Sorry, you need to enable JavaScript to visit this website.
Saturday , August   08, 2020
Saturday , August   08, 2020

ന്യൂനപക്ഷ വോട്ടുകൾ എൽ.ഡി.എഫിൽ തിരിച്ചെത്തും -കെ.ടി. കുഞ്ഞിക്കണ്ണൻ

കെ.ടി. കുഞ്ഞിക്കണ്ണനും കുഞ്ഞമ്മദ് കൂരാച്ചുണ്ടും 

സൗദി അറേബ്യ സന്ദർശിക്കാനെത്തിയ കേളുഏട്ടൻ പഠന കേന്ദ്രം ഡയറക്ടറും സി.പി.എം കോഴിക്കോട് ജില്ലാ നിർവാഹക സമിതി അംഗവുമായ കെ.ടി. കുഞ്ഞിക്കണ്ണനുമായി മലയാളം ന്യൂസ് അറാർ ലേഖകൻ കുഞ്ഞമ്മദ് കൂരാച്ചുണ്ട് നടത്തിയ അഭിമുഖം 

കേരളത്തിൽ മാവോവാദി പ്രശ്‌നം വിവാദപരമാണ് മാവോവാദികളുടെ ദൗത്യമെന്താണ് 

ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയിൽ വിപ്ലവ പ്രവർത്തനം നടത്തുന്നു എന്ന പ്രതീതി പടർത്തുകയാണ് മാവോയിസ്റ്റുകളും അവരെ സഹായിക്കുന്നവരും. മുഖ്യധാരാ ഇടതുപക്ഷത്തിന്റെ പ്രക്ഷോഭങ്ങളെയും പ്രവർത്തനങ്ങളെയും ക്ഷീണിപ്പിക്കാനും വൻകിട കോർപറേറ്റുകളുടെ താൽപര്യത്തിന് വേണ്ടി അവരുടെ അജണ്ടകൾ നടപ്പാക്കുന്നതിന് മറയായി നിൽക്കുകയാണ് ഫലത്തിൽ മാവോയിസ്റ്റുകൾ ചെയ്യുന്നത്. ഛത്തീസ്ഗഢിലെ 
ബൈലാന്റില ഇരുമ്പ് ഖനന മേഖല കുത്തകവൽക്കരണത്തിനെതിരായ ജനകീയ ചെറുത്തുനിൽപുകൾ പരാജയപ്പെടുത്തിയത് മാവോയിസ്റ്റുകളാണ്. തൊഴിലാളികളും ആദിവാസികളും സ്വകാര്യവൽക്കരണത്തിനെതിരായി നടത്തി വന്ന ജനാധിപത്യപരമായ സമരത്തെ ഭീകര സായുധ പ്രവർത്തനത്തിലൂടെ അസ്ഥിരീകരിക്കുകയാണവർ ചെയ്തത്.കോർപറേറ്റുകൾക്ക് അവരുടെ താൽപര്യങ്ങൾ നടപ്പാക്കാൻ ഇന്ത്യൻ പട്ടാളത്തിന്റെ സംരക്ഷണം ലഭിക്കുന്നതിലേക്കാണത് എത്തിച്ചേർന്നത്.

