Sorry, you need to enable JavaScript to visit this website.

ഹൈദരാബാദ് പോലീസിന് ബിഗ് സല്യൂട്ട് 

നമ്മുടെ രാഷ്ട്രീയ നേതാക്കൾ ചിലപ്പോഴൊക്കെ വിവേകത്തോടെ സംസാരിക്കാറുണ്ട്. ഹൈദരാബാദിലെ പോലീസ് നിയമം നടപ്പാക്കിയതിനെ സ്വാഗതം ചെയ്ത് യു.പിയിലെ മായാവതി പറഞ്ഞത് നോക്കൂ. ഹൈദരാബാദ് പോലീസിനെ ദൽഹി പോലീസും യു.പി പോലീസും മാതൃകയാക്കണമെന്നാണ് അവർ പറഞ്ഞത്. ഇന്ത്യക്കാർക്ക് ആകെ അപമാനമുണ്ടാക്കുന്ന വിധത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂര പീഡനങ്ങൾ അരങ്ങേറുന്നത്. 
തെലങ്കാന പൊലീസ് നടപടിയെ അനുകൂലിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ രംഗത്തെത്തിയതും ശ്രദ്ധേയമായി. 
മഹത്തായ കാര്യമാണ് ഹൈദരാബാദ് പോലീസ് ചെയ്തതെന്നു പറഞ്ഞ സൈന, ഞങ്ങൾ  നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്നും ട്വിറ്ററിൽ  കുറിച്ചു.
അതേസമയം ഇത്തരം പോലീസ്  നടപടികളിലൂടെ ഭാവിയിൽ  ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങൾ നടക്കില്ലെന്ന് ഉറപ്പു വരുത്താനാവുമോ എന്നാണ് മറ്റൊരു ബാഡ്മിന്റൺ താരമായ ജ്വാല ഗുട്ട ചോദിച്ചത്. 
ഡോക്ടറെ ചുട്ടെരിച്ച സ്ഥലത്ത് തെളിവെടുപ്പ് നടത്താൻ  കൊണ്ടുവന്നതായിരുന്നു പ്രതികളെ. അതിനിടെ ഇവർ  ഓടി രക്ഷപ്പെടാൻ  ശ്രമിച്ചു. ഇതോടെയാണ് നാലുപേരെയും പോലീസ് വെടിവെച്ചുകൊന്നത്.
പ്രതികളായ ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെയാണ് പോലീസ് വെടിവെച്ച് കൊന്നത്.
ഹൈദരാബാദ് -ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് ഡോക്ടറുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ഇരുപത്താറുകാരിയെ പ്രതികൾ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പോലീസ് പറയുന്നു. തുടർന്നു പെട്രോൾ  വാങ്ങി വന്ന് പുലർച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.
ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്ന കേസിലെ പ്രതികൾക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വെടിവെച്ച് കൊന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി. 
തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ചെന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെയ്ക്കുകയായിരുന്നു എന്നുമാണ് ഔദ്യോഗിക ഭാഷ്യം.
അനിവാര്യമായ ശിക്ഷയാണ് നടപ്പായത്. കാരണം അത്രയ്ക്കും കൊടും ക്രൂരതയാണ് വനിതാ ഡോക്ടറോട് പ്രതികൾ ചെയ്തത്. കാമവെറി തീർത്ത് കഴിഞ്ഞും അരിശം തീരാതെ കത്തിച്ച് കൊന്നവർ ഒരു ദയയും അർഹിക്കുന്നില്ല.
