Sorry, you need to enable JavaScript to visit this website.

സഫ ഫെബിൻ, നിദ ഫാത്തിമ, കീർത്തന; തുറന്നു പറഞ്ഞ് മൂവർ സംഘം

മലപ്പുറം പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിക്കെത്തിയ സഫ ഫെബിൻ സുൽത്താൻ ബത്തേരി സർവജന സ്‌കൂളിലെ നിദ ഫാത്തിമയുമായും കെ. കീർത്തനയുമായും സൗഹൃദം പങ്കിടുന്നു.

മലപ്പുറം -പൊതുസമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട മൂന്നു ബാലതാരങ്ങൾ മലപ്പുറം പ്രസ് ക്ലബിൽ ഒത്തുചേർന്നു. രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധ നേടിയ കരുവാരക്കുണ്ട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ സഫ ഫെബിൻ, സഹപാഠിയുടെ മരണത്തിലുണ്ടായ അനാസ്ഥക്കെതിരെ ശക്തമായി പ്രതികരിച്ച ബത്തേരി സർവജന സ്‌കൂളിലെ കെ. കീർത്തന, നിദ ഫാത്തിമ എന്നിവരാണ് തങ്ങളുടെ നിലപാടുകൾ വെളിപ്പെടുത്തിയത്. 


രാഹുൽ ഗാന്ധി ഇനിയും പരിഭാഷപ്പെടുത്താൻ ആവശ്യപ്പെട്ടാൽ താൻ റെഡിയാണെന്ന് സഫ ഫെബിൻ പറഞ്ഞു. രാഹുൽ ഗാന്ധി വന്നപ്പോൾ പരിഭാഷപ്പെടുത്താൻ ശക്തി പകർന്നത് സുഹൃത്തുക്കളാണ്. അതിൽ മാത്രം ശ്രദ്ധ ചെലുത്തിയപ്പോൾ പരിഭാഷ വഴങ്ങി.   ഇംഗ്ലീഷ് പുസ്തകങ്ങൾ ധാരാളം വായിക്കുന്നതിനാൽ പരിഭാഷ എളുപ്പമായി. മാതാപിതാക്കളും അധ്യാപകരുമാണ് എല്ലാ കാര്യങ്ങൾക്കും പ്രോത്സാഹനം നൽകിയത്. അവരോടാണ് ഏറെ കടപ്പാടുള്ളത്. സ്‌കൂൾ പ്രശ്നങ്ങളിൽ കുട്ടികളുടെ ഭാഗത്ത് നിന്നു സംസാരിക്കാൻ കലാലയ രാഷ്ട്രീയം ആവശ്യമാണ്. അക്രമത്തിലേക്കു നീങ്ങുന്ന രാഷ്ട്രീയത്തോടു താൽപര്യമില്ല. സൗഹൃദ രാഷ്ട്രീയമാണ് സ്‌കൂളിൽ ആവശ്യമെന്നും സഫ പറഞ്ഞു.


അധ്യാപകർ പ്രതിസ്ഥാനത്ത് നിന്നപ്പോൾ ഇടപെടാൻ ഭയമുണ്ടായില്ലെന്നും ശരിയുടെ പക്ഷത്താണ് ഉറച്ചു നിന്നതെന്ന ബോധം ഉണ്ടായിരുന്നെന്നും നിദ ഫാത്തിമയും കീർത്തനയും പറഞ്ഞു. സുഹൃത്തിന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. അതാണ് ധൈര്യത്തോടെ പറഞ്ഞത്. ഇതിനു മാതാപിതാക്കളുടെയും കൂട്ടുകാരുടെയും പിന്തുണ ഉണ്ടായിരുന്നു. തളർത്താൻ ഒരുപാട് പേരുണ്ടാകും. ഇതിലൊന്നും ശ്രദ്ധ ചെലുത്തരുതെന്ന് അധ്യാപകർ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കളിക്കാൻ പോലും സമയം കിട്ടുന്നില്ല. എപ്പോഴും തിരക്കാണ്. തുറന്നു പറച്ചിലിനു ഇതു വരെ ഭീഷണിപ്പെടുത്തലൊന്നും ആരുടെയും ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും ഇരുവരും പറഞ്ഞു. സ്‌കൂളിലെ പ്രശ്നങ്ങൾ തുറന്നു പറയാൻ രാഷ്ട്രീയം ആവശ്യമില്ല. തമ്മിലടിയായിരിക്കും ഇതുണ്ടാക്കുക. തനിക്ക് രാഷ്ട്രീയ ചായ്വുണ്ടെന്ന രീതിയിൽ നടന്ന പ്രചാരണം ശരിയല്ലെന്നും നിദ ഫാത്തിമ കൂട്ടിച്ചേർത്തു. ചടങ്ങിൽ എ.പി. അനിൽ കുമാർ എം.എൽ.എ മൂവരെയും അഭിനന്ദിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ഷുസുദ്ദീൻ മുബാറക് അധ്യക്ഷത വഹിച്ചു.


 

Latest News