?  മാവോയിസ്റ്റുകൾ ജനങ്ങൾക്കൊപ്പമല്ല എന്നാണോ അഭിപ്രായം

  മാവോയിസ്റ്റുകൾ ഒരിക്കലും ജനങ്ങൾക്കൊപ്പമായിരുന്നില്ല. ജനകീയ പ്രശനങ്ങൾ ഏറ്റെടുത്ത് അവരുടെ ഇടയിൽ പ്രവർത്തിച്ച് പരിഹാരം കാണുകയായിരുന്നില്ല അവരുടെ രീതി. പുതിയ കാലത്ത് രൂപപ്പെട്ട ഭീകരവാദ സംഘടനകളിൽ ഒന്നായിട്ട് മാത്രമേ മാവോവാദം കാണാൻ കഴിയുകയുള്ളൂ.
ഇന്ത്യയിൽ പന്ത്രണ്ടായിരം മനുഷ്യരെ കഴിഞ്ഞ 20 വർഷക്കാലത്തിനിടയിൽ മാവോയിസ്റ്റുകൾ കൊലപ്പെടുപ്പെടുത്തിയിട്ടുണ്ട്. അതിൽ ആയിരത്തി മുന്നൂറ് പേർ അർധ സൈനിക വിഭാഗമാണ്. അവരാകട്ടെ രാജ്യത്തെ സാധാരണക്കാരുടെ വീടുകളിൽ നിന്നും വരുന്നവരും.
മാവോയിസ്റ്റുകളാൽ കൊല്ലപ്പെട്ടവർ ഏറിയ പങ്കും ആദിവാസികൾ അടക്കമുള്ള ദരിദ്ര ജനവിഭാഗമാണ്.സി പി ഐ എമ്മിന്റെ മുന്നൂറ് പ്രവർത്തകർ പശ്ചിമ ബംഗാളിൽ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. മാവോയുടെ പേരുപയോഗപ്പെടുത്തുന്നവർ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച മഹാനായ മാവോയെ അപമാനിക്കുകയാണ്.

 ?   കേരളമടക്കമുള്ള പശ്ചിമഘട്ട മലനിരയിൽ മാവോയിസ്റ്റുകളുടെ ലക്ഷ്യമെന്താണ്

   കേരളത്തെ തങ്ങളുടെ ഭീകരവാദത്തിന്റെ കേന്ദ്രമാക്കാൻ അവർ ശ്രമിക്കുകയാണ്. മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമൂഹ്യ പിന്നാക്കാവസ്ഥയും തീക്ഷ്ണമായ ചൂഷണവും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. ജനകീയ സർക്കാറുകളുടെ ഇടപെടലുകൾ മൂലം സാധാരണ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാൻ കഴിയുന്ന കേരളത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുക മാത്രമാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യം.
ഇടതുപക്ഷ സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള വലതുപക്ഷത്തിന്റെ കയ്യിൽ കളിക്കുകയാണ് മാവോ ഭീകരവാദികൾ.
പശ്ചിമ ബംഗാളിൽ നമ്മളത് കണ്ടതാണ്.ഇടതുപക്ഷ സർക്കാറിനെ അട്ടിമറിക്കാൻ മമത ബാനർജി ഉപയോഗപ്പെടുത്തിയത് മാവോയിസ്റ്റുകളെയാണ്. എന്നാൽ അധികാരം പിടിച്ച മമത ആദ്യം ചെയ്തത് മാവോവാദികളുടെ നേതാവ് കിഷൻജിയെ വെടിവെച്ചു കൊല്ലുകയാണ്.
മാവോയിസത്തെ കുറിച്ച് വാചാലമാവുന്ന നിഷ്‌കളങ്കരുണ്ടെങ്കിൽ അവർക്ക് ചിന്തിക്കാൻ ഇതൊക്കെ തന്നെ ധാരാളം.

?  വനത്തിനുള്ളിൽ വിശന്ന് വലഞ്ഞ് നടക്കുന്ന പരിത്യാഗികളാണ് മാവോയിസ്റ്റുകൾ എന്നാണ് പൊതു ധാരണ. എന്ത് പറയുന്നു

