Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരത്വ ബിൽ ഇന്ന് ലോക്‌സഭയിൽ; എതിർക്കുമെന്ന് കോൺഗ്രസും, സി.പി.എമ്മും

ന്യൂദൽഹി- വിവാദമായ ദേശീയ പൗരത്വ (ഭേദഗതി) ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് പീഡനം മൂലം ഇന്ത്യയിൽ അഭയം തേടുന്ന മുസ്‌ലിംകൾ അല്ലാത്തവർക്കുമാത്രം പൗരത്വം നൽകുന്ന വിധം നിയമത്തിൽ ഭേദഗതി വരുത്തുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കുന്ന ബിൽ. ആറ് പതിറ്റാണ്ടായി രാജ്യത്ത് നിലനിൽക്കുന്ന നിയമത്തിൽ ഭേദഗതി വരുത്താനാണ് ബിൽ അവതരിപ്പിക്കുന്നത്. ഇതനുസരിച്ച് മേൽപറഞ്ഞ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ മതവിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ട്.


ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഈ ബില്ലിന്റെ മറവിൽ അവിടങ്ങളിലെ ഗോത്രവർഗ മേഖലകളിൽ മറ്റ് സ്ഥലങ്ങളിൽനിന്നുള്ളവരെ കുടിയിരുത്താനുള്ള നീക്കമാണ് നടക്കാൻ പോകുന്നതെന്നാണ് പ്രധാന വിമർശനം. 1985 ലെ അസം ഉടമ്പടിയുടെ ലംഘനമാവും ഈ ബില്ലെന്നും ആരോപണമുണ്ട്. ബില്ലിനിതെരെ മേഖലയിൽ സ്വാധീനമുള്ള നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ നാളെ 11 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.


ബില്ലിനെ ശക്തിയായി എതിർക്കുമെന്ന് കോൺഗ്രസും സി.പി.എമ്മും വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയെയും, രാജ്യത്തെ മതേതര മൂല്യങ്ങളെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും ലംഘിക്കുന്നതാണ് ഈ ബില്ലെന്നും, അതിനെ പല്ലും നഖവുമുപയോഗിച്ച് എതിർക്കുമെന്നും ലോക്‌സഭയിലെ കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന നേതൃയോഗത്തനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ബില്ലിനെ എതിർക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ബിൽ അവതരിപ്പിക്കുന്ന ഇന്നുമുതൽ ഈ മാസം 12 വരെ ലോക്ഭയിൽ ഹാജരായിരിക്കണമെന്ന് എല്ലാ ബി.ജെ.പി അംഗങ്ങൾക്കും പാർട്ടി വിപ്പ് നൽകിയിട്ടുണ്ട്.

 

Latest News