ചരിത്ര ശേഷിപ്പുകൾതേടിയുള്ള യാത്രകൾ പലപ്പോഴും നമുക്ക് പകരം വെക്കാൻ കഴിയാത്ത ചില സ്മൃതികൾ സമ്മാനിക്കുന്നതോടൊപ്പം ചില പാഠങ്ങളും നൽകുന്നു. അത്തരം ഒരു യാത്രയായിരുന്നു ചരിത്രത്തുടിപ്പുകൾതേടി തബൂക്കിലെക്കുള്ള ഈ പ്രാവശ്യത്തെ ഈദ് യാത്ര.
പെരുന്നാൾ പിറ്റേന്ന് അതിരാവിലെ ഞാനും കൂട്ടുകാരും യാത്ര പുറപ്പെട്ടു. ചെങ്കടലിനു സമാന്തരമുള്ള യാത്ര ഒരു പ്രത്യേക അനുഭൂതി പ്രദാനം ചെയ്യുമെന്ന് സുഹൃത്ത് ബഷീർ പറഞ്ഞതിൽനിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഈ തീരദേശ റൂട്ട് തെരഞ്ഞെടുത്തത്. യാത്രയുടെ ദൈർഘ്യവും ചിലർക്കെങ്കിലും ആസ്വാദനക്കുറവും അനുഭവപ്പെട്ടേക്കാവുന്ന പ്രദേശത്തെക്കാണ് ഇപ്രാവശ്യത്തെ യാത്ര എന്നതിനാൽ പറഞ്ഞുറപ്പിച്ച പലരും അവസാന നിമിഷത്തിൽ കൊഴിഞ്ഞു പോയി. അപ്പോഴാണ് ആഗോള തലത്തിൽതന്നെ അറിയപ്പെടുന്ന സഞ്ചാര സാഹിത്യകാരിൽ സമുന്നതനായ ഇബ്‌നു ബത്തൂത്ത ഏകദേശം 26 വർഷത്തോളം തന്റെ യാത്രക്ക് വേണ്ടി മാറ്റി വെച്ചിരുന്നത് എന്ന് മനസ്സിലൂടെ മിന്നി മറഞ്ഞത്. യാത്രയുടെ ദൂരവും താണ്ടിയ ഭൂഖണ്ഡങ്ങളുടെ പെരുപ്പവും അറിയുമ്പോഴാണ് അവരൊക്കെ എടുത്ത റിസ്‌കിന്റെ വ്യാപ്തി മനസ്സിലാകുക. അതും ഇന്നത്തെ പോലെ യാത്രാ - താമസ സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത്.

അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് ഏവരോടും അതെ എന്ന് മാത്രം പറഞ്ഞു ശീലിച്ച പ്രിയ സുഹൃത്ത് സമീറിനെ ഓർത്തു പോയത്. കൂടാതെ മറ്റൊരു സുഹൃത്ത് ഗഫൂറിനെയും കൂട്ടി ഞങ്ങൾ മൂന്ന് പേരും വെളുപ്പിന് യാത്ര പുറപ്പെട്ടു. ആളുകളെല്ലാം പെരുന്നാളിന്റെ ആലസ്യത്തിലാണ്ട പോലെ റോഡുകളെല്ലാം വിജനമായിരുന്നു. വല്ലപ്പോഴും ചരക്കുമായി ഒറ്റപ്പെട്ട് ഓടിക്കൊണ്ടിരിക്കുന്ന ട്രക്കുകളും മിന്നൽവേഗത്തിലോടുന്ന കാറുകളും മാത്രമായിരുന്നു റോഡിൽ.
ഇടയ്ക്കിടെ നിർത്തി യാത്രയുടെ പ്രവാഹത്തിന് വിഘ്‌നം വരാതിരിക്കാൻവേണ്ടി തുടക്കത്തിൽതന്നെ ഞങ്ങൾ പ്രഭാതഭക്ഷണം പാകിസ്ഥാനി പൊറാട്ടയിൽ ഒതുക്കി യാത്ര പുറപ്പെട്ടു. മരുഭൂമിയിലെ മരുപ്പച്ചയെ കുറിച്ചും നിമിഷ നേരം കൊണ്ട് വിസ്മയാവഹമായ മണൽക്കുന്നുകൾ രൂപപ്പെടുന്നതിനെ കുറിച്ചും മരുഭൂമിയിലൂടെ അലസഗമനമെന്നു നമ്മെ തോന്നിപ്പിക്കുമാറ് ഭക്ഷണം തേടി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒട്ടകങ്ങളുടെ ആകാരത്തെകുറിച്ചും അവയുടെ സൃഷ്ടിപ്പിനെക്കുറിച്ചുമൊക്കെ ഞങ്ങൾ അറിയാതെ ആലോചിച്ചുപോയി. യാത്ര അതിശീഘ്രം റാബക്കിനെയും പിന്തള്ളി യാമ്പു പട്ടണത്തിനു പിടികൊടുക്കാതെ ഉംലജ്, അൽവജ്ഹ്, ദുബെ ലക്ഷ്യമാക്കി മുന്നോട്ട് ഗമിച്ചു.

