Sorry, you need to enable JavaScript to visit this website.

സൗദിയിലെ വിദേശികളുടെ മിനിമം വേതനം  ഇരട്ടിയാക്കണം -ഗോസി

റിയാദ്- സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളുടെ മിനിമം വേതനം ഉയർത്തണമെന്ന് ഗോസി (ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്) ശൂറാ കൗൺസിലിന് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. വിദേശികളുടെ മിനിമം വേതനം 800 റിയാലായി നിശ്ചയിക്കണമെന്നാണ് നിർദേശം. നിലവിൽ ഇത് 400 റിയാലാണ്. തട്ടിപ്പുകൾ നടത്താനും വലിയ തോതിൽ ലാഭമുണ്ടാക്കുന്നതിനും തൊഴിലുടമകളെ ഇത് സഹായിക്കുന്നു. തങ്ങളുടെ തൊഴിലാളികളുടെ വേതനമായി ഏറ്റവും കുറഞ്ഞ പരിധിയായ 400 റിയാൽ രജിസ്റ്റർ ചെയ്താണ് തൊഴിലുടമകൾ തട്ടിപ്പുകൾ നടത്തുന്നത്. യഥാർഥത്തിൽ വിദേശ തൊഴിലാളികൾ കൈപ്പറ്റുന്ന വേതനം ഇതിൽ കൂടുതലാകും. എന്നാൽ തൊഴിലാളികളുടെ വേതനം 400 റിയാലായി ഗോസിയിൽ രജിസ്റ്റർ ചെയ്ത് തൊഴിലുടമകൾ തട്ടിപ്പ് നടത്തുന്നു.
വിദേശ തൊഴിലാളികളുടെ അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനം തൊഴിലുടമകൾ ഗോസിയിൽ അടക്കൽ നിർബന്ധമാണ്. ഗോസിയിൽ രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് തൊഴിൽ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഗോസിയിൽ അടക്കേണ്ട പ്രതിമാസ വരിസംഖ്യ ലാഭിക്കുന്നതിനാണ് വിദേശികളുടെ വേതനമായി ചെറിയ സംഖ്യ തൊഴിലുടമകൾ രജിസ്റ്റർ ചെയ്യുന്നത്. സ്വകാര്യ മേഖലയിലെ ആകെ വിദേശ തൊഴിലാളികളുടെ 27 ശതമാനത്തിലധികം പ്രതിമാസ വേതനമായി 400 റിയാൽ രജിസ്റ്റർ ചെയ്ത വിഭാഗത്തിൽ പെട്ടവരാണ്. 400 റിയാലിന് രജിസ്റ്റർ ചെയ്ത തൊഴിലാളിക്ക് മാസത്തിൽ എട്ടു റിയാൽ തോതിൽ വർഷത്തിൽ 96 റിയാൽ മാത്രമാണ് ഗോസിയിൽ തൊഴിലുടമകൾ അടക്കേണ്ടത്. വേതന സുരക്ഷാ പദ്ധതി നടപ്പാക്കിയത് ഗോസി വരിസംഖ്യയിൽ തട്ടിപ്പുകൾ നടത്തുന്ന പ്രവണത നേരിയ തോതിൽ കുറച്ചിട്ടുണ്ട്. എന്നാൽ ഗോസി വരിസംഖ്യ കണക്കാക്കുന്നതിന് അവലംബിക്കുന്ന പരിധിക്കു പുറത്തുള്ള ആനുകൂല്യങ്ങളായി വേതനത്തിൽ നല്ലൊരു ഭാഗം രേഖയിൽ കാണിച്ച് സ്ഥാപനങ്ങൾ തട്ടിപ്പുകൾ തുടരുകയാണ്. വേതനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വിശ്വാസ്യത അൽപം ഉയർത്തുന്നതിന് വേതന സുരക്ഷാ പദ്ധതി സഹായകമായിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തുന്നത് ചെറുകിട സ്ഥാപനങ്ങളാണ്. വേതന സുരക്ഷാ പദ്ധതി നടപ്പാക്കിയത് ഗോസി വരിസംഖ്യ ഉയരുന്നതിന് സഹായകമായിട്ടുണ്ട്. എന്നാൽ പൂർണ തോതിൽ പദ്ധതി പാലിക്കുന്നതിൽ സ്ഥാപനങ്ങൾ തട്ടിപ്പുകളും കൃത്രിമങ്ങളും നടത്തുന്നു. കൂടാതെ തട്ടിപ്പുകൾ ഏറ്റവും കൂടുതൽ നടത്തുന്ന ചെറുകിട സ്ഥാപനങ്ങൾക്ക് വേതന സുരക്ഷാ പദ്ധതി ഇനിയും നടപ്പാക്കിയിട്ടില്ലെന്നും ഗോസി പറഞ്ഞു. 