മരണം ഇത്രയേറെ ജനങ്ങൾക്ക് സന്തോഷപ്രദമാകുന്നത് ഇതാദ്യമാണ്. സോഷ്യൽമീഡിയയിൽ ഇപ്പോൾ കയ്യടി ലഭിച്ചുകൊണ്ടിരിക്കുന്നത് ഐപിഎസ് ഓഫീസറായ സജ്ജനാറിനാണ്. സിറ്റി പോലീസ് കമ്മീഷണറായ ഈ ഉദ്യോഗസ്ഥന്റെ മുൻകാല ചരിത്രവും കടുപ്പം നിറഞ്ഞതാണ്. എസ്പിയായ കാലം മുതൽ ദ്രോഹികളോട് ഒരിക്കൽപോലും സജ്ജനാർ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഈ കാർക്കശ്യത്തിന് മുന്നിലാണിപ്പോൾ തെലങ്കാന പീഡനക്കേസിലെ പ്രതികളും പിടഞ്ഞ് വീണിരിക്കുന്നത്.
ഇത്തരം ക്രിമിനലുകളുടെ മനുഷ്യാവകാശം ഉയർത്തിപ്പിടിച്ച് ആരും  രംഗത്ത് വരാതിരിക്കുന്നതാണ് നല്ലത്. മനുഷ്യാവകാശം മനുഷ്യന് മാത്രം അവകാശപ്പെട്ടതാണ്. ഡോക്ടറെ കൊന്നവരുടെ ശിക്ഷ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ വരെ അരങ്ങേറിയത് ശക്തമായ പ്രതിഷേധമാണ്. തെലങ്കാനയെ മാത്രമല്ല രാജ്യത്തെ മൊത്തത്തിൽ കണ്ണീരണിയിച്ച സംഭവമായിരുന്നു ഈ കൊലപാതകം.
പ്രതികളിൽ ആരിഫും ശിവയുമാണ് ലോറിയിൽ ഇഷ്ടികയുമായി വന്നത്. സാധനമിറക്കാൻ വൈകിയതു കൊണ്ട് അവർ ടോൾ പ്ലാസയിൽ കാത്തുനിൽക്കുമ്പോൾ സുഹൃത്തുക്കളായ മറ്റു പ്രതികൾ എത്തുകയായിരുന്നു. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തിൽ എത്തിയത്. വാഹനം അവിടെ വെച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണ് നാല് പേരും ചേർന്ന് കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടർന്ന് ടയറിന്റെ കാറ്റഴിച്ചു വിടുകയായിരുന്നു.
രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോൾ, സഹായിക്കാമെന്നു പറഞ്ഞ് ഒരാൾ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകൾക്കുള്ളിൽ തിരിച്ചെത്തി. അപ്പോഴാണ്  യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോൾ ഫോൺ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. പ്രതികൾ ഡോക്ടറെ സമീപത്തുള്ള വളപ്പിലേക്കു കൊണ്ടുപോയി വായിൽ മദ്യം ഒഴിച്ചുകൊടുത്ത ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഡോക്ടർ അലറിക്കരഞ്ഞതിനെ തുടർന്നാണ് കൊലപ്പെടുത്തിയത്. വാഹനത്തിനുള്ളിൽ സൂക്ഷിച്ച മൃതദേഹം പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. ഷാദ്‌നഗറിലെ വീട്ടിൽ നിന്ന് ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ഡോക്ടർ ആക്രമണത്തിന് ഇരയായത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംഷാബാദിലെ ടോൾ ബൂത്തിന് 30 കി.മി അകലെ രംഗറെഡ്ഡി ജില്ലയിൽ  കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 70 ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽ നിന്ന് ലഭിച്ച ഗണപതിയുടെ ലോക്കറ്റാണ് യുവതിയെ തിരിച്ചറിയാൻ സഹായിച്ചത്. പ്രതികളെയെല്ലാം വെടിവെച്ച് കൊന്നതോടെ പോലീസിനെതിരെ ഉയർന്ന പ്രതിഷേധമെല്ലാം അഭിനന്ദനമായി ഇപ്പോൾ മാറിയിട്ടുണ്ട്.
തെലങ്കാന കേസിലെ പ്രതികൾ വെടിയേറ്റ് മരിച്ച സംഭവം ക്രിമിനലുകൾക്ക് പേടി സ്വപ്‌നമായി മാറണം. ഒരു സ്ത്രീയുടെ നേരെയും ഇത്തരക്കാരുടെ കൈകൾ ഇനി നീളാൻ പാടില്ല.
