Sorry, you need to enable JavaScript to visit this website.

കോയമ്പത്തൂരിൽനിന്ന് ഒരു അതിഥി

ജോൺ നാഷിനെയും വസിഷ്ഠനാരായൺ സിംഗിനെയും പറ്റി കഴിഞ്ഞയാഴ്ച എൻ എസ് മാധവൻ മലയാള മനോരമയിൽ എഴുതിക്കണ്ടു. പ്രിൻസ്റ്റൺ സർവകലാശാലയിൽ ഗവേഷകനായ നാഷ് ഇരുപത്തിമൂന്നു വയസ്സുള്ളപ്പോൾ വിളക്കിയെടുത്തതാണ് മുപ്പതുകൊല്ലത്തിനു ശേഷം അദ്ദേഹത്തിന് നൊബേൽ സമ്മാനം നേടിക്കൊടുത്ത ഗണിത സിദ്ധാന്തം.
കണ്ടുപിടിത്തത്തിനു ശേഷം ഏറെ കഴിഞ്ഞില്ല, ഒരു പക്ഷേ കണ്ടുപിടിത്തത്തിലേക്ക് അദ്ദേഹം നീങ്ങിക്കൊണ്ടിരുന്ന കൊല്ലങ്ങളിലുമാകാം, നാഷിന്റെ തല തിരിഞ്ഞുപോയി. കുഴഞ്ഞുമറിഞ്ഞ കാഴ്ചകളിൽ അദ്ദേഹം പൊരുത്തവും സാമ്യവും തിരഞ്ഞ് പിടിച്ചു. അദൃശ്യരായ ആരോടൊക്കെയോ എഴുത്തുകുത്തു നടത്തി.  അദ്ദേഹം കൂടെക്കൂടെ കത്തുകൾ തപാലിലിട്ടിരുന്നുവെന്നല്ലാതെ, നിഗൂഢതയിൽ പതിഞ്ഞിരുന്ന ആരും അദ്ദേഹത്തിനു കത്തയച്ചില്ല.


പലരുമായും വഴക്കടിച്ചു, അടിപിടി കൂടി,  തിരിച്ചറിയാതെ, സംശയത്തോടെ. ഭാര്യയെ മൊഴി ചൊല്ലി. ആശുപത്രിയിലായി.  വിഹ്വലമായ ആ ജീവിതം താളം പിഴച്ചു നീങ്ങിക്കൊണ്ടിരുന്നു. ഞാൻ അതിനെപ്പറ്റി ആദ്യം മനസ്സിലാക്കിയത് കൗശിക് ബസു എന്ന ഇന്ത്യൻ പ്രൊഫസറിൽനിന്നായിരുന്നു. മെട്രോയിൽ അലക്ഷ്യമായി അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തുകൊണ്ടിരുന്ന നാഷിനെ ബസു ഉച്ചയൂണിനു ക്ഷണിച്ചു. കാര്യമായി ഒന്നും പറയാതെ ക്ഷണം സ്വീകരിച്ച നാഷ് ഒരക്ഷരമുരിയാടാതെ ഭക്ഷണം കഴിച്ചു, സ്ഥലം വിട്ടു. 
പിന്നെപ്പിന്നെ സർഗസമൃദ്ധമായ നാഷിന്റെ ജീവിതത്തിൽ ശാന്തത കണ്ടു തുടങ്ങി. നൊബേൽ സമ്മാനം വന്നു.   എ ബ്യൂട്ടിഫുൾ മൈൻഡ് ജീവിത കഥയിലൂടെയും സിനിമയിലൂടെയും പ്രശസ്തി ഉണ്ടായി. താളപ്പിഴയുടെ രൂപഭാവങ്ങൾ ഉള്ളിൽ കൊള്ളുന്ന മട്ടിൽ ആവിഷ്‌കരിച്ച റസ്സ്‌ല് ക്രോ പുരസ്‌കരിക്കപ്പെട്ടു. നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട് നാഷ് പറഞ്ഞ വാക്കുകൾ ബോധത്തിന്റെയും തത്വദർശനത്തിന്റെയും പുതിയ മാനങ്ങൾ വെളിപ്പെടുത്തി.