പ്രശാന്തമായ ഉംലജ് പട്ടണം ഉറക്കച്ചടവ് മാറാത്തതിനാൽ മിക്ക കടകളും അടഞ്ഞു കിടപ്പായിരുന്നു. മറുഭാഗത്ത് ഈത്തപ്പനകൾ നട്ടുപിടിപ്പിച്ചു അലങ്കാര വിളക്കുകൾകൊണ്ട് മനോഹരമായി അലങ്കരിച്ച ആഴമില്ലാത്ത കടൽതീരം അനക്കമില്ലാതെ പരന്നു കിടക്കുന്നു. അങ്ങിങ്ങായി ബീച്ചുകളിൽവണ്ടി നിർത്തിയിട്ടു സഞ്ചാരികൾ വിശ്രമിക്കുന്നുണ്ടായിരുന്നു. ഓരോ ചെറു പട്ടണത്തിലെത്തുന്നതിന്റെ മുന്നോടിയായി അലങ്കരിച്ച ബൾബുകളും തോരണങ്ങളും റോഡിന് ഇരുവശവും വിനോദ സഞ്ചാരികൾക്ക് കൗതുകമേകുന്നതാണ്. കുറച്ചു കൂടെ മുന്നോട്ട് നീങ്ങിയാൽ വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും അതാത് പ്രദേശത്തിന്റെ തനതായ ശൈലിയിൽ ഗരിമയോടെ തലയുയർത്തി നിൽക്കുന്ന കവാടങ്ങൾ കണ്ണിനു കുളിർമ നൽകുന്നതായിരുന്നു. ചെക്ക് പോസ്റ്റിലേക്കുള്ള ഇത്തരം കവാടങ്ങൾകടന്നു വേണം ഓരോ നഗരത്തിലും പ്രവേശിച്ചു മറ്റൊരു നഗരത്തെ ലക്ഷ്യമാക്കാൻ. അനന്തമായി പരന്നു കിടക്കുന്ന മരുഭൂമിയെ കീറിമുറിച്ചുകൊണ്ട് ഞങ്ങളുടെ വണ്ടി വീണ്ടും മുന്നോട്ട് കുതിച്ചു. റോഡിനിരുവശത്തുമായി ഇടക്കിടെ കാണുന്ന ഫലകങ്ങൾ സന്ദർശകർക്ക് ഏറെ ഉപകാരപ്രദമാണ്. പാതകൾ വളരെ ആസൂത്രണത്തോടെ നിർമിച്ചതിനാൽ റോഡുകൾ ആകാശത്ത് അവസാനിക്കുന്നപോലെ നീണ്ടു നിവർന്നു കിടപ്പാണ്. അതിനാൽ തന്നെ മരീചിക നമ്മെ മാടിവിളിച്ചു യാത്രയിലുടെനീളം കബളിപ്പിച്ചു കൊണ്ടിരിക്കും. ഉറക്കമൊഴിച്ചു നിൽക്കുന്ന 'സാഹിർ' ക്യാമറക്കണ്ണുകൾ മറ്റുള്ള റോഡിനെ അപേക്ഷിച്ച് കുറവാണെങ്കിലും മെസേജുകൾ പല കനത്തിലും മുമ്പു കിട്ടിയിട്ടുള്ളതിനാൽ ബോർഡുകളിലെ അക്കങ്ങളെ ഞങ്ങൾ യാത്രയിലുടനീളം പരിപൂർണമായും പിന്തുടർന്നു. പലയിടങ്ങളിലും സാധാരണ ഹൈവേകളിൽ കാണുന്ന കമ്പിവേലികൾ ഇല്ലാത്തതിനാൽ ഒട്ടകങ്ങളെ കാണുമ്പോൾ വല്ലാത്ത ആധിയാണ് മനസ്സിൽ. റോഡുപണി കാരണം ചെറിയ ഒറ്റവരിപ്പാതയുടെ ഓരങ്ങളിൽ മേഞ്ഞുനടക്കുന്ന ഒട്ടകത്തെ കാണുമ്പോൾ പ്രത്യേകിച്ചും. അവയുടെ അന്നം തേടിയുള്ള അലച്ചിലുകൾക്ക് തടസ്സം നിന്നാലുണ്ടാവുന്ന ഭവിഷ്യത്ത് ഓർത്ത് സഹയാത്രികർ പിൻസീറ്റിലിരുന്നു ആശങ്ക പങ്കുവെക്കുന്നത് കൂടുതൽ ശ്രദ്ധയോടെ വണ്ടി ഓടിക്കാൻ കാരണമായി.
