സാമ്പത്തികസ്ഥിതി: പ്രധാനമന്ത്രിയെ  ചർച്ചയ്ക്കു വെല്ലുവിളിച്ച് രാഹുൽഗാന്ധി

യു.ഡി.എഫ് മാനന്തവാടി നിയോജകമണ്ഡലം കൺവൻഷൻ വെള്ളമുണ്ടയിൽ രാഹുൽഗാന്ധി എം.പി. ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി-രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ചർച്ചയ്ക്കു  പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽഗാന്ധി.വെള്ളമുണ്ടയിൽ യു.ഡി.എഫ്  നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനത്തിനിടെയാണ് രാഹുൽ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത്. 
രാജ്യത്തിന്റെ വളർച്ചാനിരക്ക് അനുദിനം കൂപ്പുകുത്തുകയാണ്. ധൃതിപിടിച്ച് നടപ്പിലാക്കിയ ജി.എസ്.ടിയും നോട്ടുനിരോധനവും ചെറുകിട വ്യാപാര മേഖലയെ തകർത്തു. യുവാക്കൾ കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ്  നേരിടുന്നത്.  


എൻ.ഡി.എ ഭരണത്തിൽ രാജ്യത്തു സ്ത്രീ സുരക്ഷ ഇല്ലാതായി. ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യ മാനഭംഗങ്ങളുടെ നാടായി. ബി.ജെ.പി എം.എൽ.എ മാനഭംഗക്കുറ്റത്തിൽ ഉൾപ്പെട്ടിട്ടുപോലും 
പ്രധാനമന്ത്രി മൗനം പാലിക്കുയാണ്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ ഇന്ത്യക്കു എന്തുകൊണ്ടു കഴിയുന്നില്ലെന്ന ചോദ്യമാണ് ലോകരാജ്യങ്ങൾ ഉന്നയിക്കുന്നത്. പ്രധാനമന്ത്രി മോഡി വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പ്രചാരകനായി മാറി. 
മതം, ജാതി, വർഗം എന്നിവയുടെ പേരിൽ ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി  ശ്രമിക്കുന്നത്. ലോകത്ത് ഒരു മതഗ്രന്ഥവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.  മതഗ്രന്ഥങ്ങൾ വായിക്കാൻ മോഡി തയാറാവണം.


വയനാട് ഗവ.മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കുന്നതിനു സജീവമായി ഇടപെടും. മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ താത്പര്യം കാണിക്കണം. കർഷക സൗഹൃദ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വീഴ്ചവരുത്തുകയാണെന്നും രാഹുൽ പറഞ്ഞു. വെള്ളമുണ്ടയിൽ സൗജന്യ ഡയാലിസിസ് സെന്റർ തുടങ്ങിയ മസ്‌കറ്റ്  അൽ കരാമ ബിസിനസ് ഗ്രൂപ്പ്  എം.ഡി. അബ്ദുൽ  നാസർ കുനിങ്ങാരത്ത്, ഇരുകാലുൾക്കും ചലനശേഷിയില്ലാതിരുന്നിട്ടും  കൃഷിയിൽ സ്വന്തം മേൽവിലാസം എഴുതിയ കുംഭ  വെള്ളമുണ്ട, പണിയ വിഭാഗത്തിൽനിന്നുള്ള  പി.ജി.വിദ്യാർഥിനി  ലിനിയ കോട്ടമുക്കത്ത്, ഇന്ത്യൻ വനിത ബാസ്‌കറ്റ് ബോൾ ടീം  ക്യാപ്റ്റൻ  പി.എസ് ജീന എന്നിവരെ  രാഹുൽഗാന്ധി  ആദരിച്ചു. 

യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ.എൻ.കെ.വർഗീസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.സി.വേണുഗോപാൽ, ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, പി.കെ.ജയലക്ഷ്മി, എൻ.നിസാർ അഹമ്മദ്, എൻ.ഡി.അപ്പച്ചൻ, കെ.കെ.അബ്രഹാം, കെ.കെ.അഹമ്മദ്, എം.സി.സെബാസ്റ്റ്യൻ, മംഗലശേരി മാധവൻ, സി.പി.മൊയ്തു, ടി.കെ.മമ്മൂട്ടി, പി.കെ.അമീൻ പി.ഇസ്മയിൽ, എം.ജി.ബിജു, കെ.ജെ.പൈലി, ടി.കെ.ഭൂപേഷ് എന്നിവർ പ്രസംഗിച്ചു. പടയൻ മുഹമ്മദ് സ്വാഗതം പറഞ്ഞു.

Latest News