ബോധം തകർന്നും വിടർന്നും മുന്നോട്ടു പോയ നാഷിന് അമേരിക്കൻ സമൂഹത്തിൽ അവഗണന ഉണ്ടായില്ല. അതുകൊണ്ടാകാം, വൈകിയാണെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭ വികസിക്കുകയും വാഴിക്കപ്പെടുകയും ചെയ്തതെന്ന് മാധവൻ പറയുന്നു. എന്തോ ആവട്ടെ, അങ്ങനെയൊരംഗീകാരം കിട്ടാതെ പൊലിഞ്ഞുപോയ ഒരാളായിരുന്നു വസിഷ്ഠനാരായൺ സിംഗ്. പ്രിൻസ്റ്റണിൽനിന്ന് ഗണിത ഗവേഷണ ബിരുദവുമായി ഇരുപത്തിമൂന്നു വയസ്സിൽ ഇന്ത്യയിൽ മടങ്ങിയെത്തുകയായിരുന്നു വസിഷ്ഠ്. 
പിന്നെ ഏറെ കാലമുണ്ടായില്ല പഠനവും മനനവും. തലച്ചോറിലെ രാസഘടനയുടെ അംശബന്ധങ്ങൾ ഇളകിയാടി, ഗണിതത്തിന്റെ കൃത്യതയും ലയവും താറുമാറായി. 
നാഷിന്റേതിനോട് ഉപമിക്കാവുന്ന വസിഷ്ഠിന്റെ സർഗസിദ്ധികൾ, പക്ഷേ, കാണാൻ ഇന്ത്യക്കാരുണ്ടായില്ല. റാഞ്ചിയിലെ മനോരോഗാശുപത്രിയിൽ ലോകമറിയാതെ അദ്ദേഹം അവസാനിച്ചു. അവിടം സന്ദർശിച്ച മാധവൻ ഇന്ത്യൻ അവഗണനയുടെ ആഴവും പരപ്പും അളന്നു കാട്ടുകയായിരുന്നു.


നാഷിന്റെയോ വസിഷ്ഠിന്റെയോ ഗണത്തിൽ പെടുത്താവുന്ന ആളല്ല കഴിഞ്ഞയാഴ്ച എന്നെ കാണാൻ കോയമ്പത്തൂരിൽനിന്നു വന്ന അപ്രിചിതനായ കൃഷ്ണസ്വാമി. കൃഷ്ണസ്വാമി ഗണിത ശാസ്ത്രജ്ഞനല്ല, വിദേശത്തു പോയി വിദഗ്ധ ഗവേഷണം നടത്തിയ ആളല്ല. ഞങ്ങൾ മുപൊന്നും കണ്ടിട്ടില്ലെങ്കിലും, ഒരു ദിവസം എന്നെ തേടി കൃഷ്ണസ്വാമി വന്നു.  
ആദ്യം വന്നത് ഫോൺ വിളിയായിരുന്നു: ഗോവിന്ദൻ കുട്ടി സർ, നമസ്‌കാരം.
 രണ്ടു ദിവസം മുമ്പ്  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന ടി എൻ ശേഷൻ മരിച്ചുപോയിരുന്നു. അദ്ദേഹത്തിന്റെ ജീവിത കഥ രേഖപ്പെടുത്തിയ ആളെന്ന നിലക്കായിരുന്നു കൃഷ്ണസ്വാമിക്ക് എന്നിൽ താൽപര്യം. കണ്ടാൽ കൊള്ളാം. സൗകര്യം പോലെ എന്നു ഞാൻ. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ഫോൺ. രാത്രി വണ്ടിക്ക് വരുന്നു.…
പിറ്റേന്ന് ഉച്ച വരെ എനിക്ക് ഓരോരോ ബദ്ധപ്പാട് ഉണ്ടായിരുന്നു. ഉച്ച തിരിഞ്ഞ് പറഞ്ഞ നേരത്ത് സ്വാമി വന്നു, പത്തു മിനിറ്റ് നേരത്തെ മുന്നറിയിപ്പോടു കൂടി. എന്തു സംസാരിക്കാനെന്ന് ഞാൻ ചോദിക്കാൻ വിട്ടുപോയിരുന്നു. എന്തെങ്കിലുമൊക്കെ പൊതുതാൽപര്യം കണ്ടേക്കുമെന്ന് ഞാൻ കരുതി. 


