Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാരുടെ വോട്ടു പെട്ടിയിലാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ക്ഷേത്ര സന്ദര്‍ശനം

ലണ്ടന്‍- ബ്രിട്ടനില്‍ ഡിസംബര്‍ 12ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിലാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വോട്ടിനായി അടവുകള്‍ ഓരോന്നായി പയറ്റിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പു കാലത്ത് ഇന്ത്യന്‍ നേതാക്കളുടെ മാതൃകയാണ് ബ്രിട്ടീഷ് ഇന്ത്യക്കാരുടെ വോട്ടിനായി ബോറിസ് പയറ്റുന്നത്. ഇതിന്റെ ഭാഗമായി ബോറിസ് ലണ്ടനിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത് ഞായറാഴ്ച പത്രങ്ങളില്‍ വലിയ വാര്‍ത്തയായി. കാമുകി കാരി സൈമണ്ട്‌സിനൊപ്പമാണ് ബോറിസ് എത്തിയത്. കാരി കാവി സാരിയണിഞ്ഞ് തനി ഇന്ത്യന്‍ വേഷത്തിലായിരുന്നു. ഈ ചിത്രം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തു. 

സണ്‍ഡെ ടെലിഗ്രാഫില്‍ ഓന്നാം പേജ് ഫോട്ടോയായിരുന്നു ഇത്. ലണ്ടനിലെ ശ്രീ സ്വാമിനാരായണ്‍ മന്ദിറിലാണ് ബോറിസും കാരിയും എത്തിയത്. ബ്രിട്ടനില്‍ 15 ലക്ഷത്തോളം ഇന്ത്യന്‍ വംശജരായ വോട്ടര്‍മാരുണ്ട്. ഇതു ശക്തമാ ഒരു വോട്ടു ബാങ്കാണ്. ഏതാനും വര്‍ഷങ്ങളായി പ്രധാനമായും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയോടാണ് ഇന്ത്യക്കാര്‍ക്ക് ചായ്വ്. 2005ല്‍ പാര്‍ട്ടി നേതാവായും പിന്നീട് 2010ല്‍ പ്രധാനമന്ത്രിയായും വന്ന ഡേവിഡ് കാമറണ്‍ ആണ് ഇന്ത്യക്കാരുടെ പിന്തുണ പാര്‍ട്ടിക്ക് ഉറപ്പാക്കുന്നതില്‍ വലിയ വിജയം കണ്ടത്. പല പ്രശ്‌നങ്ങളിലും സര്‍ക്കാരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഇന്ത്യക്കാര്‍ക്ക് അനുകൂല നിലപാടാണ് എടുത്തിട്ടുള്ളതും. എതിര്‍ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ കശ്മീര്‍ വിഷയത്തിലടക്കമുള്ള നയങ്ങള്‍ ഇന്ത്യ വിരുദ്ധമെന്നും ഹിന്ദു വിരുദ്ധമെന്നുമൊക്കെയാണ് കണ്‍സര്‍വേറ്റീവിനെ പിന്തുണക്കുന്ന ഇന്ത്യക്കാരുടെ ആരോപണം. 

ഇന്ത്യക്കാരുടെ വോട്ടു തേടി ബ്രിട്ടീഷ് നേതാക്കള്‍ ക്ഷേത്രങ്ങളും ഗുരുദ്വാരകളുമെല്ലാം കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച ക്ഷേത്ര സന്ദര്‍ശനത്തിന് ബോറിസിനും കാമുകിക്കുമൊപ്പം ഹോം സെക്രട്ടറി പ്രീതി പാട്ടീലും സാരി ചുറ്റി എത്തിയിരുന്നു. കൂടാതെ ബോബ് ബ്ലാക്ക്മാന്‍, ശൈലേഷ് വാര, ദൊലാര്‍ പോപട് എന്നിവരും ഉണ്ടായിരുന്നു.
 

Latest News