ഉന്നാവോ പ്രതികള്‍ക്ക് ബിജെപി ബന്ധം- പ്രിയങ്ക

ഉന്നാവോ- ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികള്‍ ചുട്ടെരിച്ച് കൊന്ന സംഭവത്തില്‍ രാജ്യമൊട്ടാകെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. തെലുങ്കാനയിലെ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ച പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന പോലെ ഉന്നാവോ കേസിലെ പ്രതികളേയും കൊല്ലണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകരും അപലപിക്കുകയുണ്ടായി.
ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തിക്കൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
ഇരയുടെ കുടുംബം കഴിഞ്ഞ ഒരുകൊല്ലത്തോളം തുടര്‍ച്ചയായി അപമാനിക്കപ്പെട്ടു. പ്രതികള്‍ക്ക് ചില ബിജെപിക്കാരുമായി ബന്ധമുണ്ടെന്നാണ് ഞാന്‍ കേട്ടത്. അവര്‍ക്ക് മറഞ്ഞിരിക്കാന്‍ സാധിക്കുന്നത് അതിനാലാണ്. സംസ്ഥാനത്ത് കുറ്റവാളികള്‍ക്ക് ഭയമില്ലാത്ത സാഹചര്യമാണെന്നും പ്രിയങ്ക പറഞ്ഞു. ക്രിമിനലുകള്‍ക്ക് സംസ്ഥാനത്ത് സ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ അദ്ദേഹം സംസ്ഥാനത്തെ എങ്ങനെയാണ് മാറ്റിയിരിക്കുന്നത്. ഇവിടെ സ്ത്രീകള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഉന്നാവോയില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
കൂട്ടബലാത്സംഗത്തിനിരയായി പരാതി നല്‍കിയതിന്റെ പേരിലാണ് പ്രതികളടങ്ങുന്ന അഞ്ചംഗ സംഘം വ്യാഴാഴ്ച പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

Latest News