  നോക്കൂ ..മാവോയിസ്റ്റുകൾ ആദിവാസി കോളനിയിൽ നിന്നും അരിയും പയറും ശേഖരിച്ചാണ് ജീവിക്കുന്നതെന്ന ധാരണ ശരിയല്ല.
ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഒരു അന്വേഷണാത്മക റിപ്പോർട്ടിൽ ഇന്ത്യാ രാജ്യത്ത് കോർപറേറ്റുകളുടെ ഫണ്ട് പറ്റുന്ന സംഘടനകളിൽ രണ്ടാം സ്ഥാനത്താണ് മാവോയിസ്റ്റുകൾ. ഒന്നാം സ്ഥാനത്ത് ബി.ജെ.പിയാണ്. മൂന്നാം സ്ഥാനത്ത് കോൺഗ്രസും. തെരഞ്ഞെടുപ്പിലടക്കം കോർപറേറ്റ് ഫണ്ട് സ്വീകരിക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കുകയും നടപ്പാക്കുകയും ചെയ്ത പാർട്ടിയാണ് സി പി ഐ (എം).
കോർപറേറ്റ് കുത്തകകൾ മാവോയിസ്റ്റുകൾക്ക് വളം നൽകി വളർത്തുന്നത് യഥാർത്ഥ ഇന്ത്യൻ വിപ്ലവ പോരാട്ടങ്ങളെ ക്ഷീണിപ്പിക്കാൻ തന്നെയാണ്.
കേരളത്തെ തങ്ങളുടെ ലക്ഷ്യ സ്ഥാനമായി അവർ കാണുന്നത് ലഘുകരിച്ച് കാണേണ്ടതില്ല.
1960 കളിൽ കേരളത്തിൽ യുവാക്കളെ ഏറെ സ്വാധീനിക്കുകയും കണ്ണി ചേർക്കുകയും ചെയ്ത ആശയമായിരുന്നല്ലോ നക്‌സലൈറ്റ് രാഷ്ട്രീയം.
പിൽക്കാലം സി.പി.ഐ റെഡ് ഫഌഗ് എന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായി 


?  ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും പ്രത്യേകിച്ചു കേരളത്തിലും പ്രവർത്തിച്ച ഒരാളായിരുന്നല്ലോ താങ്കൾ.പിന്നീട് സി പി എമ്മിൽ ചേരാനുണ്ടായ കാരണമെന്താണ്

   ഇന്ത്യൻ സാമൂഹ്യ യഥാർത്ഥ്യങ്ങളെ ശരിയായി ഉൾക്കൊള്ളാതെ രുപപ്പെടുത്തിയ ഒരു വിപ്ലവ പാതയായിരുന്നു എം.എൽ പാർട്ടികളുടേത്. 
ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ ശരിയായി ഉൾക്കൊള്ളാതെ രുപപ്പെടുത്തിയ ഒരു വിപ്ലവ പാതയായിരുന്നു എം.എൽ പാർട്ടികളുടേത് . ജന്മിമാരെ ഉൻമൂലനം ചെയ്തത് ഗ്രാമങ്ങളെ മോചിപ്പിക്കാമെന്നും ഗ്രാമങ്ങളെ താവളമാക്കിക്കൊണ്ട് നഗരങ്ങളെ വിമോചിപ്പിച്ച് അധികാരം പിടിക്കാമെന്നുമുള്ള വളരെ കാൽപനികമായ ഒരു ലൈൻ ആയിരുന്നു അത്. വ്യക്തി വധം വിപ്ലവമല്ലെന്നും സായുധ സമരത്തിലൂടെ മാത്രം ജനാധിപത്യ വിപ്ലവത്തിലേക്ക് ജനങ്ങളെ അണിനിരത്താൻ കഴിയില്ലെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾക്ക് എം.എൽ രാഷ്ട്രീയത്തിന്റെ തെറ്റായ സമീപനങ്ങളെ തള്ളിപ്പറയേണ്ടി വന്നത്.
ഇന്ത്യൻ സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി സമീപിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ സി പി എമ്മിന്റെ വിപ്ലവ പാത ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
ഇന്ത്യയിലെ മറ്റൊരു കമ്യൂണിസ്റ്റ് പാർട്ടിക്കും ഇത്തരത്തിൽ ഒന്ന് അവകാശപ്പെടാനാവില്ല. സ്വന്തം ബോധ്യത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ തന്നെയാണ് സി പി എമ്മിൽ ചേർന്നതും അതിന്റെ പ്രവർത്തനങ്ങളിൽ പങ്ക് വഹിച്ചുകൊണ്ട് മുന്നോട്ട് പോകുന്നതും.

