Sorry, you need to enable JavaScript to visit this website.

102 കോടി രൂപയുടെ കയർ ഭൂവസ്ത്രത്തിന് കരാർ

102 കോടി രൂപയുടെ ഭൂവസ്ത്രം തൊഴിലുറപ്പ് പദ്ധതിയിലേക്ക് വാങ്ങുന്നതിന് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ കയർ പൊതുമേഖലാ സ്ഥാപനങ്ങളുമായി കരാർ ഒപ്പുവെച്ചു. 15 കോടിയിൽപരം ചതുരശ്ര മീറ്റർ ഭൂവസ്ത്രത്തിനാണ് കരാർ. കയർ കേരളയിൽ ഇങ്ങനെ ധാരണാപത്രം ഒപ്പുവെക്കുന്നതിനു വേണ്ടി കയർ പ്രോജക്ട് ഓഫീസർമാരും മറ്റു ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ചേർന്ന് കഴിഞ്ഞ മൂന്നു മാസമായി നടത്തിവരുന്ന അക്ഷീണ പ്രയത്‌നത്തിന്റെ ഫലമാണ് ഈ നേട്ടം.
കയർ കേരള 2019 ലെ കയർ ഭൂവസ്ത്ര സെമിനാറിൽ 860 ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, സാങ്കേതിക വിദഗ്ധർ, ജീവനക്കാർ  ഉൾപ്പെടെ അയ്യായിരത്തോളം പേർ പങ്കെടുത്തു.
14 ജില്ലകളിൽ നിന്നും ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്രത്തിന് ഉത്തരവ് നൽകിയ പഞ്ചായത്തുകൾ, ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനവുമായി ധാരണാപത്രം പൊതുവേദിയിൽ വെച്ച് ഒപ്പിട്ടു. ഇതിനു പുറമെ ഓരോ ജില്ലയിലും ഏറ്റവും നല്ല നിലയിൽ കയർ ഭൂവസ്ത്രം ഉപയോഗപ്പെടുത്തിയ പഞ്ചായത്തുകളെ ആദരിക്കുകയും ചെയ്തു. ഉപയോഗിച്ച ഭൂവസ്ത്രത്തിന്റെ അളവ്, പ്രോജക്ടിന്റെ സാമൂഹ്യ പ്രസക്തി, പുല്ലു വെച്ചുപിടിപ്പിക്കുന്നതിലെ വിജയം, നടത്തിപ്പിലെ മികവ് എന്നീ ഘടകങ്ങൾ പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഒരു ലക്ഷം രൂപയായിരുന്നു സമ്മാനം.
മുൻവർഷങ്ങളിൽ ഏതാനും കോടി രൂപയുടെ കയർ ഭൂവസ്ത്രമാണ് കേരളത്തിനുള്ളിൽ മണ്ണുജല സംരക്ഷണ പ്രവർത്തനത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ 201718 ൽ തൊഴിലുറപ്പിന്റെ ഭാഗമായി കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിന് ഒരു പ്രത്യേക കാമ്പയിൻ കയർ വകുപ്പ് നടത്തി. ഇപ്പോഴത്തെ കണക്കു പ്രകാരം രണ്ടു വർഷങ്ങളിലായി കേരളത്തിൽ 72 ലക്ഷം ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രം വിതാനിക്കാൻ കഴിഞ്ഞു. ഇതിന്റെ വില 45 കോടി വരും.
കയർ ഭൂവസ്ത്രത്തിന്റെ ഉൽപാദനം പരമാവധി നടത്തണമെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ അവ സ്‌റ്റോക്ക് ചെയ്യണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഇതിനു വേണ്ടി മറ്റു തടുക്കുതറികൾ ജിയോ ടെക്സ്റ്റയിൽസ് ലൂമുകളായി പരിവർത്തനം ചെയ്യുന്നതിന് സർക്കാർ ധനസഹായം നൽകും. ഇതിനു പുറമെ ഭൂവസ്ത്ര നെയ്ത്തിന് ഓട്ടോമാറ്റിക് മില്ലുകളെ പ്രോത്സാഹിപ്പിക്കുന്നതിന് തീരുമാനിച്ചു. 100 എണ്ണം അടിയന്തരമായി സ്ഥാപിക്കും.
കയർ ഭൂവസ്ത്രത്തിന് രണ്ടാം കയർ പുനഃസംഘടനാ സ്‌കീമിൽ സുപ്രധാന സ്ഥാനമുണ്ട്. 2019-20 ൽ 40,000 ടണ്ണും 2020-21 ൽ 60,000 ടണ്ണും കയർ ഉൽപാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 20,000 ടണ്ണേ പരമ്പരാഗത കയർ ഉൽപാദന മേഖല ഉൾക്കൊള്ളൂ. ബാക്കി കയർ, കയർ ഭൂവസ്ത്രമായി രൂപാന്തരപ്പെടുത്തി വിപണി കണ്ടെത്തുകയാണ് ഉദ്ദേശ്യം. ഇന്ത്യയിലെ കയർ ഭൂവസ്ത്രത്തിന്റെ കമ്പോളം ഇതുവരെ ഫലപ്രദമായി ഉപയോഗിക്കുന്നതിനു ആരും ശ്രമിച്ചിട്ടില്ല. ഇതിനുള്ള വിപണന തന്ത്രങ്ങൾ കയർ കേരളയിലെ കഴിഞ്ഞ ദിവസത്തെ ചർച്ചകളിൽ ഉരുത്തിരിയുകയുണ്ടായി.
കേരളത്തിലെ കയറിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമാകാൻ പോകുന്ന ഒരു പരിപാടിയുടെ വിശദമായ ആസൂത്രണത്തിനാണ് കയർ കേരള വേദിയായത്.
 

Latest News