സര്‍ക്കാരുണ്ടാക്കാന്‍ മുന്നോട്ടു വന്നത് അജിത് പവാർ, ശരത് പവാറിനും അറിയാമായിരുന്നു- ഫഡ്‌നാവിസ്

മുംബൈ- മഹാരാഷ്ട്രയില്‍ പാളിയ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപി പിന്തുണ അറിയിച്ച് മുന്നോട്ട് വന്നത് എന്‍സിപി നേതാവ് അജിത് പവാറെന്ന് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വെളിപ്പെടുത്തല്‍. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ അറിവോടെയാണ് ഈ സഖ്യമെന്ന് അജിത് തങ്ങളെ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ശരത് പവാറും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ഉള്ളടക്കം പവാര്‍ നേരത്തെ പുറത്തുവിട്ടിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ അനുയോജ്യമായ സമയത്ത് വെളിപ്പെടുത്തുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. 

കോണ്‍ഗ്രസുമായുള്ള സഖ്യം സാധ്യമല്ലാത്തതിനാല്‍ ബിജെപിക്ക് പിന്തുണ നല്‍കാമെന്നാണ് ഭൂരിപക്ഷം എന്‍സിപി എംഎല്‍എമാരും തന്നോട് പറഞ്ഞതെന്ന് അജിത് പവാര്‍ പറഞ്ഞതായും മറാത്തി വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഫഡ്‌നാവിസ് പറഞ്ഞു. മറ്റു പാര്‍ട്ടികളെ പിളര്‍ത്താനോ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാനോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 23ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് എന്‍സിപി ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണയ്ക്കുമെന്നറിയിച്ച് അജിത് പവാര്‍ ബന്ധപ്പെട്ടത്. ഏതാനും എല്‍എമാരുമായി സംസാരിക്കാനും അദ്ദേഹം അവസരമൊരുക്കി. ഈ നീക്കങ്ങളെല്ലാം ശരത് പവാര്‍ അറിയുമെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഇതൊരു പന്തയമാണെന്ന് അറിയാമായിരുന്നു. പക്ഷെ, ഇവിടെ പൊളിഞ്ഞെങ്കിലും രാഷ്ട്രീയത്തില്‍ പന്തയം ഒഴിച്ചുകൂടാനാവത്തതാണ്- ഫഡ്‌നാവിസ് പറഞ്ഞു.
 

Latest News