?  പാർലമെന്റ് തെരഞ്ഞെടുപ്പിൽ സി പി എം വലിയ തിരിച്ചടിയാണ് നേരിട്ടത്. മുസ്‌ലിം  മതന്യൂനപക്ഷങ്ങളുടെ ചെറുതും വലുതുമായ ഗ്രൂപ്പുകൾ സർക്കാറിനും സി പി എമ്മിനുമെതിരെ മുസ്‌ലിം  സമുദായത്തിലെ വോട്ടുകൾ കേന്ദ്രീകരിപ്പിക്കുന്നുണ്ടോ? അത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും സി പി എമ്മിനെ ബാധിക്കാൻ സാധ്യതയുണ്ടോ

  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാര്യം വ്യത്യസ്തമായിരുന്നു. ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന ഹിന്ദു വർഗീയ ഫാസിസ്റ്റു ഭരണകൂടം വീണ്ടും അധികാരത്തിൽ വരരുത് എന്ന് മുസ്‌ലിം  മത ന്യൂനപക്ഷം ആഗ്രഹിച്ചിരുന്നു ബി.ജെ.പിയെ തടയാൻ രാജ്യത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതാണ് നല്ലതെന്ന് കരുതിയ ഒരു വിഭാഗം മുസ്‌ലിം മത ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിനും യുഡിഎഫിനും പോയിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്.
രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിച്ചതും ഭാവി പ്രധാനമന്ത്രിയെന്ന രീതിയിൽ ഉയർത്തിക്കാട്ടിയതും യു.ഡി.എഫിന് അനുകൂലമായി വോട്ട് കേന്ദ്രീകരണത്തിന് സഹായിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാൻ പോവുന്നില്ല.
അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് കേരളത്തിൽ യു.ഡി.എഫിന് വോട്ട് ചെയ്ത ജനങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ദേശീയ തലത്തിൽ സംഘപരിവാർ നടപ്പാക്കുന്ന അപകടകരമായ പല നയങ്ങളോടും ചങ്കുറപ്പോടെ നിന്ന് പോരാടാൻ കോൺഗ്രസ് തയാറാവുന്നില്ല എന്ന ബോധ്യം മതന്യൂനപക്ഷങ്ങളിൽ പടർന്നു കഴിഞ്ഞിട്ടുണ്ട്. ഇടതുപക്ഷം അംഗബലത്തിൽ കുറവാണെങ്കിലും അവരുടെ സാന്നിധ്യവും ശബ്ദവും ഇരുസഭകളിലും ബി.ജെ.പിക്കെതിരെ പോരാടുന്നതിന് കരുത്തു പകരുന്നു. ഇത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട് .ജനങ്ങൾക്ക് പറ്റിയ അബദ്ധം അവർ തിരുത്തുക തന്നെ ചെയ്യും. അതിന്റെ തെളിവാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം. 
കേരളത്തിൽ കഴിഞ്ഞ മൂന്നര വർഷം കൊണ്ട് നടപ്പാക്കിയ നിരവധി ജനക്ഷേമകരവും വികസനപരവുമായ പദ്ധതികൾ കേരളത്തെ വലിയ പുരോഗതിയിലേക്ക് നയിക്കുകയാണ്. അഭൂത പൂർവമായ വികസന പ്രവർത്തനങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
ടൂറിസം, ഐ.ടി തുടങ്ങിയ വ്യവസ മേഖലകളിൽ നിക്ഷേപം കൊണ്ടു വരുന്നതിന് അടിസ്ഥാന വികസന പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്.തീരദേശ പാത,ദേശീയപാത,മലയോര ഹൈവേ,കോവളം മുതൽ ബേക്കൽ വരെ നീളുന്ന ജലപാത ഒരു പ്രധാന നേട്ടമായി മാറാൻ പോകുന്നു. വൈദ്യുതി രംഗത്ത് വൻ നേട്ടങ്ങളാണ് കൈവരിച്ചത്. ഇടമൺ കൊച്ചി പവർ ഹൈവേ പൂർത്തിയായി.
സോളാർ പദ്ധതി വഴി 2000 മെഗാവാട്ട് വൈദ്യതി ഉൽപാദിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.വൈദ്യുതി മിച്ച സംസ്ഥാനമെന്ന നിലയിൽ എത്തിയിരിക്കുന്നു.നമ്മുടെ വ്യവസായങ്ങളുടെ വളർച്ചക്കും പുതിയ വ്യവസായങ്ങളുടെ തുടക്കങ്ങൾക്കും ആവശ്യം വേണ്ടുന്ന ഒന്നാണല്ലോ വൈദ്യുതി.


