പൗരത്വ ബില്ല് ഇന്ത്യയെ പാക്കിസ്ഥാന്റെ ഹിന്ദുത്വ പതിപ്പാക്കി ചുരുക്കുമെന്ന് ശശി തരൂര്‍

ന്യൂദല്‍ഹി- മതം നോക്കി പൗരത്വം നല്‍കാനുള്ള നീക്കം ഇന്ത്യയെ പാക്കിസ്ഥാന്റെ ഹിന്ദുത്വ പതിപ്പാക്കി ചുരുക്കുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മഹാത്മാ ഗാന്ധിയുടെ ചിന്തയ്ക്കു മേല്‍ മുഹമ്മദലി ജിന്നയുടെ ചിന്ത നേടുന്ന വിജയമാണ് പൗരത്വ ബില്‍ പാര്‍ലമെന്റിലെത്തുന്നതോടെ സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തെ മാത്രമായി ഒറ്റപ്പെടുത്താനാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമം. ഈ സമുദായത്തിലെ അംഗങ്ങള്‍ക്ക് അടിച്ചമര്‍ത്തലില്‍ നിന്ന് അഭയം നല്‍കാനും വിസമ്മതിക്കുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളും ഈ ബില്ല് പാസാക്കിയാലും സുപ്രീം കോടതിയിലെ ഒരു ബെഞ്ചും ഈ നഗ്നമായ ഭരണഘടനാ മൗലികാവകാശ ലംഘനം അനുവദിച്ചു കൊടുക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും തരൂര്‍ പറഞ്ഞു. 

ഒരു ദേശീയ അഭയാര്‍ത്ഥി നയം രൂപപ്പെടുത്തുന്നതു സംബന്ധിച്ച് ഒരു ര്‍ച്ചയ്ക്കു തയാറാല്ലാത്ത സര്‍ക്കാരിന്റെ നാണംകെട്ട പ്രവര്‍ത്തനമാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം അഭയാര്‍ത്ഥി നയം സംബന്ധിച്ച് സ്വകാര്യ ബില്ല് തരൂര്‍ അവതരിപ്പിച്ചിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനായി പെട്ടെന്നോരു നീക്കം നടത്തുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാജ്യാന്തര നിയമ പ്രകാരം അഭയാര്‍ത്ഥികള്‍ക്ക് മാന്യമായ പദവി ഉറപ്പാക്കാനോ അവരുടെ അവസ്ഥ മെച്ചപ്പെടുത്താനോ ആവശ്യമായ അടിസ്ഥാന നടപടികളൊന്നും സ്വീകരിക്കാനും സര്‍ക്കാര്‍ തയാറായിട്ടില്ല.

ഇതെല്ലാം സൂചിപ്പിക്കുന്നത് പൗരത്വ ബില്ല് സംബന്ധിച്ച എല്ലാ നീക്കങ്ങളും വ്യക്തമായും ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്താനും അവരുടെ അവകാശങ്ങളെല്ലാം എടുത്തുകളയാനുമുള്ള കുത്സിത രാഷ്ട്രീയ നീക്കമാണെന്നാണ്. ഇത് നമ്മെ പാക്കിസ്ഥാന്റെ ഒരു ഹിന്ദുത്വ പതിപ്പാക്കി മാറ്റും- തരൂര്‍ വ്യക്തമാക്കി.
 

Latest News