അങ്ങനെ ഞങ്ങളുടെ വണ്ടി അൽവജ്ഹും പിന്നിട്ട് ദുബെ തുറമുഖത്തോട് അണഞ്ഞുകൊണ്ടിരുന്നു. അപ്പോഴേക്കും മധ്യാഹ്ന സൂര്യൻ അതിന്റെ താവളത്തിലേക്ക് ചായാൻ തിടുക്കം കൂട്ടി തുടങ്ങിയിരുന്നു. എന്നിട്ടും വിശപ്പിന്റെ ഒരു ലാഞ്ഛന പോലും അനുഭവപ്പെട്ടില്ല. യാത്രക്ക് എപ്പോഴും സുഡാനി ഫൂലും പാകിസ്ഥാനി പൊറാട്ടയുമാണ് ഉചിതമെന്ന് സ്ഥിരമായി യാത്ര ചെയ്യുന്നവർ പറയുന്നത് കേട്ടത് സംശയലേശമന്യേ ശരിവെച്ച സന്ദർഭം. നമ്മൾ മലയാളികൾക്ക് ഒരു കുഴപ്പമുണ്ടല്ലോ സമയമായാൽ വല്ലതും കഴിച്ചില്ലെങ്കിൽ വല്ലാത്തൊരു വേവലാതിയാണ്. അപ്പോൾ വിശപ്പുണ്ടോ എന്നൊന്നും നോക്കലില്ല. ചെങ്കടലിന്റെ മുത്ത് എന്ന് പ്രാദേശിക ജനം വിളിക്കുന്ന ദുബക്ക് പ്രാചീന കാലം തൊട്ട്തന്നെ യാത്രാ പഥങ്ങളിൽ നിർണായക സ്ഥാനമുണ്ടായിരുന്നു. ഒരു കാലത്ത് ഓട്ടോമൻ തുർക്കികൾക്ക് അനൽപമായ സ്വാധീനമുള്ള സ്ഥലമായിരുന്നു. ഞങ്ങളുടെ വണ്ടി ഭീമൻ കമാനവും കടന്നു മുന്നോട്ടു പോയി. അപ്പോഴാണ്അവിടെ ഒരു പറ്റം ആളുകൾ തടിച്ചു കൂടിയിരിക്കുന്നത് കണ്ടത്. ആളുകളുടെ വേഷങ്ങൾ കണ്ടപ്പോൾ തന്നെ മനസ്സിലായി അവർ ഈജിപ്തുകാരാണെന്ന്. ട്രാവൽസ് തുറക്കുന്നതും കാത്ത് അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. അവിടുത്തുകാരാണന്നു തോന്നി ഞങ്ങളോടും തിരക്കി ആ ഓഫീസിനെകുറിച്ച്. അവിടെ നിന്ന് ഈജിപ്തിലേക്ക് കടത്തു ബോട്ടുള്ളതിനാൽ മിക്ക ആളുകളും അവരവരുടെ വണ്ടിയുമായിട്ടാണ് അവിടേക്ക് വന്നിട്ടുള്ളത്. റോഡരികിൽനിർത്തിയിട്ട ഒരു ലാൻഡ്ക്രൂയ്‌സർ കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി. ഒരു വെയർഹൌസ് പോലെ സാധനങ്ങൾ നിറച്ചിട്ടിരിക്കുന്നു. അപ്പോഴാണ്‌സുഹൃത്ത് പറഞ്ഞത്, അവർവണ്ടിയും കൊണ്ടാണ് അവരുടെ നാട്ടിലേക്ക്‌പോകല് എന്ന്! നന്നായി പരിപാലിച്ചു പോരുന്ന മനോഹരമായ ചെങ്കടൽതീരം മന്ദമാരുതനെപോലും മന്ദഹസിപ്പിക്കുന്ന സ്ഫടികം പോലെയുള്ള ഇളം നീല നിറത്തിലുള്ള നിശ്ചലമായ കടൽവെള്ളം കാണുമ്പോൾ മനസ്സിനുണ്ടാകുന്ന ആനന്ദം അനിർവചനീയമാണ്. അതുകൊണ്ട് തന്നെയാണ് ഈ തീരദേശ പാതയെ മറ്റു റോഡുകളിൽനിന്ന് വ്യത്യസ്തമാക്കുന്നതും.
