Sorry, you need to enable JavaScript to visit this website.

റബർ കർഷകരുടെ രക്ഷക്കായി കയറ്റുമതി കുറക്കാൻ നീക്കം

റബർ കർഷകരുടെ രക്ഷ മുന്നിൽ കണ്ട് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുഖ്യ ഉൽപാദക രാജ്യങ്ങൾ കയറ്റുമതി വെട്ടിക്കുറക്കുറക്കാൻ  ഒരുങ്ങുന്നു. പുതുവർഷം കേരളത്തിലെ റബർ ഉൽപാദകർക്ക് ഇതു നേട്ടമാവും. തായ്‌ലാന്റും ഇന്തോനേഷ്യയും മലേഷ്യയും ചേർന്നുള്ള നീക്കം അനുകൂല തരംഗം സൃഷ്ടിക്കും. നടപ്പ് വർഷം രണ്ടര ലക്ഷം ടൺ കയറ്റുമതി കുറക്കാൻ അവർ തീരുമാനിച്ചെങ്കിലും നാല് ലക്ഷത്തിന് മുകളിൽ നിയന്ത്രിക്കാനായി. പുതുവർഷം കയറ്റുമതി ചുരുങ്ങിയാൽ വ്യവസായികൾ വില ഉയർത്തും. ജക്കാർത്തയിൽ ചേർന്ന യോഗത്തിൽ കയറ്റുമതിയിൽ എത്ര ശതമാനം കുറവ് വരുത്തുമെന്ന് കാര്യം വ്യക്തമാക്കിയില്ല.  
അനുകൂല വാർത്തകളെ തുടർന്ന് ബാങ്കോക്കിൽ നാലാം ഗ്രേഡ് ഷീറ്റ് വില 10,964 ൽ നിന്ന് 11,400 ലേയ്ക്ക് ഉയർന്നു. പുതിയ സാഹചര്യത്തിൽ ഇന്ത്യൻ വ്യവസായികൾ ആഭ്യന്തര വിപണിയിൽ പിടിമുറുക്കാം. രണ്ടാഴ്ചയായി 13,000 രൂപയിൽ നീങ്ങുന്ന റബർ വില വ്യവസായിക ഡിമാന്റ് കനത്താൽ 13,200 ലെ പ്രതിരോധം മറികടക്കും. ക്രിസ്മസ് ആവശ്യങ്ങൾ മുന്നിൽ കണ്ട് ചെറുകിട കർഷകർ ഈ വാരം കൂടുതൽ ഷീറ്റ് വിൽപന നടത്താൻ ഇടയുണ്ട്.  
കൊപ്രയാട്ട് വ്യവസായികളുടെ കണക്കുകൂട്ടൽ തെറ്റി. വെളിച്ചെണ്ണക്ക് പ്രദേശിക ആവശ്യം ഉയരാഞ്ഞതിനാൽ മില്ലുകാർ കൊപ്ര സംഭരണം കുറച്ചു. കാങ്കയത്ത് കൊപ്ര 9300 ലും കൊച്ചിയിൽ 9910 ലും സ്റ്റഡിയാണ്. ഇതിനിടയിൽ പാം ഓയിൽ 7900 ലേക്ക് പെടുന്നനെ കുതിച്ചത് നേട്ടമാക്കാൻ വെളിച്ചെണ്ണക്കായില്ല. വാരാന്ത്യം എണ്ണ വില 14,850 ൽ നിന്ന് 14,750 രൂപയായി. വിളവെടുപ്പ് നടക്കുന്നതിനാൽ പച്ചത്തേങ്ങ വരും ദിനങ്ങളിൽ കൂടുതലായി വിൽപനക്ക് ഇറങ്ങും. ഉത്സവ ദിനങ്ങൾ മുൻനിർത്തി ചെറുകിട ഉൽപാദകർ കൊപ്രയും വിപണിയിൽ ഇറക്കും. 
കർഷകർ ഏലം വിളവെടുപ്പിന്റെ തിരക്കിലാണ്, ഒപ്പം ചരക്ക് സംസ്‌കരിക്കുന്നതിന്റെയും. കേന്ദ്രങ്ങളിൽ കനത്ത തോതിൽ പുതിയ ചരക്ക് പ്രവഹിച്ചത് കണ്ട് ഉൽപന്നം വാങ്ങാൻ ആഭ്യന്തര വിദേശ ഇടപാടുകാരും ഉത്സാഹിച്ചു. അറബ് രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി ലക്ഷ്യമാക്കി ചരക്ക് സംഭരണം പുരോഗമിക്കുന്നു. പിന്നിട്ടവാരം കിലോ 2996 രൂപ വരെ താഴ്ന്ന മികച്ചയിനം ഏലക്ക പിന്നീട് 3243 ലേയ്ക്ക് ഉയർന്നു. 
ദക്ഷിണേന്ത്യൻ തോട്ടങ്ങളിൽ കുരുമുളക് മണികൾ മൂത്ത് വിളയുകയാണ്. വിളവെടുപ്പിന് മുന്നേ ഉൽപന്ന വിപണി പുതിയ ദിശയിലേക്ക് തിരിയും. കയറ്റുമതി മേഖലയിൽ ഇന്ത്യൻ മുളക് പിൻതള്ളപ്പെട്ടതിനാൽ ആഭ്യന്തര മാർക്കറ്റാവും ഏക ആശ്രയം. വാങ്ങലുകാർ വില ഉയർത്തി കുരുമുളക് ശേഖരിക്കാൻ തയാറല്ല. വിദേശ ചരക്ക് എത്തിച്ചവർ ആഭ്യന്തര നിരക്കിനേക്കാൾ കുറച്ച് സ്‌റ്റോക്ക് ഉത്തരേന്ത്യയിൽ ഇറക്കി. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 35,300 രൂപ. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 5100 ഡോളർ.              
ആഭരണ വിപണികളിൽ സ്വർണം പവന്  28,400 രൂപയിൽ നിന്ന് 28,640 ലേയ്ക്ക് കയറിയ ശേഷം ശനിയാഴ്ച 28,120 ലേക്ക് താഴ്ന്നു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1459 ഡോളർ. നവംബറിലെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി ചുരുങ്ങി. തുടർച്ചയായ അഞ്ചാം മാസമായി ഇറക്കുമതി കുറയുന്നത്. സ്വർണ വിലയിലെ കുതിപ്പും സാമ്പത്തിക മന്ദ്യവും ഇറക്കുമതിക്ക് തിരിച്ചടിയായി. 

Latest News