രണ്ടുമാസത്തോളം പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ തീക്കൊളുത്തി കൊലപ്പെടുത്തി

അഗര്‍ത്തല- പതിനേഴുകാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് രണ്ടുമാസത്തോളം തടവിലാക്കി പീഡിപ്പിച്ച ശേഷം തീക്കൊളുത്തി കൊലപ്പെടുത്തി. ദക്ഷിണ ത്രിപുരയിലെ  ശാന്തിര്‍ബസാറിലാണ് സംഭവം. പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ അരലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്ന് കാമുകന്‍ അജോയ് രുദ്രപാലും  അമ്മയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തീക്കൊളുത്തിയതെന്ന് പറയുന്നു. ഇവരെ നാട്ടുകൂര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമൂഹ മാധ്യമത്തിലൂടെയാണ് അജോയ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ശേഷം സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ചുവെന്നും ഭക്ഷണം പോലും പെണ്‍കുട്ടിക്ക് നല്‍കിയിരുന്നില്ലെന്നും കുടുംബം പറയുന്നു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും അവഗണനയാണ് നേരിട്ടത്. 50,000 രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും 17,000 രൂപയേ സംഘടിപ്പിക്കാനായുള്ളൂ എന്നും ഇത് അജോയ് രുദ്രപാലിന്റെ അമ്മയക്ക് കൈമാറിയിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

മുഴുവന്‍ പണവുമില്ലാത്തതിനാല്‍ ക്ഷുഭിതനായ അജോയും അമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് അമ്മ പറയുന്നു. തീക്കൊളുത്തിയെന്ന വിവരമറിഞ്ഞ് പോലീസിനെ സമീപിച്ചപ്പോഴും അവഗണനയാണ് നേരിട്ടതെന്ന് കുടുംബം പറയുന്നു.

 

Latest News