ദുബ വെറും ഇടത്താവളമായതിനാൽ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. അങ്ങിനെ 'ശർമ' യും തരണം ചെയ്ത് അൽബാദ്ഉം താണ്ടി ഹഖ്ൽ ലക്ഷ്യമാക്കി കുതിച്ചു. അവസാനമതാ നാല് രാജ്യങ്ങളുടെ സംഗമ ഭൂമിയിൽ ഞങ്ങളും എത്തിച്ചേർന്നു. അപ്പോഴും അവിടെ അമര സൂര്യൻ അരുണിമ പൊഴിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും 14 മണിക്കൂറോളം വണ്ടി ഓടി സമയം ഏഴേമുക്കാൽ കഴിഞ്ഞിരുന്നു. എന്നിട്ടും സൂര്യകിരണങ്ങൾക്ക് ഞങ്ങളെ വിട്ടുപോകാൻമടിയായപോലെ, നല്ലപോലെ പ്രകാശം ചുറ്റുപാടും പരത്തിക്കൊണ്ടിരുന്നു. പള്ളിയിൽ നമസ്‌കാരം കഴിഞ്ഞതിനു ശേഷവും ഒരു മങ്ങിയ വെളിച്ചം അവിടെ തങ്ങി നിൽക്കുന്നുണ്ടായിരുന്നു. എന്നോടപ്പം മറ്റുള്ളവരും അത്ഭുത പരതന്ത്രരായ നിമിഷം. ഏഴരക്കും എട്ടിനുമിടയിൽ സൂര്യ പ്രകാശമോ? അപ്പോഴാണ് സമയ ചംക്രമണത്തെ കുറിച്ച് ആലോചിച്ചത്! ഒരുവശത്ത് ജോർദാൻ. എതിർവശത്ത് ഈജിപ്ത് ഉൾപ്പെട്ട സീന കുന്നുകൾ. അതിനു ചാരി ഇസ്രായിൽ. സമയം എട്ടു മണി കഴിഞ്ഞതോടെ വഴിയോര വിളക്കുകളൊക്കെ പ്രകാശിക്കാൻ തുടങ്ങി. അപ്പോഴേക്കും അങ്ങ് അക്കരെയും പല വർണങ്ങളിലുള്ള ബൾബുകൾ പ്രകാശം വിതറുന്നത് കണ്ണുകൾക്ക് കൗതുകമേകി. ഇക്കരെ നിന്നാൽ അക്കരപ്പച്ച എന്ന് പറയും പോലെ അപ്പുറത്ത് ആളുകളൊക്കെ ആഹ്ലാദത്തിന്റെ പൂർണിമയിൽ ഉല്ലസിക്കുന്നപോലെ തോന്നിയ നിമിഷങ്ങൾ. ഞങ്ങൾക്ക് മുമ്പിലുള്ള അഖബ കടലിടുക്കിന് നമ്മുടെ ഭാരതപ്പുഴയുടെ വീതിയേ തോന്നൂ. നിറഞ്ഞു നിൽക്കുന്നത് കണ്ടാൽതോന്നും വായ തുറന്നു വിഴുങ്ങാൻ നിൽക്കുന്ന മുതലയാണെന്ന്. അത്രക്കും സംഹാര ശേഷിയുള്ളപോലെ. അതിനിടയിൽ തീരദേശ സൈന്യത്തോട് കുശലം പറഞ്ഞു. ഈദാശംസകൾ നേരാനും മറന്നില്ല. അവിടെയെത്തിയപ്പോൾ എന്തോ വല്ലതും എത്തിപ്പിടിച്ചപോലെ ഒരു അവാച്യമായ അനുഭൂതി! അപ്പോഴേക്കും അഞ്ചോളം കാറുകളിലായി മലയാളികൾ കൂട്ടത്തോടെ അവിടെ വന്നിറങ്ങി. അതിനിടയിൽ അടുത്തുള്ള ബൂഫിയയിൽനിന്ന് തൽക്കാലം വിശപ്പടക്കി വീണ്ടും വണ്ടിയിൽകയറി. സമയം വൈകിയതിനാൽ മാഗ്‌ന ബീച്ചും ഐൻമൂസയും ശുഐബ് നബിയുടെ കോട്ടയൊന്നും അപ്പോൾ കാണാൻ കഴിഞ്ഞില്ല. സുഹൃത്തും നാട്ടുകാരനുമായ സുബൈർ തബൂക്കിൽ കാത്തിരിക്കുന്നതിനാൽ എന്ത് വിലകൊടുത്തും അത്രയും ദൂരം വണ്ടി ഓട്ടിയെ മതിയാവൂ. വണ്ടിക്കാണങ്കിലോ എത്ര കൊടുത്തിട്ടും വിശപ്പടങ്ങാത്ത