Sorry, you need to enable JavaScript to visit this website.

സൗദിയിൽ റസ്റ്റോറന്റുകളിൽ ഫാമിലികൾക്ക് പ്രത്യേക കവാടമില്ല, നിബന്ധനകൾ നഗരസഭ സുതാര്യമാക്കി

റിയാദ്- ഫാമിലികൾക്ക് പ്രത്യേക പ്രവേശനകവാടമൊരുക്കണമെന്നതടക്കം വിവിധ സ്ഥാപനങ്ങളിൽ നടപ്പാക്കിവന്നിരുന്ന 103 ഓളം നിബന്ധനകളുടെ ഭേദഗതിക്ക് മുനിസിപ്പൽ ഗ്രാമ വകുപ്പ് മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി അംഗീകാരം നൽകി. സ്വകാര്യ സ്‌കൂളുകൾ, റെസ്റ്റോറന്റുകൾ, പെട്രോൾ പമ്പുകൾ, സ്‌പോർട്‌സ് കെട്ടിടം, വാഹന സർവീസ് സെന്റർ, ഇസ്തിറാഹകൾ, പരസ്യ ബോർഡുകൾ, ഗോഡൗണുകൾ, ടെലിഫോൺ ടവറുകൾ, വിനോദ കേന്ദ്രങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ, ആതുര സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലാണ് ഭേദഗതി വരുത്തിയത്.


വിവിധ സ്ഥാപനങ്ങളുടെ മാനദണ്ഡങ്ങൾ, വ്യവസ്ഥകൾ, മാതൃകകൾ തുടങ്ങിയവയിലാണ് പരിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രാലയ സെക്രട്ടറി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽജമ്മാസ് അറിയിച്ചു. 32 സർക്കാർ വകുപ്പുകളും 17 നഗരസഭകളും പരിഷ്‌കരണ പ്രക്രിയകളിൽ പങ്കാളികളായി. നിക്ഷേപാവസരങ്ങൾ ഉയർത്തുക, നഗര വികസനം ക്രമീകരിക്കുക, ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഒരേ രീതിയിൽ ക്രമപ്പെടുത്തുക, സർക്കാർ സേവനങ്ങൾക്കും മറ്റുമുള്ള നടപടികൾ സുതാര്യമാക്കുക എന്നിവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. സാങ്കേതിക വ്യവസ്ഥകളെ കുറിച്ചറിയാൻ ആഗ്രഹിക്കുന്നവർ വെബ്‌സൈറ്റ് സന്ദർശിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
സ്വകാര്യ സ്‌കൂളുകൾക്ക് ഇനി മുതൽ മൂന്നു നില വരെ പണിയാം. ഇതുവരെ രണ്ടുനിലകളായിരുന്നു അനുവദിച്ചിരുന്നത്. ഒരു വിദ്യാർഥിക്ക് സ്‌കൂളിൽ ഒരു ചതുരശ്രമീറ്ററാണ് നിശ്ചയിച്ചിട്ടുള്ളത്. സ്‌കൂളുകൾ തമ്മിൽ കൃത്യ അകലം പാലിക്കണമെന്ന നിബന്ധന പിൻവലിച്ചു.


വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക



റെസ്റ്റോറന്റുകളിലും മറ്റു ഭക്ഷണ ശാലകളിലും പുരുഷന്മാർക്കും ഫാമിലികൾക്കും വ്യത്യസ്ത പ്രവേശന കവാടമെന്ന നിബന്ധനയും കെട്ടിടത്തിന്റെ മുൻവശത്തിന് പ്രത്യേക നീളം വേണമെന്ന നിബന്ധനയും റദ്ദ് ചെയ്തു. സ്‌ക്രീനുമായി ബന്ധിപ്പിച്ച കാമറകൾ സ്ഥാപിക്കുകയാണെങ്കിൽ റെസ്‌റ്റോറന്റിന്റെ മുകൾ നിലയിലും അടുക്കള പ്രവർത്തിക്കാം.
പെട്രോൾ സ്റ്റേഷനുകൾ നഗരത്തിന് പുറത്ത് 'എ' വിഭാഗത്തിലും നഗരത്തിനുള്ളിൽ 'ബി' വിഭാഗത്തിലുമായിരിക്കും. മറ്റു സേവനങ്ങളൊന്നും ലഭ്യമല്ലെങ്കിൽ 500 ചതുരശ്ര മീറ്റർ സ്ഥലത്ത് രണ്ടു പമ്പുകൾ മതിയാകും. മെയിന്റനൻസ്, ഓയിൽ ചേഞ്ച്, ബൂഫിയ തുടങ്ങിയ സ്ഥാപിക്കണമെങ്കിൽ അതിനാവശ്യമായ കൂടുതൽ സ്ഥല സൗകര്യം വേണം. പമ്പ് സ്ഥാപിച്ച സ്ഥലത്തിന്റെ 40 ശതമാനം അധിക സ്ഥലം നഗരത്തിന് പുറത്തും 30 ശതമാനം നഗരത്തിനുള്ളിലും വേണം. നേരത്തെ ഇത് 10 ശതമാനമായിരുന്നു. സ്‌പോർട്‌സ് കെട്ടിടങ്ങൾ തമ്മിൽ പ്രത്യേക അകലം പാലിക്കണമെന്നതും നിശ്ചിത അളവ് വേണമെന്നതും ഒഴിവാക്കി.


ആശുപത്രികളിൽ ഒരു കട്ടിലിന് 180 ചതുരശ്രമീറ്റർ സ്ഥലം വേണം. മെഡിക്കൽ കോംപ്ലക്‌സുകൾ 400 ചതുരശ്ര മീറ്ററിൽ കുറയാനും പാടില്ല. 20 മീറ്ററിനേക്കാൾ വീതി കുറവുള്ള റോഡുകളിൽ വാഹന സർവീസ് സെന്ററുകൾ സ്ഥാപിക്കരുത്. ചരക്ക് നീക്കത്തിനുള്ള സ്ഥലങ്ങൾക്ക് ഒരു ലോറിക്ക് 200 ചതുരശ്ര മീറ്റർ വിസ്താരം വേണം. റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് മുൻവശം ഒരു കാർ പാർക്ക് ചെയ്യാൻ 24 ചതുരശ്രമീറ്ററാണ് ആവശ്യമുള്ളത്. ഗോഡൗണുകൾ നിർമിക്കുകയാണെങ്കിൽ 300 ചതുരശ്രമീറ്റർ വിസ്താരം കുറയാൻ പാടില്ല. നേരത്തെ ഇത് 2,000 ചതുരശ്ര മീറ്ററായിരുന്നു. ഉയരം എട്ട് മീറ്ററിൽ കുറയരുത്. നഗരത്തിനുള്ളിലെ ഗോഡൗണുകളുടെ വിസ്തീർണം 150 ചതുരശ്രമീറ്ററിനേക്കാൾ കൂടുതലാകാൻ പാടില്ല. ഇസ്തിറാഹകൾ കൃത്യ അകലം പാലിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. ഒരു വ്യക്തിക്ക് 10 ചതുരശ്രമീറ്റർ സൗകര്യമുള്ള ഇസ്തിറാഹകൾ എ കാറ്റഗറിയിലും എട്ട് ചതുരശ്രമീറ്ററുള്ളത് ബി കാറ്റഗറിയിലുമായിരിക്കും. എന്നാൽ അവ കോമേഴ്‌സ്യൽ റോഡിലായിരിക്കണം. സിനിമ തിയേറ്ററുകളും വിനോദ കേന്ദ്രങ്ങളും കോമേഴ്‌സ്യൽ റോഡുകൾക്കരികിലായിരിക്കണം. ഇവക്ക് നിശ്ചിത അളവ് കണക്കാക്കിയിട്ടില്ല.

 

Latest News