കൊല്ലം- പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലോഡ്ജിലും ഹോട്ടലുകളിലും എത്തിച്ച് പലര്‍ക്കായി കാഴ്ച വെച്ച് ലക്ഷങ്ങള്‍ സമ്പാദിച്ച കേസില്‍ മാതൃസഹോദരിയടക്കം മൂന്നുപേരെ കൂടി അഞ്ചാലുംമൂട് പോലീസ് അറസ്റ്റു ചെയ്തു.
കൊട്ടിയം പുല്ലിച്ചിറയില്‍ ഹോം സ്‌റ്റേ വടകയ്‌ക്കെടുത്ത് നടത്തിവന്നിരുന്ന പള്ളിക്കല്‍ സ്വദേശിനി മിനി (33), കിളികൊല്ലൂര്‍ സ്വദേശി മോട്ടോര്‍യെന്ന് വിളിക്കുന്ന ഷിജു (35) എന്നിവരാണ് മാതൃസഹോദരിയെ കൂടാതെ ഇന്നലെ അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ മറ്റൊരു ബന്ധു കൊല്ലം തേവള്ളി ഓലയില്‍ സ്വദേശിനി ലിനറ്റ് (30), കരുനാഗപള്ളി ലോഡ്ജ് നടത്തിപ്പുകാരായ മണപ്പള്ളി പാവുമ്പ കിണറുവിളയില്‍ പ്രദീപ് (33), പാവുമ്പ തറയില്‍ ഹൗസില്‍ റിനു (33), പ•ന ആക്കല്‍ കൈപ്പള്ളില്‍ വീട്ടില്‍ നജിം (42) എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
അറസ്റ്റിലായ ഹോം സ്‌റ്റേ നടത്തിപ്പുകാരി മിനിക്കെതിരെ കുണ്ടറയിലെ ഒരു പെണ്‍വാണിഭക്കേസില്‍ പ്രതിയാണ്.
സിറ്റി പോലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൃക്കടവൂര്‍ കുരീപ്പുഴയിലെ പെണ്‍കുട്ടിയെ കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായാണ് ബന്ധുവായ യുവതി കൂട്ടി കൊണ്ടുവന്നത്. തുടര്‍ന്ന് കൊട്ടിയം കരുനാഗപള്ളി, ഭാഗങ്ങളിലും ലോഡ്ജുകളിലും ഹോം സ്‌റ്റേകളിലും എത്തിച്ച് പലര്‍ക്കായി കാഴ്ച വെക്കുകയായിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച 10 പേര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.