Sorry, you need to enable JavaScript to visit this website.

ഇതു നിയമവിരുദ്ധമായ ആൾക്കൂട്ടക്കൊലയല്ലാതെ മറ്റെന്ത്...!!

ഏതൊരു മനസ്സാക്ഷിയേയും ഞെട്ടിക്കുന്നതു തന്നെയാണ് ഹൈദരാബാദിൽ യുവ വനിതാ ഡോക്ടറെ ക്രൂരമായി ബലാൽസംഗം ചെയ്തതും കൊന്നുകളഞ്ഞ് കത്തിച്ചതും. ആ പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് ആഗ്രഹിക്കാത്ത ഒരാളും ഉണ്ടാകാനിടയില്ല. പക്ഷെ, ആ ശിക്ഷ നൽകേണ്ടത് എങ്ങനെ എന്നതാണ് പ്രസക്തമായ ചോദ്യം. കണ്ണിന് കണ്ണ്, കൊലക്കു കൊല എന്ന പ്രാകൃതമായ ആൾക്കൂട്ടനീതിയാണോ അതോ ആധുനിക ജനാധിപത്യസംവിധാനത്തിന്റെ ഭാഗമായ ജുഡീഷ്യറിയുടെ പ്രക്രിയകളിലൂടെ കടന്നുപോയി, കുറ്റകൃത്യം സംശയാതീതമായി തെളിയിച്ച് വേണോ? തീർച്ചയായും രണ്ടാമത്തെ മാർഗ്ഗമാണ് ഒരു പൗരൻ എന്ന രീതിയിൽ തെരഞ്ഞെടുക്കാനാകുക. ആ രീതിക്ക് ഒരുപാട് പരിമിതികളും പ്രശ്‌നങ്ങളും ഉണ്ടെന്നതിൽ സംശയമില്ല. പക്ഷെ നിലവിലുള്ള സംവിധാനങ്ങളിൽ നീതിയോട് ഏറെക്കുറെ പുലർത്താൻ അതിനെ കഴിയൂ. പക്ഷെ ഹൈദരാബാദിൽ സംഭവിച്ചത് കാലഹരണപ്പെട്ട പ്രതികാരത്തിന്റെ രീതിയാണ്. 
നിയവിരുദ്ധമായ ഈ കൂട്ടക്കൊലയേക്കാൾ ഞെട്ടിക്കുന്നത് അതിനെ സ്വാഗതം ചെയ്യുന്നവരുടെ നീതിബോധമാണ്. ആ പെൺകുട്ടിയുടെ മാതാപിതാക്കളും നിർഭയയുടെ മാതാപിതാക്കളുമൊക്കെ അങ്ങനെ ചെയ്യുന്നത് സ്വാഭാവികം. എന്നാൽ ജനാധിപത്യസംവിധാനത്തിന് അപമാനമായ ഈ നടപടിയെ രാജ്യമെങ്ങും ആഘോഷിക്കുകയാണ്. കൃത്യം ചെയ്ത പോലീസുകാർക്ക് മിഠായിയും ലഡുവുമാണ് നാട്ടുകാർ വിതരണം ചെയ്യുന്നത്. മറുവശത്ത് ജയാബച്ചൻ മുതൽ മായാവതി വരെയുള്ളവരും പോലീസിനു പൂച്ചെണ്ടുനൽകുന്നു. പല സംഭവങ്ങളിലും കുറ്റവാളികൾ രക്ഷപ്പെടുന്നതും നീതിക്കായി അനന്തമായി കാത്തിരിക്കേണ്ടിവരുന്നതുമാണ് പലരേയും ഈ നിലപാടെടുക്കുവാൻ പ്രേരിപ്പിക്കുന്നത്. ഈ വാദങ്ങൾ പ്രസക്തം തന്നെയാണ്. കേസുകൾ അനന്തമായി നീളുന്നത് അവസാനിപ്പിക്കുക തന്നെ വേണം. പഴുതടച്ചുള്ള അന്വേഷണങ്ങളിൽ പോലീസ് പരാജയപ്പെടുന്ന സംഭവങ്ങൾ നിരവധിയാണ്. പലരീതിയിലുള്ള സ്വാധീനങ്ങളും കേസിന്റെ വഴി തിരിച്ചുവിടുന്നുമുണ്ട്. അങ്ങനെ പ്രതികൾ രക്ഷപ്പെടുന്ന