Sorry, you need to enable JavaScript to visit this website.

ഓഹരി വിപണിയിൽ വൻ ചാഞ്ചാട്ടത്തിന് സാധ്യത

ഇന്ത്യൻ ഓഹരി വിപണി സാങ്കേതിക  തിരുത്തലിനുള്ള തയാറെടുപ്പിലാണ്. കൺസോളിഡേഷൻ പൂർത്തിയാക്കി പുതിയ ദിശയിലേക്ക് സൂചിക തിരിയുന്നുതോടെ വൻ ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കാം. സെപ്റ്റംബറിൽ ഉടലെടുത്ത ബുൾ തരംഗം നവംബർ അവസാനം നിഫ്റ്റിയെ സർവകാല റെക്കോർഡിൽ എത്തിച്ചതാണ് ഒരു വിഭാഗം ഓപറേറ്റർമാരെ ഷോട്ട് പൊസിഷനുകൾക്ക് പ്രേരിപ്പിക്കുന്നത്. സാമ്പത്തിക മേഖലയിലെ മരവിപ്പ് നിക്ഷേപകരിൽ ആശങ്ക ജനിപ്പിക്കുന്നു. പലിശയിൽ മാറ്റം വരുത്താൻ ആർ ബി ഐ തയാറാവാഞ്ഞതും ശക്തമായ ഒരു സാങ്കേതിക തിരുത്തലിന് ഇടയാക്കും.  
പലിശ കുറക്കാതെ ജിഡിപി വളർച്ചാ അഞ്ച് ശതമാനമാക്കി കുറച്ച പ്രവചനം വിപണിയെ പിരിമുറുക്കത്തിലാക്കും. ബാങ്കുകൾ, ഹൗസിങ്, ഫിനാൻസ് വിഭാഗം ഓഹരികളിൽ ലാഭമെടുപ്പിന് വാരാവസാനം ഓപറേറ്റർമാർ തിരക്കിട്ട് നീക്കം നടത്തി. റിസർവ് ബാങ്ക് പണപ്പെരുപ്പ പ്രവചനവും ഉയർത്തി. മാസത്തിന്റെ രണ്ടാം പകുതിയിൽ വിനിമയ വിപണിയിൽ രൂപയുടെ മൂല്യം വൻതോതിൽ ചാഞ്ചാടാൻ ഇടയുണ്ട്. ഈ അവസരത്തിൽ അസംസ്‌കൃത എണ്ണയുടെ വിലയിലും വ്യതിയാനം പ്രതീക്ഷിക്കാം. ആർ ബി ഐ 2020 സാമ്പത്തിക വർഷം രാജ്യത്തിന്റെ വളർച്ചാ പ്രവചനം അഞ്ച് ശതമാനമാക്കി.
നടപ്പ് സാമ്പത്തിക വർഷം രണ്ടാം പകുതിയിൽ പണപ്പെരുപ്പ പ്രവചനം 3.53.7 ശതമാനത്തിൽ നിന്ന് 4.75.1 ശതമാനമാക്കി. സാമ്പത്തിക വർഷത്തിലെ വളർച്ചാ പ്രവചനം 6.1 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി. എല്ലാ മേഖലകളിലും മാന്ദ്യം തല ഉയർത്താൻ ഇടയുണ്ട്. ബോംബെ സെൻസെക്‌സ് 41,143 പോയന്റ് വരെ തുടക്കത്തിൽ കയറിയെങ്കിലും പിന്നീട് വിൽപന സമ്മർദത്തിൽ 40,337 വരെ താഴ്ന്ന ശേഷം 40,445 ൽ ക്ലോസിങ് നടന്നു. ഈ വാരം സെൻസെക്‌സിന് 40,140 ലെ സപ്പോർട്ട് നിലനിർത്താനായില്ലെങ്കിൽ 39,835 നെ ലക്ഷ്യമാക്കി പരീക്ഷണങ്ങൾ നടത്താം. മുന്നേറാൻ ശ്രമിച്ചാൽ 40,946 ൽ തടസ്സം നിലവിലുണ്ട്. 