പോലെ. അത്രക്കും ദൂരമായിരുന്നു ഒരു പോയിന്റിൽനിന്ന് മറ്റു പോയിന്റിലേക്ക് എത്താൻ. അവസാനം തബൂക്കിന്റെ ഹൃദയ ഭാഗത്തുകൂടെ സഞ്ചരിച്ചു സുഹൃത്ത് പറഞ്ഞ സ്ഥലത്തെത്തി വണ്ടി നിർത്തി അവനെ കാത്തുനിന്നു. ഏതാനും മിനിട്ടുകൾക്കകം അവനും എത്തി. ഞങ്ങൾ പരസ്പരം നാട്ടുവിശേഷങ്ങളൊക്കെ പങ്കുവെച്ചു. അറിയാതെ വാച്ച് നോക്കിയപ്പോൾ സൂചി അടുത്ത ദിവസത്തിലേക്ക് കടന്നിട്ടുണ്ടായിരുന്നു. എന്നിട്ടും നഗരം ഒന്ന് ഓട്ടപ്രദക്ഷിണം നടത്താമെന്ന് കരുതി. തബൂക്കിലെ പ്രകൃതി രമണീയത എത്ര ആസ്വദിച്ചാലും മതിവരില്ല. നാലുഭാഗവും മാമലകളാൽചുറ്റപ്പെട്ട് കിടക്കുന്നു. അതിനു നടുവിലായി കുന്നും മലകളുമില്ലാതെ പരന്നു കിടക്കുന്ന പ്രവിശാലമായ ഒരു ഫുട്‌ബോൾ ഗ്രൗണ്ട് പോലെയുള്ള സ്ഥലം. അതിനുള്ളിലാണ് അതി വിശാലമായ തബൂക്ക് നഗരം. ഭംഗിയായി രൂപകൽപ്പന ചെയ്ത വീതിയുള്ള റോഡുകളും ഇടക്കിടെ വൃത്തിയും വെടിപ്പുമുള്ള പാർക്കുകളും ഉയർന്നു നിൽക്കുന്ന വീടുകളും വ്യാപാര സമുച്ചയങ്ങളും വശ്യമാർന്ന കാഴ്ചയാണ്.

പുണ്യ പ്രവാചകൻ മുഹമ്മദ് നബി(അ)യുടേയും അനുയായികളുടേയും പാദസ്പർശമേറ്റ മണ്ണാണല്ലോ എന്നോർത്ത് മനസ്സ് തരളിതമായ നിമിഷം. പെരുന്നാൾ പ്രമാണിച്ചാകാം നഗരത്തിനെ വർണ വിളക്കുകളാൽ നന്നായി അണിയിച്ചൊരുക്കിയിരുന്നു. ഓരോ പട്ടണം കാണുമ്പോൾതോന്നും ഇവിടെയാണോ സൗദിയുടെ കൂടുതൽവികസനം നടക്കുന്നതെന്ന്.
ഈ രാജ്യത്തിലെ ഭരണാധിപന്മാരുടെ സാമൂഹിക പ്രതിബദ്ധതയുടെ നേർസാക്ഷ്യമാണ് നമുക്ക് അവിടെ കാണാൻ കഴിയുക. അടിസ്ഥാന വികസനം എല്ലായിടത്തും ഒരേപോലെ.
അവരുടെ ആ മഹാമനസ്‌കതയെ ആ സിറ്റി കണ്ട ഒരാൾക്കും അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. അപ്പോൾ അറിയാതെ ഓർത്ത് പോയി നമ്മുടെ നാട്ടിൽമുറവിളി കൂട്ടിയിട്ടുപോലും നിലനിൽക്കുന്ന അസന്തുലിതാവസ്ഥ പ്രത്യേകിച്ച് മലബാറിന്റെ വികസന കാര്യത്തിൽ! സമയം അർദ്ധ രാത്രിആയിട്ട് പോലും പാർക്കിലേക്കുള്ള ആളുകളുടെ വരവ് നിലച്ചിട്ടില്ല. എത്തിയവർകൂട്ടം കൂട്ടമായി സൊറ പറഞ്ഞിരിക്കുന്നു.
ആളുകൾഒരു ആഘോഷരാവിന്റെ ആനന്ദം പരിപൂർണമായി ആസ്വദിക്കുന്നപോലെ. അപ്പോഴേക്കും കൺപോളകൾതൂങ്ങി തുടങ്ങിയിരുന്നു. സമയം വളരെ അതിക്രമിച്ചു. പിന്നെ റൂം തിരച്ചിലായി. അവിടത്തുകാരൻതന്നെ ഞങ്ങളുടെ കൂടെയുള്ളതിനാൽ ബുദ്ധിമുട്ടില്ലാതെ നല്ല ഹോട്ടൽ അവൻ തരപ്പെടുത്തി.
