ദല്‍ഹിയില്‍ 43 പേര്‍ മരിച്ച കെട്ടിടത്തില്‍ വീണ്ടും തീ

ന്യൂദല്‍ഹി- വടക്കന്‍ ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം അഗ്നിബാധയില്‍ 43 പേര്‍ മരിച്ച  കെട്ടിടത്തില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും തീപ്പിടിത്തമുണ്ടായി. അനാജ് മാണ്ടിയിലെ കെട്ടിടത്തിലെ രണ്ടാം നിലയില്‍ പുക കണ്ടതിനെ തുടര്‍ന്ന് താമസക്കാര്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നു.

അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകളെത്തി ഉടന്‍ തന്നെ തീയണച്ചു. ചെറിയ തീ ആയിരുന്നുവെന്നും പുക ഉയരുന്നത് കണ്ട് ആളുകള്‍ അറിയിച്ചതാണെന്നും ദല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. കഴിഞ്ഞ ദിവസം കത്തിയമര്‍ന്ന കാര്‍ഡ്‌ബോഡുകളില്‍നിന്ന് പുക ഉയര്‍ന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ അനധികൃത ഫാക്ടറിയില്‍നിന്ന് തീ പടര്‍ന്നതിനെ തുടര്‍ന്ന് വെന്തുമരിച്ച 43 പേരില്‍ ഭൂരിഭാഗവും തൊഴിലാളികളാണ്. നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

 

Latest News