തെലങ്കാനക്ക് പിന്നാലെ രണ്ട് യുവതികൾ കൂടി സമാനമായ രീതിയിൽ രാജ്യത്ത് ഇപ്പോൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ബംഗാളിലെ മാൽഡ ജില്ലയിൽ മാമ്പഴത്തോട്ടത്തിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ബലാത്സംഗം ചെയ്ത ശേഷം കത്തിച്ചതാണെന്നാണ് പോലീസ് തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
മറ്റൊരു സംഭവം നടന്നിരിക്കുന്നത് ഉത്തർപ്രദേശിലാണ്. ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയാണ് ഇവിടെ വീണ്ടും ആക്രമിക്കപ്പെട്ടത്. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ 23 കാരി ജീവനു വേണ്ടി പിടയുന്ന സാഹചര്യമാണുള്ളത്.
പീഡന കേസിലെ പ്രതികളടക്കം അഞ്ച് പേർ ചേർന്നാണ് യുവതിയെ പിടിച്ച് കൊണ്ടു പോയി തീ കൊളുത്തിയിരിക്കുന്നത്. തീഗോളമായി പ്രാണരക്ഷാർത്ഥം ഓടിയ ഈ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചിരുന്നത്.
ജനുവരിയിൽ ഈ യുവതി നൽകിയ പീഡന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് തന്നെ മാർച്ചിലായിരുന്നു. തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം ദൃശ്യം മൊബൈലിൽ പകർത്തിയെന്നതായിരുന്നു പരാതി. പിന്നീട് പ്രതികൾ അറസ്റ്റിലായെങ്കിലും നവംബർ 25 ന് അവർക്ക് ജാമ്യം ലഭിച്ചിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഇരയെ തന്നെ ഇല്ലാതാക്കാനാണ് പ്രതികൾ ശ്രമിച്ചിരിക്കുന്നത്. 
ഈ സംഭവങ്ങളെല്ലാം പരിശോധിക്കുമ്പോൾ തെലങ്കാന പൊലീസ് ഇപ്പോൾ സ്വീകരിച്ച നടപടിയെ കുറ്റം പറയാൻ കഴിയില്ല. സ്ത്രീകൾക്ക് മേൽ കൈവെക്കും മുൻപ് അക്രമകാരികൾ ഇനി പല വട്ടം ആലോചിക്കും.
ഹൈദരാബാദിൽ യുവഡോക്ടറെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസുകാർ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സമ്മിശ്ര പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. വൈകാരികമായി ചിന്തിക്കുന്ന വലിയൊരു വിഭാഗം പോലീസ് നടപടിയെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയാണ്. ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾക്ക് അർഹിച്ച ശിക്ഷ തന്നെയാണ് പോലീസ് നടപ്പാക്കിയതെന്നും ഈ നടപടി ഒരു മുന്നറിയിപ്പായി മാറുമെന്നുമാണ് ചിലർ സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്. വാളയാർ കേസ് ഹൈദരാബാദ് പോലീസിനെ ഏൽപ്പിക്കുമോയെന്നും ചിലർ ചോദിക്കുന്നു. 
ഒരു പെണ്ണിന്റെയും കണ്ണീർ ഈ ഭൂമിയിൽ വീഴാൻ പാടില്ല. അതിന് യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികളാണ് ആവശ്യം. ശിക്ഷ വിധിക്കുന്നതിൽ മാത്രമല്ല, നടപ്പാക്കുന്നതിലും ഒരിക്കലും കാലതാമസം പാടില്ല. ഇക്കാര്യത്തിൽ പോലീസ് മാത്രമല്ല, സർക്കാറും ജുഡീഷ്യറിയും ശക്തമായ ഇടപെടൽ നടത്താൻ തയ്യാറാകണം. രാജ്യം ആഗ്രഹിക്കുന്നതും അതു തന്നെയാണ്.
 

Latest News