?  വയനാട്ടിൽ സ്‌കൂൾ വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ചു. സ്‌കൂളുകൾ ഹൈടെക് സംവിധാനത്തിലേക്ക് മാറുമ്പോഴാണ് ഇത് സംഭവിക്കുന്നത്. എന്ത് പറയുന്നു

  വയനാട്ടിലെ വിദ്യാർത്ഥിനിയുടെ മരണം അത്യന്തം വേദനാജനകവും നിർഭാഗ്യകരവുമാണ്. താങ്കൾ സൂചിപ്പിച്ചത് പോലെ വിദ്യാഭ്യാസ രംഗം ആധുനികവൽക്കരണത്തിലും പശ്ചാത്തല വികസനത്തിലും വൻ കുതിച്ചുചാട്ടം നടത്തുമ്പോൾ ഉണ്ടായ നിർഭാഗ്യകരമായ സംഭവത്തെ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പിനെ ഇകഴ്ത്തിക്കാട്ടാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ട്. 
കഴിഞ്ഞ മൂന്നര വർഷക്കാലത്തിനിടയിൽ പൊതു വിദ്യാഭ്യാസത്തിന് വന്ന മാറ്റം പലരും മറച്ചു വെക്കാൻ ശ്രമിക്കുന്നു.ആയിരക്കണക്കിന് വിദ്യാർത്ഥികൾ അൺ എയിഡഡ് സ്ഥാപനങ്ങളെ ഉപേക്ഷിച്ച് പൊതു വിദ്യാലയങ്ങളിലേക്ക് മാറിയത് ഇക്കൂട്ടർ കാണുന്നില്ല.അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ പല സ്‌കൂളുകളും ഇപ്പോൾ ആരെയും അദ്ഭുതപ്പെടുത്തുന്ന വളർച്ചയിലാണ്.
ആയിരക്കണക്കിന് ക്ലാസ് മുറികൾ ഹൈകെക്ക് സംവിധാനത്തിലായി.
നൂറുകണക്കിന് സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിച്ചു കഴിഞ്ഞു. ഒരു സ്‌കൂളിന്റെയും ക്ലാസ് അധ്യാപകന്റെയും ശ്രദ്ധക്കുറവും ജാഗ്രതയില്ലായ്മയും കൊണ്ട് സംഭവിച്ച ഒരു ദുരന്തത്തെ മറയാക്കി പൊതു വിദ്യാഭ്യാസത്തെ ഇകഴ്ത്തിക്കെട്ടുന്നവരുടെ ഉദ്ദേശ്യം സംശയകരമാണ്.

?  ബി.ജെ.പി സർക്കാർ നടപ്പാക്കുന്ന പൗരത്വ നിയമം എന്തൊക്കെ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കാൻ പോകുന്നത്