ഭക്ഷണം കഴിച്ചു അവിടെ തമ്പടിച്ചു. ഏതാനും മണിക്കൂറുകളെ ഞങ്ങൾക്ക് അവിടെ കിട്ടിയുള്ളൂ. ദീർഘമായ യാത്രാക്ഷീണം എല്ലാവരുടെ മുഖത്തും കാണാമായിരുന്നെങ്കിലും തബൂക്കിലെ ആസ്ട്ര ഫാമിലെ കാഴ്ചകളെ കുറിച്ചുള്ള ആകാംക്ഷ ഞങ്ങൾക്ക് ആവേശം പകർന്നതിനാൽ കാലത്ത് തന്നെ കുളിച്ചൊരുങ്ങി ഹോട്ടൽലോബിയിൽ അയൽവാസി സുബൈർ വരുന്നതും കാത്തിരുന്നു. ഏതാനും മിനുട്ടുകൾക്കകം സുബൈർഎത്തി ഞങ്ങൾ നാലു പേരും കൂടെ ഏകദേശം 40 കിലോമീറ്റർ ദൂരമുള്ള ഫാമിനെ ലക്ഷ്യമാക്കി വണ്ടി വിട്ടു. തബൂക്കിൽ റോഡിനു ഇരുവശവുമായി പച്ച വിരിച്ചു നിൽക്കുന്ന മനോഹരമായ കൃഷിയിടങ്ങളുടെ കാഴ്ച മനസ്സിന് വല്ലാത്തൊരു സന്തോഷമാണ് സമ്മാനിക്കുക. നമ്മുടെ നാടിനുപോലും അന്യമായിക്കൊണ്ടിരിക്കുന്ന കൃഷി ആയിരം കാതം ഇപ്പുറത്ത് വിളയിച്ച് കൊണ്ടിരിക്കുന്നു. വണ്ടി കൃത്യസമയത്ത് തന്നെ പ്രസ്തുത ഫാമിന്റെ മെയിൻഗൈറ്റിന്റെ മുന്നിലെത്തി അപ്പോഴുണ്ടായിരുന്നു ജിദ്ദയിൽനിന്ന് എത്തിയ സുഹൃത്തുക്കളടങ്ങിയ 2 ബസുകൾ അവിടെ ഗെയിറ്റ് പാസ്‌റെഡിയാക്കി കൊണ്ടിരിക്കുന്നു. അതിനപ്പുറത്ത് തലേന്ന് അഖ്‌ലിൽനിന്നു പരിചയപ്പെട്ട സുഹൃത്തിന്റെ സാന്നിധ്യവും ഞങ്ങളുടെയും പ്രവേശനം എളുപ്പമാക്കി. അങ്ങനെ അവരുടെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കാഴ്ചകൾ കാണാൻപുറപ്പെട്ടു. പുറത്ത് നിന്ന് കാണുന്ന പോലല്ല അതിനുള്ളിലെത്തിയപ്പോഴുള്ള കാഴ്ച കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. പല നിറങ്ങളിലും പല വലിപ്പത്തിലുമുള്ള വ്യത്യസ്തയിനം ഫലങ്ങൾ.
മുന്തിരിത്തോപ്പിലൂടെ പഴുത്ത മുന്തിരിക്കുലകളുമായി തോളുരുമ്മിയുള്ള നടത്തം മനസ്സിനെ പിടിച്ചു നിർത്താൻവല്ലാതെ പാടുപെട്ടു. കൈയ്യുകൾ കുലകളോട് അറിയാതെ അടുക്കുമ്പോഴും ഗൈഡിന്റെ നിർദേശം ഓർമയിലേക്ക് തെളിഞ്ഞു വരും അതോടെ കൈ താഴും. ചിലർ അത്തരം ചിന്തകളെ സെൽഫിയെടുത്തു മനം നിറയെ ആസ്വദിച്ചു. തൊട്ടടുത്ത് മാതള നാരങ്ങ, ഓറഞ്ച്, ഒലീവ് തുടങ്ങിയവ. മറുഭാഗത്ത് തടിച്ചു കൊഴുത്ത് നിൽക്കുന്ന പശുക്കൾ സന്ദർശകരെ തലയാട്ടി സ്വാഗതം ചെയ്യുന്നു. അവയുടെ പെരുമാറ്റം കണ്ടിട്ട് ഇന്ത്യക്കാരാണ് എന്ന് അറിഞ്ഞപോലെ!
വീണ്ടും വണ്ടി കയറി അവരുടെ അടുത്ത ഫാമിലേക്ക്. അവിടെ എത്തിയപ്പോഴാണ് ഊട്ടിയിലെ റോസ് ഗാർഡനെ പോലും വെല്ലുന്ന തരത്തിലുള്ള വർണ വൈവിധ്യമുള്ള വിവിധതരം റോസാപ്പൂക്കൾ. പരിമളം കൊണ്ടും ചാരുത കൊണ്ടും ലാവണ്യം കൊണ്ടും വിസ്മയം തീർത്ത് സന്ദർശകരുടെ കണ്ണിനു കുളിരേകുന്നു. മറ്റൊരിടത്ത് വിവിധയിനം പുഷ്പങ്ങൾ. തൊട്ടപ്പുറത്ത് പലതരത്തിലുള്ള കളർചെടികൾ. മറുഭാഗത്ത് ഫുട്‌ബോൾ കളിക്കാർക്ക് കളിക്കാൻ തയ്യാർ ചെയ്യപ്പെട്ടതാണെന്നു തോന്നുന്ന വിശാലമായ പച്ച പരവതാനി. അതിന്റെ ഒരു ഭാഗത്ത് പുൽവെട്ടി യന്ത്രം കട്ട് ചെയ്ത് അടുക്കി വെച്ച പുൽകെട്ടുകൾ ഉണങ്ങിയതിനാൽ കണ്ടാൽ ഏതൊരാൾക്കും ബിസ്‌ക്കറ്റാണ് എന്നേ തോന്നൂ. എന്തൊരു ചന്തമാണ് ആ കാഴ്ചയ്ക്ക്.