നിഫ്റ്റി സൂചിക 135 പോയന്റ് പ്രതിവാര നഷ്ടത്തിലാണ്. 12,056 ൽ നിന്ന് 12,137 ലേക്ക് ഉയർന്നാണ് പിന്നിട്ട വാരം ഇടപാടുകൾക്ക് തുടക്കം കുറിച്ചതെങ്കിലും റെക്കോർഡായ 12,158 ലേക്ക് അടുക്കാനാവാതെ സൂചിക തളർന്നു. മുൻവാരം സൂചിപ്പിച്ച 12,030 ലെ സപ്പോർട്ട് വാരാവസാനം നഷ്ടപ്പെട്ട് 12,021 ൽ ക്ലോസിങ് നടന്നു. 
ഇന്ന് തളർച്ചയിൽ ഇടപാടുകൾക്ക് തുടക്കം കുറിക്കാനാണ് സാധ്യത. 11,873 ലെ താങ്ങ് ആദ്യ മണിക്കൂറിൽ നിലനിർത്താനായില്ലെങ്കിൽ സൂചിക 11,823 വരെ പരീക്ഷണങ്ങൾക്ക് നടക്കാം. വിൽപന സമ്മർദം ശക്തമായാൽ സൂചിക 11,726-11,674 പോയന്റ് വരെയും നീങ്ങാം. അതേ സമയം മികവിന് തുനിഞ്ഞാൽ 12,082 ൽ പ്രതിരോധമുണ്ട്.
മുൻനിരയിലെ പത്ത് കമ്പനികളിൽ അഞ്ച് എണ്ണത്തിന്റെ വിപണി മൂല്യത്തിൽ 56,877 കോടി രൂപയുടെ വർധന. റ്റി സി എസ്, ആർ ഐ എൽ, കോട്ടക് മഹീന്ദ്ര, ഇൻഫോസീസ്, ഐ സി ഐ സി ഐ ബാങ്ക് എന്നിവ നേട്ടം കൈവരിച്ചു. എസ് ബി ഐ, ഐ റ്റി സി, എച്ച് യു എൽ, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി എന്നിവയുടെ വിപണി മൂല്യം കുറഞ്ഞു.
ഈ വർഷം രൂപയുടെ വിനിമയ മൂല്യം 2.13 ശതമാനം ഇടിഞ്ഞു. ജനുവരിയിലെ 68.40 ൽ നിന്ന് ജൂലൈയിൽ 68.35 ലേക്ക് വിനിമയ നിരക്ക് മികവ് കാണിച്ചെങ്കിലും നവംബറിൽ മൂല്യം 72.13 ലേക്ക് ഇടിഞ്ഞു. പോയവാരം രൂപ 71.26 ലാണ്. ഈ വാരം 71.20 ലെ താങ്ങ് നിലനിർത്തി 71.47 ലേക്കും തുടർന്ന് 72.15 ലേക്കും രൂപ ദുർബലമാവാൻ ഇടയുണ്ട്.  
വിദേശ നാണയ കരുതൽ ശേഖരം ഡിസംബർ മൂന്ന് വരെയുള്ള കാലയളവിൽ 451.7 ബില്യൺ ഡോളറിലെത്തി. നവംബർ 22 ന് കരുതൽ ധനം 448  ബില്യൺ ഡോളറായിരുന്നു. ഏതാനും മാസങ്ങളായി കരുതൽ ധനം ഉയരുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 450 ബില്യൺ ഡോളർ കടക്കുന്നത്. വിദേശ ഫണ്ടുകൾ 1668.8 കോടി രൂപയുടെ വിൽപന ഈ മാസം ഓഹരി വിപണിയിൽ നടത്തി. അതേ സമയം 1424.6 കോടി രൂപ കടപത്രത്തിൽ നിക്ഷേപിച്ചു, അതായത് ഡിസംബറിൽ മൊത്തം 244.2 കോടി രൂപ ഇന്ത്യയിൽ നിന്ന് പിൻവലിച്ചു. ഒക്ടോബറിൽ 16,037.6 കോടി രൂപയും നവംബറിൽ 22,871.8 കോടി രൂപയും വിദേശ ഫണ്ടുകൾ നിക്ഷേപിച്ചിരുന്നു.

Latest News