വിദേശികളുടെ യഥാർഥ വേതനം രജിസ്റ്റർ ചെയ്യുന്നതിൽ മാത്രമല്ല, സൗദികളെ ഗോസിയിൽ തീരെ രജിസ്റ്റർ ചെയ്യാതെയും ചില സ്ഥാപനങ്ങൾ തട്ടിപ്പുകൾ നടത്തുന്നു. ഗോസിയിൽ രജിസ്റ്റർ ചെയ്യാത്ത ചില സൗദി ജീവനക്കാർ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി സമീപ കാലത്ത് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. ഗോസി സ്വന്തം നിലക്ക് നടത്തിയ പരിശോധനകൾക്കിടെയും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡുകൾക്കിടെയുമാണ് ഗോസിയിൽ രജിസ്റ്റർ ചെയ്യാത്ത സൗദികൾ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയത്. ഗോസിയിൽ രജിസ്റ്റർ ചെയ്യാതെ സ്വകാര്യ സ്ഥാപനങ്ങൾ ജോലിക്കു വെക്കുന്നതായി സ്വന്തം നിലക്ക് നടത്തുന്ന പരിശോധനകളിലും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വഴിയും ഉറപ്പുവരുത്തുന്ന സൗദി ജീവനക്കാരെ ഗോസിയിൽ രജിസ്റ്റർ ചെയ്യും. സ്വദേശി ജീവനക്കാരെ ഗോസിയിൽ രജിസ്റ്റർ ചെയ്യാതെ തട്ടിപ്പുകൾ നടത്തുന്ന തൊഴിലുടമകൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് പറഞ്ഞു. 
ഗോസിയിൽ അടക്കേണ്ട പ്രതിമാസ വരിസംഖ്യ ലാഭിക്കുന്നതിനു വേണ്ടിയാണ് ചില സ്ഥാപനങ്ങൾ സൗദി ജീവനക്കാരെ രജിസ്റ്റർ ചെയ്യാതിരിക്കുന്നത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി, വിദേശ തൊഴിലാളികളെ ഗോസിയിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. നിയമാനുസൃതം റിക്രൂട്ട് ചെയ്തു കൊണ്ടുവരികയോ സ്‌പോൺസർഷിപ്പ് തങ്ങളുടെ പേരിലേക്ക് മാറ്റുകയോ ചെയ്യുന്ന വിദേശികളെ ഗോസിയിൽ തീരെ രജിസ്റ്റർ ചെയ്യാതെ തട്ടിപ്പുകൾ നടത്തുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് സാധിക്കില്ല. എന്നാൽ വിദേശികളുടെ വേതനം കുറച്ചു കാണിച്ച് നിരവധി സ്ഥാപനങ്ങൾ തട്ടിപ്പുകൾ നടത്തുന്നുണ്ട്. 
സൗദികൾക്ക് തൊഴിൽ അപകട ഇൻഷുറൻസ് പരിരക്ഷക്കു പുറമെ പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്കും തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിലേക്കും പ്രതിമാസ വരിസംഖ്യ അടക്കേണ്ടതുണ്ട്. സൗദികളുടെ തൊഴിൽ അപകട ഇൻഷുറൻസ് പരിരക്ഷാ വിഹിതമായി അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനം തൊഴിലുടമകൾ വഹിക്കണം. ഇതിനു പുറമെ പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്ക് അടിസ്ഥാന വേതനത്തിന്റെ 18 ശതമാനവും അടക്കണം. ഇതിൽ ഒമ്പതു ശതമാനം തൊഴിലുടമയും ഒമ്പതു ശതമാനം തൊഴിലാളിയുമാണ് വഹിക്കേണ്ടത്. തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി വിഹിതമായി അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനമാണ് അടക്കേണ്ടത്. ഇതിന്റെയും പകുതി തൊഴിലുടമയും അവശേഷിക്കുന്ന ഭാഗം തൊഴിലാളിയുമാണ് വഹിക്കേണ്ടത്.
 

Latest News