  രാജ്യത്ത് അരക്ഷിതാവസ്ഥയും ഭയവും സൃഷ്ടിക്കുന്നതാണ് പൗരത്വ നിയമം.
ഹിന്ദുത്വ അജണ്ടയുടെ ഭാഗമായാണ് പൗരത്വ നിയമം നടപ്പാക്കുന്നത്.
അത് ന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യമിടുന്നത്. 
ഗോൾവാർക്കർ വിഭാവനം ചെയ്ത പോലെ ത്രൈവർണികർക്ക് താഴെയുള്ള ശുദ്രരെയും ദളിതരെയും ന്യൂനപക്ഷങ്ങളെയും പൗരത്വമില്ലാത്തവരോ രണ്ടാം തരം പൗരന്മാരോ ആക്കാനുള്ള നീക്കമാണിത്. സി പി ഐ (എം) അത്തരമൊരു നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.
രാജ്യത്തെ ജനങ്ങളെ ഒന്നാകെ അണിനിരത്തി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നൽകാനാണ് സി പി ഐ (എം) തീരുമാനിച്ചിട്ടുള്ളത്.  

?  കോഴിക്കോട്ട് രണ്ട് യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടി വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.ഇക്കാര്യത്തിൽ എന്താണ് നിങ്ങളുടെ നിലപാട്

  സി പി എം യു.എ.പി.എ പോലുള്ള കരിനിയമങ്ങളെ എക്കാലവും എതിർത്തിട്ടുണ്ട്.ഇന്ത്യയിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട നിയമമാണ് യു.എ.പി.എ. അത്തരം നിയമങ്ങൾ ഉപയോഗിക്കുന്ന നടപടിയോട് യോജിക്കാനാവില്ല. കേരളത്തിൽ ഇടതുപക്ഷ സർക്കാറിന്റെ നയത്തിന് വിരുദ്ധമായി ഈ നിയമം മാവോയിസ്റ്റ് കേസുകളിൽ ചാർജ് ചെയ്യുന്നു.അത് സ്വാഭാവികമാണ്. രാജ്യത്ത് നിലനിൽക്കുന്ന നിയമമായതുകൊണ്ട് പോലീസ് ഇത്തരം കേസുകളിൽ യു.എ.പി.എ ചുമത്തിയാൽ ഇടതുപക്ഷത്തിന്റെ നയത്തിന് വിരുദ്ധമാണെങ്കിലും ഒരു സംസ്ഥാന സർക്കാറിന് അതിനെ തടയാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഈ നിയമം അനുസരിച്ചുള്ള പരിശോധനാ സമിതിയുടെ മുമ്പിൽ ഈ കേസ് വരുമ്പോൾ സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിക്കുന്ന അഭ്യന്തര സെക്രട്ടറിക്കും നിയമ സെക്രട്ടറിക്കും യു.എ പി.എ ഒഴിവാക്കാൻ ആവശ്യപ്പെടാം.ഇങ്ങനെയൊരു നിയമാനുസൃത നടപടിക്രമങ്ങളിലൂടെ ഒഴിവാക്കുക എന്നതാണ് ഇടതുപക്ഷ നയം. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 15 കേസുകൾ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആയത് കോടതിയുടെ പരിഗണനയിലാണ്. നിയമ നടപടികൾ കഴിയുന്നതോടെ കേസുകൾ പൂർണമായും അവസാനിക്കും 
കോഴിക്കോട് കേസിന്റെ പേരിൽ പിണറായി സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ 136 യു.എ.പി.എ കേസുകളാണ് ചാർജ് ചെയ്‌തെന്നത് മറന്നു പോകരുത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ യു.എ.പി.എ കേസുകൾ ചാർജ് ചെയ്തത് കോൺഗ്രസ് നേതാവ് ചിദംബരം കേന്ദ്രത്തിലും രമേശ് ചെന്നിത്തല കേരളത്തിലും അഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ്.

