക്ക് ലൈസൻസ് ലഭിച്ചിരിക്കുന്നത്. റിയാദിൽ സാജിയ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ബ്രസീലിയൻ കമ്പനി പ്രതിനിധികൾക്ക് ലൈസൻസ് കൈമാറി. സാജിയ ഗവർണർ ഇബ്രാഹിം അൽഉമർ, സാജിയ അണ്ടർ സെക്രട്ടറി സുൽത്താൻ മുഫ്തി, സാജിയയിൽ വ്യവസായ മേഖലാ വിഭാഗം മേധാവി മുഹമ്മദ് അൽജുനൈനി, സൗദിയിലെ ബ്രസീൽ അംബാസഡർ, ബി.ആർ.എഫ് വൈസ് പ്രസിഡന്റുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മേഖലയിലെ ഏറ്റവും വലിയ പൗൾട്രി ഉൽപന്ന കയറ്റുമതി രാജ്യമായി സൗദി അറേബ്യയെ പരിവർത്തിപ്പിക്കുന്നതിനും പൗൾട്രി വ്യവസായം സ്വദേശിവൽക്കരിക്കുന്നതിനും സാജിയ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് ബ്രസീലിയൻ കമ്പനിക്ക് ലൈസൻസ് അനുവദിച്ചത്. ലൈസൻസ് പ്രകാരം ബ്രസീലിയൻ കമ്പനി സൗദിയിൽ ഫാക്ടറി നിർമിച്ച് പ്രവർത്തിപ്പിക്കും. സൗദി വിപണി കേന്ദ്രമാക്കി പ്രവർത്തനം വ്യാപിപ്പിക്കുന്ന കമ്പനി പ്രാദേശിക വിപണിയിലും മേഖലാ വിപണികളിലും കടുത്ത മത്സരം കാഴ്ച വെക്കും.
ഈ വർഷാദ്യം മുതൽ സൗദിയിലേക്ക് വലിയ തോതിൽ വിദേശ നിക്ഷേപങ്ങൾ ഒഴുകുന്നുണ്ടെന്ന് സാജിയ ഗവർണർ ഇബ്രാഹിം അൽഉമർ പറഞ്ഞു. ഒമ്പതു മാസത്തിനിടെ 800 ലേറെ വിദേശ കമ്പനികൾക്കും നിക്ഷേപകർക്കും സാജിയ ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ 33 ശതമാനം പ്രാദേശിക നിക്ഷേപകരുമായി ചേർന്നുള്ള സംയുക്ത നിക്ഷേപ പദ്ധതികളാണെന്നും ഇബ്രാഹിം അൽഉമർ പറഞ്ഞു.
ഒകടോബർ അവസാനത്തിൽ റിയാദിൽ സംഘടിപ്പിച്ച ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിനിടെ സാജിയയും ബി.ആർ.എഫ് കമ്പനിയും ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ആകെ 2000 ലേറെ കോടി ഡോളറിന്റെ 26 പദ്ധതികൾക്കുള്ള ധാരണാപത്രങ്ങളാണ് ഫോറത്തിൽ ഒപ്പുവെച്ചത്. ഊർജം, ജലം, മരുന്ന്, ലോജിസ്റ്റിക് സർവീസസ്, പെട്രോകെമിക്കൽസ്, ടെക്നോളജി, സംരംഭകത്വം അടക്കമുള്ള മേഖലകളിലെ പദ്ധതികൾക്കാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിനിടെ ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്.