സംഭവങ്ങളും ഈ ദിശയിൽ ചിന്തിക്കാൻ നിരവധി പേരെ പ്രേരിപ്പിക്കുന്നുണ്ട്. വൈകുന്ന നീതിയും കോടതിക്കുമുന്നിൽ തെളിവുകൾ എത്താത്തതിനാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടാത്തതും മറ്റുമാണ് നിയമവിരുദ്ധമായി പോലീസ് നിയമം കൈയിലെടുക്കുന്നതിനെ ന്യായീകരിക്കുന്ന അവസ്ഥയിലേക്ക് വലിയൊരു വിഭാഗം എത്താൻ കാരണം. വാളയാർ ഒരു ഉദാഹരണം. ഇത്രവർഷമായിട്ടും അഭയകേസ് വിചാരണ തുടങ്ങിയപ്പോൾ സാക്ഷികൾ കൂറുമാറുന്നത് മറ്റൊരുദാഹരണം. പ്രമാദമായ രാജൻ കേസിൽ പോലും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടില്ല. മഅദനികേസ് അനന്തമായി നീളുന്നു. അപ്പോഴും നിയമം കയ്യിലെടുക്കുന്ന പോലീസിന്റെയും അതിനു നിർദ്ദേശം കൊടുത്തവരുടേയും നടപടിയും അതിനു കയ്യടിക്കുന്ന പ്രാകൃതമനസ്സും അംഗീകരിക്കാനാവില്ല. നിലവിലെ സംവിധാനത്തിൽ കുറ്റവാളിയാരാണെന്ന് തീരുമാനിക്കുന്നത് കോടതിയാണ്. പോലീസല്ല ഈ വിഷയം പരിഹരിക്കേണ്ടത്. നീതിന്യായസംവിധാനം ഏതു പ്രതിക്കും നൽകുന്ന അവകാശങ്ങൾ നിഷേധിച്ച്, നിയമം കയ്യിലെടുത്ത്, കൊലക്കു കൊല എന്ന പ്രാകൃതനീതി നടപ്പാക്കുന്നതിന് കയ്യടിക്കലിലൂടെയല്ല. നീതിന്യായ സംവിധാനത്തെ കുറ്റമറ്റതാക്കിയാണ്, ആധുനികമാക്കിയാണ്.
സംഭവത്തിൽ പോലീസിന്റെ വിശദീകരണം സാമാന്യബോധമുള്ള ഒരാളും വിശ്വസിക്കുന്നതല്ല.  കസ്റ്റഡിയിലുള്ള പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവത്രെ. എല്ലാ ഏറ്റുമുട്ടൽക്കൊലകളുടേയും വിശദീകരണം ഇതുതന്നെ. അതെല്ലാം കള്ളമാണെന്നതിന് എത്രയോ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. സത്യത്തിൽ നിയമം കയ്യിലെടുക്കുന്ന ആൾക്കൂട്ടകൊലകളുടെ മറ്റൊരു രൂപം തന്നെയാണ് ഹൈദരാബാദിൽ സംഭവിച്ചത്.  അതിനെ ന്യായീകരിക്കുന്ന മനസ്സ് അപകടകരമാണ്. നേരത്തെ പറഞ്ഞ പരിമിതികൾ ഉണ്ടെങ്കിലും ഭരണകൂടവും നീതിന്യായ സംവിധാനവും കോടതികളും നിയമവാഴ്ചയുമൊക്കെ നിലനിൽക്കുന്ന രാജ്യമാണ് നമ്മുടേത്.  