ഓട്ടോറിക്ഷക്കാരനുമായി എന്തോ കുശലം പറഞ്ഞ് ഇറങ്ങിവന്ന കൃഷ്ണസ്വാമിയുടെ രണ്ടു കയ്യിലും രണ്ടു മൂന്നു സഞ്ചികൾ ഉണ്ടായിരുന്നു. അലക്കിത്തേച്ചതെന്നു പറയാൻ വയ്യാത്ത വസ്ത്രം. വെട്ടാതെ താഴോട്ടു നീണ്ടിരുന്ന താടി. ഉമ്മറത്ത് കയറിയ ഉടനെ നമസ്‌തേ പറഞ്ഞ് ഒരു സഞ്ചി എന്റെ ഭാര്യക്ക് സമ്മാനിച്ചു. അടയാർ ആനന്ദഭവൻ സ്വീറ്റ്‌സ്. എനിക്ക് ഒരു പുസ്തകം. ഒപ്പം അതിനകം ഫോട്ടോ കോപ്പി എടുത്ത് കുത്തിക്കെട്ടിയ  ശേഷന്റെ കഥയും. 
സ്വാമിക്ക് പതിവിൽ കൂടുതൽ ചൂട് അനുഭവപ്പെടുന്നതു പോലെ തോന്നി. കൂടെക്കൂടെ അത് ഊതിക്കുറക്കാനായിരുന്നു ശ്രമം. മാമൂലനുസരിച്ച് 'വേണ്ട്' എന്നു പറയാതെ ചായ കുടിച്ചു. രണ്ടേ രണ്ട് ബിസ്‌കറ്റ് എടുത്ത് ബാക്കി മാറ്റി വെച്ചു. പിന്നെ പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളാവുന്ന സംസാരം തുടങ്ങി. ആളുകളെയും സംഭവങ്ങളെയും പറ്റിയുള്ള അദ്ദേഹത്തിന്റെ വിധിനിർണയങ്ങൾ ബുദ്ധിപൂർവകമായിരുന്നു. 