ഞങ്ങളുടെ യാത്ര അവിസ്മരണീയമാക്കി തന്ന ആ അസ്ട്ര ഫാമിലെ ജീവനക്കാരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു:
ഇനിയും കുറെ കാണാനുണ്ടല്ലോ എന്ന്. സമയക്കുറവ് കാരണം തിരികെവരാമെന്ന പ്രത്യാശയോടെ കാഴ്ചകൾചുരുക്കി നേരെ ആതിഥേയന്റെ റൂമിലെ വിഭവ സമൃദ്ധമായ സദ്യ കഴിച്ചു തൊട്ടടുത്തുള്ള തോട്ടവും സന്ദർശിച്ചു. 'നമ്മുടെ നാട്ടിലുള്ള ഒരാളും കൂടെയുണ്ട് ഇവിടെ, നിങ്ങളറിയുമോ എന്നറിയില്ല' എന്ന സുബൈറിന്റെ അപേക്ഷക്ക് മറുത്തുപറയാതെ അവനെയും കാണാൻ പുറപ്പെട്ടു. അവനും അതിഥികളെ കുറിച്ച് യാതൊരു സൂചനയും ഇല്ലാത്തതിനാൽ ആകാംക്ഷയോടെ റോഡിൽ കാത്തിരിക്കുകയായിരുന്നു. ഒന്ന് രണ്ടു റോഡുകൾതാണ്ടി വേണം ഞങ്ങൾക്ക് അവിടെ എത്താൻ. അതാ നിൽക്കുന്നു ഒരാൾ എന്ന് പിൻസീറ്റിൽനിന്ന് ആരോ പറഞ്ഞു. അങ്ങനെ അവിടേക്ക് തിരിച്ചു. അൻവർ ആണല്ലോ അത്! സ്‌കൂളിൽ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ച അവനെ അറിയൂലാന്നോ? വണ്ടി പെട്ടെന്ന് പാർക്ക്‌ചെയ്തു. ഞങ്ങൾ പരസ്പരം ആലിംഗനം ചെയ്തു. പതിറ്റാണ്ടുകളുടെ പ്രവാസം ഞങ്ങളുടെ ഇടയിൽവിടവ് വരുത്തിയിട്ടുണ്ടെങ്കിലും നിമിഷങ്ങൾക്കകം പഴയ ബന്ധത്തിന്റെ ഊഷ്മളത തിരിച്ചെടുത്തു.

അവനോടും ആതിഥേയനോടും യാത്രാ മംഗളം നേർന്നു. അപ്പോഴേക്കും ഞങ്ങൾഎല്ലാവരും അവരുടെ പെരുമാറ്റത്തിന്റെ മാധുര്യം ആവോളം നുകർന്നിരുന്നു. ഉടനെ വണ്ടി മഗ്‌നയിലേക്ക് തിരിച്ചു. സുഹൃത്ത് ഗൂഗിൾമാപ്പ് പരതിയെപ്പോൾ ഏകദേശം 270 കിലോമീറ്റർ താണ്ടണം അവിടെയെത്താൻ. ദൂരം കൂടുതലാണെന്ന് പറഞ്ഞു ഞാൻ കുറച്ചു മടി കാണിച്ചുവെങ്കിലും സഹയാത്രികർ അതിനു സമ്മതിക്കാത്തതിനാൽ യാത്ര തുടർന്നു. ഒരുഭാഗത്ത് ചുവന്ന മലകൾ. വഴിയോരങ്ങളിൽകാണുന്ന പാറകളുടെ രൂപ ഭാവങ്ങളും ചാരുതയും നമ്മെ വിസ്മയ ലോകത്തിലേക്ക് ആനയിക്കും. പാറയുടെ അടുക്കുകൾ അന്യൂനമായി അടുക്കി വെച്ച പോലെ. അത് കണ്ടപ്പോൾ വല്ലാത്തൊരു ആശ്ചര്യം തോന്നി.
