Sorry, you need to enable JavaScript to visit this website.

അടുക്കളയില്‍ ദുരിതം ആളിക്കത്തും; ഉള്ളിക്കു പിന്നാലെ പാചക വാതക വിലയും കുതിക്കുന്നു

ന്യൂദല്‍ഹി- ഉള്ളി വില രാജ്യത്തെ സാധാരണക്കാരുടെ പോകറ്റുകളിലും അടുക്കളകളിലും വിതച്ച ദുരതത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പാചക വാതകത്തിന് വീണ്ടും വില കൂട്ടിയത് പൊതുജനത്തിന് ഇരുട്ടടിയായി . സബ്‌സിഡി ഇല്ലാത്ത പാചക വാതക വിലയില്‍ നാലു മാസത്തിനിടെ മാത്രം 120.50 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായി നാലു മാസവും വില കൂട്ടി. ഏറ്റവും ഒടുവില്‍ പുതുക്കിയ വില ഡിസംബര്‍ ഒന്നു മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഇതു പ്രകാരം ചെന്നൈയിലും കൊല്‍ക്കത്തയിലും വില 76 രൂപയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടറിന് ചെന്നൈയില്‍ 696 രൂപയും കൊല്‍ക്കത്തയില്‍ 706 രൂപയുമാണ് പുതുക്കിയ വില. ദല്‍ഹിയിലും മുംബൈയിലും വാതക വില യഥാക്രമം സിലിണ്ടറിന് 13.50, 14 രൂപയുമാണ് ഇന്‍ഡെയ്ന്‍ എല്‍പിജി സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വര്‍ധിപ്പിച്ചത്. സബ്‌സിഡി ഇല്ലാത്ത എല്‍പിഡി സിലിണ്ടര്‍ വില മുംബൈയില്‍ 695 രൂപയായും ദല്‍ഹിയില്‍ 665 രൂപയായുമാണ് വര്‍ധിപ്പിച്ചത്. നവംബറില്‍ മുംബൈയില്‍ സിലിണ്ടറിന് വില 681.5 രൂപയും ദല്‍ഹിയില്‍ 651 രൂപയുമായിരുന്നു. 

19 കിലോഗ്രാം സിലിണ്ടറിന് ഡിസംബര്‍ ഒന്നു മുതല്‍ ദല്‍ഹിയില്‍ 1,160.50 രൂപയും മുംബൈയില്‍ 1,211.50 രൂപയുമാണ് പുതിയ വില. ദല്‍ഹിയില്‍ മാത്രം എല്‍പിജി വില 120.50 രൂപ വരെ വര്‍ധിച്ചു. മുംബൈയില്‍ 118.50 രൂപയും.

നിലവില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള 14.2 കിലോഗ്രാം സിലിണ്ടര്‍ എല്‍പിജിക്കാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കിവരുന്നത്. ഒരു വര്‍ഷം 12 സിലിണ്ടറുകള്‍ വരെ ഒരു കുടുംബത്തിന് സബ്‌സിഡിയോടെ ലഭിക്കും. ഇതില്‍ കൂടുതല്‍ ആവശ്യമായാല്‍ വിപണി വില നല്‍കി വാങ്ങണം. സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി തുകയും എല്‍പിജി വില പോലെ ഓരോ മാസവും മാറും. രാജ്യാന്തര എല്‍പിജി വിലയിലെ അന്തരം, വിദേശ വിനിമയ നിരക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് സബ്‌സിഡി തുക കണക്കാക്കുന്നത്.
 

Latest News