?  ഒരാഴ്ചയിലധികം സൗദി അറേബ്യയുടെ കിഴക്ക്,വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിലെ വൻ നഗരങ്ങളും ചെറു പട്ടണങ്ങളും താങ്കൾ സന്ദർശിച്ചു കഴിഞ്ഞു. സൗദി അറേബ്യയെ കുറിച്ചും പ്രവാസികളായ മലയാളികളെ കുറിച്ചും എന്താണ് പറയാനുള്ളത്

  ഞാൻ വന്നിറങ്ങിയ റിയാദും പിന്നീട് ബുറൈദയും ചെങ്കടൽ തീരത്തെ തബൂക്ക്,കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ, ദമാം, ജുബൈൽ എന്നിവിടങ്ങളിൽ ധാരാളം മലയാളികളെ കണ്ടു.
തങ്ങളുടെ ജീവിത മാർഗം  തേടി എത്തിയ അവർക്കിടയിൽ രാഷ്ട്രീയവും മറ്റുമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. എന്നാൽ മലയാളിയെന്ന വികാരം അവരെ ഒരുമിപ്പിക്കുന്നുണ്ട്. രാഷ്ട്രീയഭേദം മറന്ന് പലരും കാണാൻ വരികയും സംസാരിക്കുകയും ചെയ്തു. ജീവകാരുണ്യ സാമൂഹ്യ മേഖലയിൽ പ്രവർത്തിക്കുന്ന പുരോഗമന പ്രസ്ഥാനങ്ങളുടെ ആതിഥ്യം  സ്വീകരിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു. റിയാദിലെ ചില്ല, ദമാമിലെ വെളിച്ചം തുടങ്ങിയവരുടെ സംവാദ വേദികളിൽ പങ്കെടുത്തു.തബൂക്കിൽ മലയാള 
മിഷൻ,അൽ ഹസയിലെ സാംസ്‌കാരിക സമ്മേളനം തുടങ്ങിയവയിലെ പിഞ്ചു കുട്ടികൾ അടക്കമുള്ളവരുടെ സാംസ്‌കാരിക പരിപാടിയിലെ പങ്കാളിത്തം  അദ്ഭുതപ്പെടുത്തുക തന്നെ ചെയ്തു. കേരളത്തിന് പുറത്ത് രൂപപ്പെടുന്ന മലയാളം ആരെയാണ് സന്തോഷിപ്പിക്കാതിരിക്കുക? സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിലെ ലോകോത്തരമായ കിംഗ്  അബ്ദുൽ അസീസ്, കിംഗ് ഫഹദ് ലൈബ്രറികൾ സന്ദർശിച്ചു.വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും ആദ്യ ഉറവിട കേന്ദ്രമായ അറേബ്യ അതിന്റെ പാരമ്പര്യത്തെ ഇത്തരം പുനരാവിഷ്‌കാരത്തിലൂടെ പിന്തുടരുകയാണ്.  പതിനായിരക്കണക്കിന് സ്‌ക്വയർ മീറ്ററാണ് വായനശാലയുടെ വിസ്തീർണം. നിരവധി യൂനിവേഴ്‌സിറ്റികളിൽ നിന്നും വിജ്ഞാന ദാഹത്തോടെ അവിടെയെത്തുന്ന പലരേയും കാണുകയുണ്ടായി. അറിവിന്റെ ഒരു പ്രപഞ്ചം തന്നെയാണ്  ലൈബ്രറികൾ. വന്നിറങ്ങിയ ദിവസം മുതൽ മലയാളം ന്യൂസ് ദിനപത്രം ദിനേനയുള്ള വായനയുടെ ഭാഗമായി മാറി. 
സൗദിയുടെ പട്ടണവും ഗ്രാമവും ഭേദമില്ലാതെ മലയാളികളുടെ ചെറിയ വിശേഷങ്ങൾ പോലും അച്ചടി മഷി പുരണ്ട് വരുന്നത് കണ്ട് ആശ്ചര്യപ്പെട്ടു. നമ്മുടെ നാട്ടിൽ പോലും ഇങ്ങനെ നാട്ടുവിശേഷങ്ങളുമായി ഒരു പത്രം ഇറങ്ങുന്നില്ലെന്ന് തോന്നുന്നു. അറബ് ലോകത്തെ പ്രശസ്തമായ അറബ് ന്യൂസ് പത്ര കുടുംബത്തിന്റെ ഭാഗമായ മലയാളം ന്യൂസ് എന്ന മലയാള പത്രത്തിന് നന്ദി.
 

Latest News