Sorry, you need to enable JavaScript to visit this website.

സൗദി വിദ്യാര്‍ഥി നടത്തിയ വെടിവെപ്പ്; അന്വേഷണത്തിന് രാജാവ് പൂര്‍ണ സഹായം വാഗ്ദാനം ചെയ്തു

റിയാദ് - അമേരിക്കയിലെ ഫ്‌ളോറിഡയിൽ നാവിക താവളത്തിൽ സൗദി വിദ്യാർഥി നടത്തിയ വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെടുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ നിഗൂഢതകൾ വെളിച്ചത്തു കൊണ്ടുവരുന്നതിനുള്ള അന്വേഷണത്തിന് സൗദി പൂർണ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു.

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പിന്തുണ അറിയിച്ചത്. 
സംഭവത്തിൽ രാജാവ് അതീവ ദുഃഖം പ്രകടിപ്പിച്ചു. ഈ നീചകുറ്റകൃത്യം നടത്തിയ അക്രമി സൗദി ജനതയെ പ്രതിനിധീകരിക്കുന്നില്ല. 


സൗദി ജനത അമേരിക്കൻ ജനതയെ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളെ സൽമാൻ രാജാവ് അനുശോചനം അറിയിച്ചു. 


പരിക്കേറ്റവർക്ക് എത്രയും വേഗം രോഗശമനം സാധ്യമാകട്ടെയെന്ന് സൽമാൻ രാജാവ് പ്രത്യാശിക്കുകയും ചെയ്തു. 
സൗദി അറേബ്യ അമേരിക്കക്കൊപ്പം നിലയുറപ്പിക്കും. ഈ നിർഭാഗ്യകരമായ സംഭവത്തിന്റെ നിഗൂഢതകൾ വെളിച്ചത്തുകൊണ്ടുവരാൻ സഹായിക്കുന്ന എല്ലാവിവരങ്ങളും കണ്ടെത്തുന്നതിന് അമേരിക്കയിലെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കുന്നതിന് സൗദി സുരക്ഷാ വകുപ്പുകൾക്കും ഏജൻസികൾക്കും രാജാവ് നിർദേശം നൽകിയിട്ടുമുണ്ട്. 


ഫ്‌ളോറിഡ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനവും സഹതാപവും അറിയിച്ചും സൽമാൻ രാജാവ് ഫോണിൽ ബന്ധപ്പെട്ടതായി യു.എസ് പ്രസിഡന്റ് പറഞ്ഞു. സൗദി വിദ്യാർഥി നടത്തിയ പൈശാചികമായ ആക്രമണത്തിൽ സൗദി ജനത ഒന്നടങ്കം കടുത്ത രോഷാകുലരാണെന്ന് രാജാവ് പറഞ്ഞു. അമേരിക്കൻ ജനതയെ ഇഷ്ടപ്പെടുന്ന സൗദി ജനതയെ ഒരു രീതിയിലും അക്രമി പ്രതിനിധീകരിക്കുന്നില്ലെന്നും സൽമാൻ രാജാവ് തന്നോട് പറഞ്ഞതായി ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി.


സൗദി വിദ്യാർഥി നടത്തിയ ആക്രമണത്തിൽ സൗദി വിദേശ മന്ത്രാലയം ഖേദം രേഖപ്പെടുത്തി. നീചവും പൈശാചികവുമായ ആക്രമണം നടത്തിയ വിദ്യാർഥി സൗദി ജനതയെ പ്രതിനിധീകരിക്കുന്നില്ല. സൗദി അറേബ്യയും അമേരിക്കയും തമ്മിൽ ശക്തമായ ബന്ധങ്ങളാണുള്ളത്. 


ആക്രമണത്തിന്റെ നിഗൂഢതകൾ പുറത്തുകൊണ്ടുവരുന്നതിന് അമേരിക്കൻ സുരക്ഷാ ഏജൻസികൾക്ക് സൗദി സുരക്ഷാ ഏജൻസികൾ പൂർണ പിന്തുണ നൽകുമെന്നും വിദേശ മന്ത്രാലയം പറഞ്ഞു. 

ഫ്‌ളോറിഡയിലെ നാവിക താവളത്തിൽ സൗദി വിദ്യാർഥി വെള്ളിയാഴ്ച നടത്തിയ വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെടുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അമേരിക്കൻ അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. 


വ്യോമതാവളത്തിലെ വിദ്യാർഥിയാണ് ആക്രമണം നടത്തിയതെന്നും അക്രമിയെ പിന്നീട് സുരക്ഷാ സൈനികർ പ്രത്യാക്രമണത്തിലൂടെ കൊലപ്പെടുത്തിയതായും ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസ് അറിയിച്ചു.

അമേരിക്കൻ നാവിക സേനക്കു കീഴിലെ ഫ്‌ളോറിഡയിലെ പെൻസകോള നേവൽ എയർ സ്റ്റേഷനിലാണ് സംഭവം. വ്യോമയാന മേഖലയിൽ ഉപരിപഠനവും പരിശീലനവും നടത്തിവന്ന സൗദി വിദ്യാർഥിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. 


സഖ്യരാജ്യങ്ങളിൽ നിന്നുള്ള സൈനികർക്ക് പരിശീലനം നൽകുന്ന പെൻസകോള നാവിക താവളത്തിൽ പതിനാറായിരത്തോളം അമേരിക്കൻ നാവിക സൈനികരുണ്ട്. 


വെള്ളിയാഴ്ച രാവിലെയാണ് സൗദി സൈനിക വിദ്യാർഥി പെൻസകോള നേവൽ എയർ സ്റ്റേഷനിൽ വെടിവെപ്പ് നടത്തിയത്. 

Latest News