വികാര ലേശമില്ലാതെ അദ്ദേഹം സംസാരിച്ചുകൊണ്ടേ പോയി. ിെരഞ്ഞെടുപ്പു പരിഷ്‌കാരങ്ങളും സുരക്ഷിതത്വ പ്രശ്‌നങ്ങളും കൂടുതൽ നേരം അപഹരിച്ചു. 
അതിനിടെ ഒരു ഇൻഷുറൻസ് ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നു ഞാൻ മനസ്സിലാക്കി. ഒറ്റയാനാണ്. ചാർട്ടേഡ് അക്കൗണ്ടന്റ് ആയ എന്റെ ഒരു കോയമ്പത്തൂർ ചങ്ങാതി സ്വാമിയുടെ സഹപാഠിയായിരുന്നു. വീടു നിറയെ പുസ്തകമായിരുന്നു. 9000 എണ്ണം. ഉള്ള സൗകര്യം കൊണ്ട് അവിടെ കൂടാമെന്നൊരു ക്ഷണവും ഉണ്ടായി. 
ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ഓട്ടോ വന്നു. അത്ര കണിശമായി പറഞ്ഞുവിട്ട പരിചയമില്ലാത്ത ഓട്ടോ  തിരിച്ചു വരുന്ന അനുഭവം പുതുതായിരുന്നു. കാത്തിരിക്കാൻ ഓട്ടോക്കാരനോട് ആംഗ്യം കാട്ടി. വിട പറയാറായപ്പോൾ സ്വാമി സഞ്ചിയിൽ കയ്യിട്ട് ഒരു ഷാൾ പുറത്തെടുത്തു. ഔപചാരികമായി, ഇല്ലാത്ത സദസ്സിനെ സാക്ഷിയാക്കി, അതെന്നെ പുതപ്പിക്കുമ്പോൾ ശ്രീമതി ചെറുതായൊന്നു ചിരിക്കുന്നതു പോലെ തോന്നി. എനിക്ക് വല്ലാതെ ചൂട് അനുഭവപ്പെട്ടു. അതിഥിയെപ്പോലെ ഞാനും അത് ഊതിക്കുറക്കാൻ നോക്കി.
സ്വാമിയുടെ പെരുമാറ്റത്തിൽ യുക്തിക്കു നിരക്കാത്തതൊന്നും ഉള്ളതായി തോന്നിയില്ല. എന്നാലും എന്നിൽ അദ്ദേഹത്തിനുണ്ടായ താൽപര്യവും അതു നിറവേറ്റാനുള്ള ശ്രമവും പാകം വിട്ടതാണെന്ന ചിന്ത മാറിയില്ല. 


ലൂയി പിരാൻഡലോവിന്റെ ഒരു നാടകം ഓർമ വന്നു. യുക്തിയോടെ സംസാരിക്കുന്ന ഒരു കഥാപാത്രം അരങ്ങത്തെത്തുന്നു. ആ കഥാപാത്രം തല തിരിഞ്ഞതാണെന്ന് പിന്നെ വരുന്ന കഥാപാത്രം തുല്യമായ യുക്തിയോടെ സമർഥിക്കുന്നു. 
ഈ ഖണ്ഡന സമർഥന പ്രക്രിയ നാടകം മുഴുവൻ നീളുന്നു. ഒടുവിൽ അന്ധാളിച്ചിരിക്കുന്ന കാണികളോട് വേറൊരു കഥാപാത്രം പറയുന്നു, 'നിങ്ങൾ ശരിയാണെന്നു വിചാരിക്കുന്നതാണ് ശരി.' ആ വചനത്തിന്റെ വെളിച്ചത്തിൽ കൃഷ്ണസ്വാമിയുടെ പെരുമാറ്റം ഞാൻ ചികഞ്ഞുനോക്കി. തലച്ചോറിലെ രാസപരിണാമം പറഞ്ഞ് അതു വിശദീകരിക്കാമോ? എന്തിനെയും നമ്മുടെ യുക്തിക്ക് നിരക്കുന്നതാക്കാനാണ് നമുക്ക് ധിറുതി. അതിനു പറ്റിയൊരു വാക്പ്രയോഗവും കണ്ടുകിട്ടി: 'ചിത്തഭ്രമത്തിലും ചിട്ട.' ഗണിതത്തിന്റെ അസാധ്യമായ പ്രഹേളികകൾ നിർധാരണം ചെയ്യുമ്പോഴും നാഷും വസിഷ്ഠും ചിലപ്പോൾ നമ്മുടെ ബുദ്ധിയെയും യുക്തിയെയും ഭ്രമിപ്പിക്കുന്നു. ഗണിതത്തിന്റെ നൂലാമാലകളിലൊന്നും പെട്ടില്ലെങ്കിലും എന്റെ ബുദ്ധിയും യുക്തിയും ചെറുതായൊന്നു വിറച്ചു സ്വാമിയുടെ സന്ദർശനം ഓർത്തെടുത്തപ്പോൾ..

Latest News