തന്റെ ഭാഗം വാദിക്കാനുള്ള അവകാശം പ്രതിസ്ഥാനത്തു നിൽക്കുന്ന ആർക്കുമുണ്ട്. ആവശ്യമെങ്കിൽ അവർക്ക് അഭിഭാഷകരെ വിട്ടുകൊടുക്കാൻ പോലും ഭരണകൂടം ബാധ്യസ്ഥമാണ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാൽ പോലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നതാണ് നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ ആപ്തവാക്യം തന്നെ. അതെല്ലാം സൗകര്യപൂർവ്വം നാം മറക്കുകയാണ്.  ഒരുപക്ഷെ യഥാർത്ഥ പ്രതികളെയോ കൂടുതൽ രക്ഷപ്പെടുത്താനുള്ള നീക്കമല്ല ഇതെന്നു എങ്ങനെ പറയാനാകും? അങ്ങനെയെങ്കിൽ നീതിനിഷേധമല്ലേ പോലീസ് ചെയ്യുന്നത്? ഇത്തരത്തിൽ പൊതുമനസ്സാക്ഷിക്കനുസരിച്ച് കയ്യോടെ കൊലക്കു കൊല എന്ന രീതിയിൽ ശിക്ഷ നൽകിയാൽ കുറ്റകൃത്യങ്ങൾ കുറയുമെന്ന വാദം എത്രയോ നിഷ്‌കളങ്കമാണ്. ഭയം വിതച്ച് കുറ്റകൃത്യങ്ങൾ കുറക്കാമെന്നതിന് ലോകത്തെവിടേയും ഉദാഹരണമില്ല. 
മറ്റൊരു ശ്രദ്ധേയമായ വിഷയവും പലരും ചൂണ്ടിക്കാട്ടുന്നു. മാവോവാദ വേട്ടയുടെ പേരിലാണെങ്കിലും കുറ്റവാളികളെയും ബലാത്സംഗ പ്രതികളെയും അമർച്ച ചെയ്യാനെന്ന പേരിലാണെങ്കിലും ഭരണകൂടം കൊന്നുകളയുന്നവരെല്ലാം  കീഴാളരോ മുസ്‌ലിങ്ങളോ നഗരങ്ങളിലോ ഗ്രാമങ്ങളിലോ ഉള്ള 'പുറമ്പോക്കുകളി'ൽ ഉള്ളവരോ ആയിരിക്കും എന്നതാണത്. മറ്റുവിഭാഗങ്ങൾക്ക് തങ്ങളുടെ ഭാഗം വാദിക്കാൻ അവസരം ലഭിക്കുന്നു. അമേരിക്കയിൽ ലിഞ്ചിങ് എന്ന പേരിൽ നടന്ന എക്‌സ്ട്രാ ജുഡിഷ്യൽ കൊലപാതകങ്ങൾ ഒറ്റപ്പെട്ട കുറ്റങ്ങളോടുള്ള ബഹുജനരോഷം എന്നത് കടന്നു കറുത്തവരോട് വെളുത്ത വംശീയ വാദികൾ നടത്തുന്ന പ്രതികാര നിർവഹണമായി മാറിയതും ചൂണ്ടിക്കാട്ടപ്പെടുന്നു. ഒരു ലൈംഗിക തൊഴിലാളി സ്ത്രീ അല്ലെങ്കിൽ ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്ക് എതിരെയാണ് കുറ്റകൃത്യം നടന്നതെങ്കിൽ ഇപ്രകാരം പ്രതികരിക്കുമോ എന്ന ചോദ്യവും പ്രസക്തമാണ്. ഇല്ലെന്നുമാത്രമല്ല, അവരെയായിരിക്കും നാം കുറ്റപ്പെടുത്തുക.
സമാനമായ പല സംഭവങ്ങളിലും നിയമം കയ്യിലെടുത്ത് ഇപ്രകാരം കൊലകൾ നടത്തിയിട്ടുള്ള ഒരാളുടെ നേതൃത്വത്തിലാണ് ഈ കൊലകളും നടന്നത് എന്നതുമാത്രം മതി യാഥാർത്ഥ്യം ബോധ്യപ്പെടാൻ. ഇതിലൂടെ വൻ ജനരോഷത്തിൽ നിന്ന് പലരും രക്ഷപ്പെടുകയും ചെയ്തു എന്നതും കൂട്ടിവായിച്ചാൽ ചിത്രം പൂർത്തിയായി.
 

Latest News