കോട്ടയം- വൃദ്ധയുടെ പക്കല്‍നിന്ന് സ്വര്‍ണവള കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി. കുമരകം പുതിയകാവ് ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍നിന്ന് സരസ്വതി അമ്മ (89) യുടെ കൈയ്യില്‍ കിടന്ന 10 ഗ്രാം വീതം തൂക്കം വരുന്ന രണ്ടു സ്വര്‍ണ വളകളാണ് കവര്‍ന്നത്.
കുമരകം വില്ലേജ് തെക്കുംഭാഗം കരയില്‍ മണ്ണേക്കല്‍ ഭാഗത്ത് ലക്ഷംവീട്ടില്‍ രാഘവന്‍ മകന്‍ കുടക്കമ്പി എന്ന അനീഷ് ആണു പിടിയിലായത്. മകന്‍ മണല്‍ നിരത്തുന്ന കാര്യം പറഞ്ഞുവെന്ന് പറഞ്ഞാണ് സരസ്വതിയമ്മയും ഭര്‍ത്താവ് പരമേശ്വരന്‍ നായരും മാത്രം വീട്ടിലുള്ള സമയത്ത് എത്തിയത്. വെള്ളം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരമേശ്വരന്‍ നായര്‍ വെള്ളം കൊണ്ടുവന്ന് കൊടുത്തശേഷം ഗ്ലാസ്സ് തിരികെ അടുക്കളയില്‍ വെക്കാന്‍ പോയ സമയത്ത് മുറിക്കുള്ളിലിരുന്ന സരസ്വതി അമ്മയുടെ അടുത്തേക്ക് പ്രതി കയറിച്ചെന്നു. സ്‌നേഹം ഭാവിച്ച് അടുത്തുകൂടി എനിക്കും ഇതുപോലെ ഒരമ്മച്ചി ഉണ്ട് അമ്മച്ചിയെ എന്റെ അമ്മച്ചിയെപ്പോലെയാണ് തോന്നുന്നത് എന്ന് പറഞ്ഞ് കൈയ്യില്‍ തലോടുകയും രണ്ടു സ്വര്‍ണ വളകള്‍ ഊരി എടുക്കുകയും ചെയ്തു. സരസ്വതി അമ്മ ബഹളം വെച്ചപ്പോള്‍ പുറത്തേക്ക് ഇറങ്ങി ഓടി.
സമീപത്തെ കിണറ്റില്‍നിന്നും ആഭരണം കണ്ടെത്തി. നേരത്തെ കാട്ടൂത്ര ഭാഗത്തുള്ള തോമസ് ജോസഫ് എന്ന തളര്‍വാതം പിടിപെട്ട ആളുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല കവര്‍ന്ന കേസില്‍ അറസ്റ്റു ചെയ്തിരുന്നു.