ഗൂഡല്ലൂർ- സൗദിയിൽ മരിച്ച യുവാവിന്റെ മൃതദേഹത്തിനായി മാതാപിതാക്കളുടെ കാത്തിരിപ്പു തുടരുന്നു. ഓവാലി പഞ്ചായത്തിലെ ചിന്നചൂണ്ടി പരശുരാമൻ-പൊട്ടു ദമ്പതികളാണ് മകൻ രാജ്കുമാറിന്റെ (29) മൃതദേഹത്തിനായി കാത്തിരിക്കുന്നത്. ദമാമിൽ സ്വകാര്യ സ്ഥാപനത്തിൽ അഞ്ചു വർഷമായി ജോലി ചെയ്യുന്ന രാജ്കുമാർ ഒക്ടോബർ 17നു താമസസ്ഥലത്തു ജീവനൊടുക്കുകയായിരുന്നു. മരിക്കുന്നതിന്റെ തലേന്നു രാജ്കുമാർ അമ്മക്കു ടെലിഫോൺ ചെയ്തിരുന്നു.
വിസയുടെ കാലാവധി എട്ടുമാസം മുമ്പ് അവസാനിച്ചെന്നും മറ്റൊരു വിസയ്ക്കു ശ്രമിച്ചുവരികയാണെന്നും അമ്മയെ അറിയിച്ചു. പിന്നീട് രാജ്കുമാറിന്റെ മരണവാർത്തയാണ് വീട്ടുകാരെ തേടിയെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു കുടുംബം നടത്തിയ ശ്രമം ഫലവത്തായില്ല.
സഹായം അഭ്യർഥിച്ച് പരശുരാമൻ തമിഴ്‌നാട് മുഖ്യമന്ത്രി, നീലഗിരി ജില്ലാ കലക്ടർ, നീലഗിരി എം.പി, ഗൂഡല്ലൂർ എം.എൽ.എ, ആർ.ഡി.ഒ എന്നിവർക്കു കഴിഞ്ഞ ദിവസം നിവേദനം നൽകി.