അപ്പോഴാണ് സുഹൃത്ത് പറഞ്ഞത് ആ മലകൾ അൽഉലയിലുള്ള മലകളുടെ തുടർച്ചയാണെന്ന്. ജോർദാനിലേക്ക് അവിടെനിന്ന് ഏതാനും കിലോ മീറ്ററുകളുടെ ദൂരമേയുള്ളൂ. നൂറ്റാണ്ടുകൾക്ക് ശേഷവും തലയെടുപ്പോടെ നിൽക്കുന്ന ചുവന്ന പാറക്കൂട്ടങ്ങൾ നമ്മെ വരവേൽക്കുന്നത് തന്നെ ചരിത്രത്തിലെ വിസ്മയമായ പ്രവാചകൻമാരായ മൂസ (അ) ശുഐബ്(അ) സ്വാലിഹ്(അ) എന്നിവരുടെ ചരിത്രവുമായി ബന്ധപ്പട്ടു കിടക്കുന്ന സ്ഥലങ്ങളാണ് അതിനു ചുറ്റും. അങ്ങനെ വളഞ്ഞു പുളഞ്ഞ താഴ്‌വരകളിലൂടെ താണ്ടി വേണം മാഗ്‌നയിലെത്താൻ. അതിനിടയിൽ മദിയനിലേക്ക് തിരിച്ചു. അവിടെയാണ് ശുഐബ് നബിയുടെ കോട്ട സ്ഥിതി ചെയ്യുന്നത്. മദിയൻ നിവാസികളെ അസ്ഹാബുൽഅയ്ക്കത് എന്നും വിളിക്കപ്പെടുന്നു. സമയം വളരെ വൈകിയതിനാൽ അൽപ സമയം മാത്രമേ ഞങ്ങൾക്ക് കിട്ടിയുള്ളൂ. ഉടനെ അയ്ൻമൂസ കാണുന്നതിനു വേണ്ടി അവിടെനിന്നു മഗ്‌നയിലെക്ക് തിരിച്ചു. ആൾതാമസം വളരെ കുറവാണ് ആ റോഡിൽ. ഗൂഗിൾ മാപ്പിന്റെ സഹായത്താൽ സൂര്യൻ അസ്തമിക്കാറായപ്പോഴേക്കും ഞങ്ങൾ അവിടെ എത്തിച്ചേർന്നു.
വെള്ളത്താൽ ചുറ്റും പച്ചപ്പുകളും ഈത്തപ്പന തോട്ടങ്ങളും. ശേഷം മാഗ്‌ന ബീച്ച് ലക്ഷ്യം വെച്ചു കുറച്ചു കൂടെ മുന്നോട്ട് പോയപ്പോൾ കണ്ട കാഴ്ച വളരെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. നേരെ പോകുന്നത് സമുദ്രത്തിന്റെ മാറിലേക്കെന്നപോലെ.
ഇതുവരെ കണ്ടു പരിചയിച്ച കണ്ണെത്താദൂരത്തോളം കടൽ എന്ന കാഴ്ചപ്പാടിനെ തിരുത്തേണ്ട സന്ദർഭം! കുട്ടിക്കാലത്ത് 'കരകാണാ കടലല മേലെ....' മൂളിപ്പാട്ട് പാടിയത് ഓർമവന്ന നിമിഷങ്ങൾ! പക്ഷെ ഇവിടെ എല്ലാം തലതിരിഞ്ഞ പോലെ! കടലിനു അറ്റം കാണുകയോ? അതും നഗ്‌ന നേത്രങ്ങൾകൊണ്ട്! വല്ലാത്തൊരൽഭുതം! അതാ കാണുന്നു മറുഭാഗത്ത് ഈജിപ്തിലെ സീന പാർവത നിരകൾ. സൗദിയിൽ പരിചയിച്ചിട്ടില്ലാത്ത ശക്തിയായി അടിച്ചു വീശുന്ന തിരമാലകൾ.
നിരന്നു കിടക്കുന്ന സൗദി നിരത്തിലൂടെയുള്ള യാത്ര ആരെയും വശീകരിക്കുന്നതാണ്. അപരിചിതമായ സ്ഥലങ്ങളിലൂടെ അസമയത്തുള്ള യാത്രയിലാണെങ്കിൽപോലും നമ്മുടെ നാട്ടിലേതു പോലെ ഒന്നിനെയും ഭയപ്പെടാതെ സുഗമമായി സഞ്ചരിക്കാം. അത്യാവശ്യം തരക്കേടില്ലാത്ത ഒരു വണ്ടിയും അതിൽ ഫുൾടാങ്ക് പെട്രോളും ഉണ്ടെങ്കിൽ! അതിനാൽ ഞങ്ങളും ഒരു ആശങ്കയുമില്ലാതെ രാത്രിയെ പകലാക്കി മാഗ്‌നയിൽനിന്ന് ജിദ്ദയിലേക്ക് മടങ്ങി.






